ഹരീഷ് വാസുദേവന്‍
കഴിഞ്ഞ ഒരു പതിറ്റാണ്ടായി പുകയുന്ന വിഷയമാണ് മുല്ലപ്പെരിയാര്‍ ഡാമും അതിന്റെ സുരക്ഷയും. പിന്നെ, എന്താണീ വിഷയം പെട്ടെന്ന് ചൂട് പിടിച്ചതും ഇപ്പോള്‍ പൊട്ടിത്തെറിക്കുന്നതും? ഡാമിന്റെ ബലക്ഷയം സംബന്ധിച്ച റൂര്‍ക്കി ഐ.ഐ.ടി യുടെ 2009 ലെ കണ്ടെത്തലിനു ശേഷവും ആരും ഇത്ര വൈകാരികമായി പ്രതികരിച്ചിരുന്നില്ല. ഇടുക്കിയിലും മറ്റും ഉണ്ടായ തുടര്‍ചലനങ്ങള്‍ മാത്രമാണോ ഇപ്പോഴത്തെ ആശങ്കയ്ക്ക് അടിസ്ഥാനം? അല്ലെന്നാണ് ഡൂള്‍ന്യൂസ് നടത്തിയ നടത്തിയ ചെറിയ അന്വേഷണത്തില്‍ വ്യക്തമായത്.
മുല്ലപ്പെരിയാര്‍ : മലയാളിയോട് മാധ്യമങ്ങള്‍ പറയാത്തത്
സുപ്രീംകോടതി ഉന്നതാധികാര സമിതിയുടെ നിര്‍ദേശപ്രകാരം മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സെന്‍ട്രല്‍ സോയില്‍ ആന്റ് മെറ്റീരിയല്‍സ് റിസര്‍ച്ച് സ്റ്റേഷന് കഴിഞ്ഞ മാര്‍ച്ച് 15 മുതല്‍ മെയ് വരെ വിദൂര നിയന്ത്രിത ജലാന്തര്‍വാഹനം ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ഡാം ഇപ്പോള്‍ നില്‍ക്കുന്നത് ഏറ്റവും അപകടകരമായ സ്ഥിതിയിലാണെന്ന് ചൂണ്ടിക്കാണിക്കുന്നു.
പഠനം നടത്തിയ സംഘത്തില്‍പ്പെട്ട അന്തര്‍ സംസ്ഥാന ജല ഉപദേശക സമിതി അംഗമായ റിട്ട ചീഫ് എഞ്ചിനീയര്‍ എം ശശിധരന്‍ ഈ വിഷയത്തിന്റെ ഗൗരവത്തെക്കുറിച്ച് ജലവിഭവമന്ത്രി പി.ജെ ജോസഫിനു ഒരു റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ആ രഹസ്യ റിപ്പോര്‍ട്ടിന്‍റെ കോപ്പി എനിക്ക് ലഭിച്ചിട്ടുണ്ട്.
2011 മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ നടന്ന പരിശോധനയെക്കുറിച്ച് ജൂണ്‍ 13 നാണ് ശശിധരന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പഠന റിപ്പോര്‍ട്ട് സുപ്രീംകോടതി ഉന്നതാധികാര സമിതി ഔദ്യോഗികമായി പ്രസിദ്ധീകരിക്കും മുന്‍പ് പൊതുജനങ്ങളുടെ അറിവിലേക്കായി സമര്‍പ്പിക്കുന്നത് നിയമപരമായി നിരോധിക്കപ്പെട്ടിട്ടുണ്ടെങ്കിലും കേരളത്തിലെ ജനങ്ങളുടെ സുരക്ഷയെ കരുതി പൊതുതാല്‍പ്പര്യം മുന്‍നിര്‍ത്തിയാണ് താനിപ്പോള്‍ കേരളത്തെ ഇതെല്ലാം അറിയിക്കുന്നത് എന്ന് ഈ റിപ്പോര്‍ട്ടിന്‍റെ ആമുഖമായി പറയുന്നു. എന്നാല്‍ ഏറ്റവും അത്ഭുതകരമായ കാര്യം മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ അപകടാവസ്ഥയെക്കുറിച്ച് ശാസ്ത്രീയമായി പഠിച്ച് നല്‍കിയ റിപ്പോര്‍ട്ടിന്മേല്‍ സര്‍ക്കാര്‍ നാളിതുവരെ ഒരു നടപടിയെടുമെടുത്തില്ലെന്നതാണ്. ഇങ്ങിനെയൊരു റിപ്പോര്‍ട്ടിനെക്കുറിച്ച് പോലും സര്‍ക്കാര്‍ ഇതുവരെ മിണ്ടിയിട്ടില്ല. ഇന്ന് തിരുവനന്തപുരത്ത് മന്ത്രിസഭാ യോഗ തീരുമാനം വിശദീകരിക്കവെ മാധ്യപ്രവര്‍ത്തകര്‍ ഈ റിപ്പോര്‍ട്ടിനെക്കുറിച്ച് ചോദിച്ചെങ്കിലും മുഖ്യമന്ത്രി ചിരിച്ചുകൊണ്ട് ഒഴിഞ്ഞുമാറുകയായിരുന്നു.
