|

മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു. ആദ്യ സ്പില്‍വേ ഷട്ടര്‍ തുറന്നത് 7.29നാണ്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് നീരൊഴുക്ക് വര്‍ധിച്ച് 138 അടി പിന്നിട്ടതോടെയാണ് ഷട്ടര്‍ തുറന്നത്. രണ്ടാമത്തെ ഷട്ടര്‍ ഉടന്‍ തുറക്കുമെന്നാണ് വിവരം.

വള്ളക്കടവിലാണ് ആദ്യം വെള്ളം ഒഴുകിയെത്തുക. 20 മിനുട്ട് കൊണ്ട് വെള്ളം വള്ളക്കടവിലേക്ക് ഒഴുകിയെത്തുമെന്നാണ് റിപ്പോര്‍ട്ട്.

ഷട്ടര്‍ തുറക്കുന്ന സാഹചര്യത്തില്‍ രണ്ടായിരത്തിലേറെ കുടുംബങ്ങളെയാണ് ഇവിടെ നിന്ന് മാറ്റി പാര്‍പ്പിച്ചിരിക്കുന്നത്. രണ്ട് മന്ത്രിമാരടക്കമുള്ള ജനപ്രതിനിധികളും ഇവിടെ ക്യാമ്പ് ചെയ്തിരുന്നു. റവന്യൂമന്ത്രി കെ. രാജന്‍, ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ എന്നിവരാണ് പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നത്.

2018ലും മുല്ലപ്പെരിയാര്‍ അണക്കെട്ടു തുറന്നിരുന്നു.ഏലപ്പാറ പഞ്ചായത്തില്‍ പെരിയാറിന്റെ തീരത്തു താമസിക്കുന്ന 73കുടുംബങ്ങളെ മാറ്റിയിട്ടുണ്ട്. ഹെലിബറിയ വള്ളക്കടവിലാണ് കുടുംബങ്ങളെ മാറ്റിയത്. 73ല്‍ അഞ്ചു കുടുംബങ്ങളെ അടിയന്തര സുരക്ഷിത സ്ഥാനത്തേക്കും ബാക്കിയുള്ളവരെ ബന്ധു വീടുകളിലേക്കുമാണ് മാറ്റിയത്.

പഞ്ചായത്ത് സെക്രട്ടറിയും വാര്‍ഡ് മെമ്പര്‍മാരും പ്രദേശം സന്ദര്‍ശിക്കുകയും തീരദേശവാസികള്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയുംചെയ്തു.

പെരിയാറിന്റെ തീരങ്ങളില്‍ താമസിക്കുന്നവരെ മാറ്റി താമസിപ്പിക്കാനുള്ള ദുരിതാശ്വാസ ക്യാമ്പുകള്‍ വ്യാഴാഴ്ച രാവിലെ തുറന്നു. പീരുമേട്, ഇടുക്കി, ഉടുമ്പന്‍ചോല താലൂക്കുകളിലെ ഏഴു വില്ലേജുകളിലായി 20 ക്യാമ്പുകളാണ് തുറന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Mullaperiyar dam opened