ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട കേസില്‍ മേല്‍നോട്ട സമിതിക്ക് നിര്‍ണായകമായ നിര്‍ദേശങ്ങള്‍ നല്‍കി സുപ്രീം കോടതി. മേല്‍നോട്ട സമിതി ഇരു സംസ്ഥാനങ്ങള്‍ക്കും സ്വീകാര്യമാകുന്ന പരിഹാരം കണ്ടെത്തണമെന്ന് സുപ്രീം കോടതി പറഞ്ഞു.
തമിഴ്‌നാട് ഉന്നയിക്കുന്ന വിഷയങ്ങള്‍ പരിഗണിക്കണമെന്നും കോടതി നിര്‍ദേശം നല്‍കി. ജസ്റ്റിസുമാരായ സൂര്യകാന്ത്, എന്‍. കോടീശ്വര്‍ സിങ് എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചിന്റേതാണ് നിര്‍ദേശം.
മുല്ലപ്പെരിയാര്‍ വിഷയം കോടതി മുഖേന പരിഹരിക്കേണ്ട വിഷയമാണോയെന്നും കോടതി ചോദിച്ചു. മേല്‍നോട്ട സമിതി ഉള്‍പ്പെടെ വിഷയത്തില്‍ ഇടപെടുന്നില്ലേ എന്നും കോടതി നിരീക്ഷിച്ചു. 2024 ജനുവരിയിലാണ് മുല്ലപ്പെരിയാര്‍ പ്രതിസന്ധി പരിഹരിക്കാന്‍ പുതിയ മേല്‍നോട്ട സമിതിയെ നിയോഗിച്ചത്.
കേരളത്തില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നുമുള്ള പ്രതിനിധികളെ വിളിച്ചുചേര്‍ത്ത് മേല്‍നോട്ട സമിതി ചെയര്‍മാന്‍ യോഗം വിളിക്കണം. തുടര്‍ന്ന് നാലാഴ്ചയ്ക്കുള്ളില്‍ മേല്‍നോട്ട സമിതി വിഷയങ്ങളിലെ തീരുമാനങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി അറിയിച്ചു.
ഡാമുമായി ബന്ധപ്പെട്ട മറ്റ് ഹരജികള്‍ ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിന് മുന്നില്‍ ലിസ്റ്റ് ചെയ്യാനും കോടതി നിര്‍ദേശിച്ചു. ഉചിതമായ ഉത്തരവുകള്‍ക്കായി മുല്ലപ്പെരിയാറുമായ ബന്ധപ്പെട്ട മുഴുവന്‍ ഹരജികളും ഒരുമിച്ച് ചീഫ് ജസ്റ്റിസിന് മുമ്പാകെ ലിസ്റ്റ് ചെയ്യണമെന്നാണ് കോടതി നിര്‍ദേശിച്ചത്.
അതേസമയം കേരളം മുല്ലപ്പെരിയാര്‍ വിഷയം നീട്ടിക്കൊണ്ടുപോകുകയാണെന്ന് തമിഴ്‌നാട് കോടതിയില്‍ വാദിച്ചു. പഴയ ഡാം പൊളിച്ച് പുതിയത് പണിയാനാണ് കേരളം ശ്രമിക്കുന്നതെന്നും തമിഴ്‌നാട് അറിയിച്ചു.
അണക്കെട്ടിന് സമീപത്തുള്ള മരങ്ങള്‍ മുറിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഉള്‍പ്പെടെയുള്ള അനുമതി കേരള സര്‍ക്കാര്‍ റദ്ദാക്കിയെന്ന് ആരോപിച്ചാണ് തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. എന്നാല്‍ ഹരജി പരിഗണിച്ച കോടതി, മുല്ലപ്പെരിയാര്‍ വിഷയത്തിനിടെ തമിഴ്നാട്ടില്‍ എന്തെങ്കിലും ചെയ്താല്‍ കേരളം തകരുമെന്ന് ചിലര്‍ പ്രചാരണം നടത്തിയിട്ടുണ്ടെന്നും പറഞ്ഞു.
നേരത്തെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷാഭീഷണി ആശങ്ക മാത്രമാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടിയിരുന്നു. 135 വര്‍ഷത്തെ കാലവര്‍ഷം അണക്കെട്ട് മറികടന്നതാണെന്നും കോടതി പറഞ്ഞിരുന്നു.
മുല്ലപ്പെരിയാറില്‍ പുതിയ ഡാമിന് അനുമതി നല്‍കരുതെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് എഴുതിയ കത്തിലാണ് സ്റ്റാലിന്‍ ആവശ്യം ഉന്നയിച്ചത്. സുപ്രീം കോടതി ഉത്തരവ് മറികടന്നുകൊണ്ടാണ് കേരളത്തിന്റെ നീക്കമെന്നും സ്റ്റാലിന്‍ പറഞ്ഞിരുന്നു.
Content Highlight: Mullaperiyar dam dispute; Supreme Court says some people creating hype that Kerala will be devastated