മുല്ലപ്പെരിയാറിന്റെ സുരക്ഷ എത്രമാത്രം അപകടത്തിലാണ് എന്ന് ശാസ്ത്രീയമായി തെളിയിക്കുന്ന റിപ്പോര്‍ട്ട് ലഭിച്ചിട്ടും ആറ് മാസക്കാലം സര്‍ക്കാര്‍ തിരിഞ്ഞുനോക്കിയില്ലെന്നതാണ് ഏറെ അത്ഭുതകരം. അതിവേഗം ബഹുദൂരം എന്ന മുദ്രാവാക്യവുമായി ഭരണത്തില്‍ ഏറിയ സര്‍ക്കാരാണ് ഈ റിപ്പോര്‍ട്ടിന്മേല്‍ നടപടിയെടുക്കാന്‍ അഞ്ച് മാസം വൈകിയത് എന്നത് സര്‍ക്കാരിന്റെയും പ്രത്യേകിച്ച് ജലവിഭവ വകുപ്പ് മന്ത്രിയായ പി. ജെ ജോസഫിന്റെ ഗൌരവമായ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്. തുടര്‍ ഭൂചലനം സൃഷ്ടിച്ച ഭീതി മൂലം നാട്ടുകാര്‍ സമരവുമായി രംഗത്തിറങ്ങിയ ശേഷമാണ് ഇപ്പോള്‍ സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നത് എന്നത് മുഖ്യധാരാ മാധ്യമങ്ങളും പറയുന്നില്ല.
ഇടുക്കി, എറണാകുളം, ആലപ്പുഴ, കോട്ടയം ജില്ലകളിലെ 35 ലക്ഷത്തോളം ആളുകളുടെ ജീവനെ ദോഷകരമായി ബാധിക്കാന്‍ സാധ്യതയുള്ള ഒരു വിഷയം, തന്‍റെ ജോലിയെപ്പോലും ബാധിക്കുമായിരുന്നിട്ടും എം.ശശിധരന്‍ എന്ന ഉദ്യോഗസ്ഥന്‍ പൊതു താല്‍പ്പര്യം മുന്‍നിര്‍ത്തി സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ആ റിപ്പോര്‍ട്ടിന്മേല്‍ നടപടിയെടുക്കാതെ കുറ്റകരമായ അലംഭാവം കാണിച്ച സര്‍ക്കാരിന്‍റെ ആ വീഴ്ചയ്ക്ക് ആരാണ് ജനങ്ങളോട് മറുപടി പറയുക? ഈ ഭീഷണി നിലനില്‍ക്കുമ്പോള്‍ ജൂലൈ,ആഗസ്റ്റ്, സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ സര്‍ക്കാര്‍ എന്തു ചെയ്യുകയായിരുന്നു? ബാലകൃഷ്ണപിള്ളയെ എങ്ങനെ പുറത്തിറക്കാം, ചട്ടവിരുദ്ധമായി എങ്ങനെ നിര്‍മ്മല്‍ മാധവിനു സീറ്റ് നല്‍കാം, എങ്ങനെ കൂടുതല്‍ ബാര്‍ ലൈസന്‍സുകള്‍ അനുവദിക്കാം, രാധാകൃഷ്ണ പിള്ളമാരെ എങ്ങനെ സംരക്ഷിക്കാം, ടോമിന്‍ തച്ചങ്കരിയെ എങ്ങനെ തിരിച്ചെടുക്കാം എന്നീ വിഷയങ്ങളില്‍ ഗവേഷണം നടത്തുകയായിരുന്നു എന്നാരെങ്കിലും പറഞ്ഞാല്‍ അവരെ കുറ്റം പറയാനാകില്ല. “ജനസമ്പര്‍ക്ക യാത്ര”യുടെ പേരില്‍ വില്ലേജ് ഓഫീസറുടെ വരെ ജോലിഏറ്റെടുത്തു ചെയ്യുന്ന ഉമ്മന്‍ചാണ്ടി, ഒരു സംസ്ഥാനത്തെത്തന്നെ ദോഷകരമായി ബാധിക്കുന്ന ഇത്തരം വിഷയങ്ങളില്‍ മുഖ്യമന്ത്രിയുടെ പണി ആരാണ് ചെയ്യേണ്ടത് എന്നതിന് മറുപടി പറഞ്ഞേ തീരൂ.