ചെന്നൈ: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ കത്ത്. ഇരു സംസ്ഥാനങ്ങളിലെയും ജനങ്ങളുടെ താല്‍പര്യം സംരക്ഷിക്കുമെന്ന് സ്റ്റാലിന്‍ കത്തില്‍ അറിയിച്ചു.
ഡാമിലെ നിലവിലെ അളവ് അനുവദിച്ച പരിധിക്കുള്ളിലാണെന്നും അണക്കെട്ടിലെ നിലവിലെ ലെവല്‍ സുപ്രീം കോടതിയും കേന്ദ്ര ജല കമ്മീഷനും അനുവദിച്ച പരിധിയിലാണെന്നും സ്റ്റാലിന്‍ കത്തില്‍ പറയുന്നു.
കേരളം ആവശ്യപ്പെട്ടത് പ്രകാരം പരമാവധി വെള്ളം വൈഗ ഡാമിലേക്കു കൊണ്ടുപോകുന്നുണ്ട്. ബുധനാഴ്ച രാവിലെ എട്ട് മുതല്‍ വൈഗയിലേക്ക് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് 2300 ക്യുസെക്‌സ് ആക്കിയിട്ടുണ്ട്. ജലനിരപ്പ് നിരീക്ഷിക്കുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സ്റ്റാലിന്‍ കത്തില്‍ പറയുന്നു.
ജലനിരപ്പ് നിരന്തരം നിരീക്ഷിക്കുകയാണെന്നും കേരളവുമായി ആശയ വിനിമയം തുടരുന്നതായും സ്റ്റാലിന്‍ കത്തില്‍ അറിയിച്ചു. ഡാമിലെ എല്ലാ നടപടികളും കേരളത്തെ അറിയിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് സ്റ്റാലിന്‍ വ്യക്തമാക്കി.
നേരത്തെ, മുല്ലപ്പെരിയാറില്‍ നിന്നും കൂടുതല്‍ വെള്ളം തമിഴ്‌നാട്ടിലെ വൈഗ അണക്കെട്ടിലേക്ക് തുറന്ന് വിടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് കത്തയച്ചിരുന്നു.
മുല്ലപ്പെരിയാറില്‍ നിന്നും തുരങ്കം വഴി വൈഗ അണക്കെട്ടിലേക്ക് പരമാവധി വെള്ളം വലിച്ചെടുത്ത് തുറന്നു വിടാന്‍ ബന്ധപ്പെട്ടവര്‍ക്ക് അടിയന്തര നിര്‍ദേശം നല്‍കണമെന്നാണ് പിണറായി വിജയന്‍ കത്തില്‍ പറഞ്ഞത്. ഷട്ടറുകള്‍ തുറക്കുന്നത് 24 മണിക്കൂര്‍ മുമ്പെങ്കിലും കേരള സര്‍ക്കാരിനെ അറിയിക്കണമെന്നും കത്തില്‍ പറഞ്ഞിരുന്നു.
ജലനിരപ്പ് താഴ്ന്നില്ലെങ്കില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് 29ന് രാവിലെ ഏഴു മണിക്ക് തുറക്കുമെന്ന് തമിഴ്‌നാട് കേരളത്തെ അറിയിച്ചതായി മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചിരുന്നു.
ഡാം തുറക്കുന്നതിന് മുന്‍പായുള്ള മുന്നൊരുക്കങ്ങള്‍ കേരളം ഇതിനോടകം സ്വീകരിച്ചിട്ടുണ്ടണ്ടെന്നും അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ സംസ്ഥാനം സജ്ജമാണെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു.