ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ട് വിഷയത്തില്‍ മേല്‍നോട്ട സമിതിയുടെ തീരുമാനം അംഗീകരിച്ച് സുപ്രീം കോടതിയുടെ ഇടക്കാല വിധി. ഡാമില്‍ 139.5 അടി വരെ ജലനിരപ്പാകാമെന്ന് കോടതി പറഞ്ഞു.
നവംബര്‍ 10 വരെ ഈ നില തുടരാമെന്നും സാഹചര്യം അനുസരിച്ച് സമിതിക്ക് ജലനിരപ്പ് പുന:പരിശോധിക്കാമെന്നും കോടതി അറിയിച്ചു.
വിഷയത്തില്‍ നവംബര്‍ എട്ടിനകം സത്യവാങ് മൂലം നല്‍കാന്‍ കേരളത്തോടും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ജലനിരപ്പ് 142 അടിയാണെങ്കില്‍ കനത്ത മഴയുണ്ടായാലുള്ള നീരൊഴുക്ക് അണക്കെട്ടിന് താങ്ങാനാവില്ലെന്ന് കേരളം സുപ്രീംകോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
അണക്കെട്ടിന്റെ ബലക്ഷയവും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന പ്രവചനവും സുപ്രീംകോടതിയുടെ ശ്രദ്ധയില്‍ കേരളം ഇന്ന് കൊണ്ടുവന്നിരുന്നു. 139 അടിക്ക് താഴെ ജലനിരപ്പ് ക്രമീകരിച്ചാല്‍ വലിയ പ്രതിസന്ധിയുണ്ടാവില്ലെന്നും കേരളം സുപ്രീംകോടതിയില്‍ വ്യക്തമാക്കി.
അതേസമയം, ജലനിരപ്പ് താഴ്ന്നില്ലെങ്കില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് നാളെ രാവിലെ ഏഴു മണിക്ക് തുറക്കുമെന്ന് തമിഴ്‌നാട് കേരളത്തെ അറിയിച്ചതായി മന്ത്രി റോഷി അഗസ്റ്റിന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.