| Sunday, 4th April 2021, 10:16 am

മറ്റുള്ളവരെ തള്ളിയിട്ട് രക്ഷപ്പെടുന്ന ക്യാപ്റ്റനാണ് പിണറായി വിജയന്‍; പിണറായിക്കെതിരെ പാര്‍ട്ടിയില്‍ കലാപമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. സി.പി.ഐ.എമ്മില്‍ പിണറായി വിജയന്‍ എന്ന ഏകാധിപതിയ്‌ക്കെതിരെ വന്‍ പടയൊരുക്കമാണ് നടക്കുന്നതെന്ന് മുല്ലപ്പള്ളി ആരോപിച്ചു.

പിണറായി വിജയന്‍ പാര്‍ട്ടിയ്ക്കുള്ളില്‍ ഒറ്റപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും നല്ല കമ്മ്യൂണിസ്റ്റുകള്‍ ഈ തെരഞ്ഞെടുപ്പില്‍ പിണറായിക്കെതിരെ പ്രതികരിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു. മീഡിയ വണ്ണിനോടായിരുന്നു മുല്ലപ്പള്ളിയുടെ പ്രതികരണം.

മുഖ്യമന്ത്രി പിണറായി വിജയനെ ക്യാപ്റ്റന്‍ എന്ന് വിശേഷിപ്പിക്കുന്നതില്‍ സി.പി.ഐ.എം നേതാവ് പി.ജയരാജന്‍ നടത്തിയ പരാമര്‍ശത്തെക്കുറിച്ചും മുല്ലപ്പള്ളി പ്രതികരിച്ചു.

‘പി. ജയരാജനുമായി എനിക്ക് അഭിപ്രായ വ്യത്യാസമുണ്ട്. അദ്ദേഹത്തിന് രണ്ട് ചലനമറ്റ കൈകളാണുള്ളത്. എന്താണ് കാരണം. അക്രമരാഷ്ട്രീയം. ഈ അക്രമ രാഷ്ട്രീയം അവസാനിപ്പിക്കണമെന്നാണ് ഞാന്‍ പറഞ്ഞത്. പക്ഷെ പാര്‍ട്ടിക്കുള്ളില്‍ ഒരു കലാപം, ഒരു പടയൊരുക്കം ഇപ്പോള്‍ നടക്കുന്നു. പി. ജയരാജന്‍ മാത്രമല്ല. ഇ.പി ജയരാജനുമുണ്ട്. കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന ഇന്നത്തെ മാധ്യമങ്ങളില്‍ അച്ചടിച്ച് വന്നിട്ടുണ്ട്. ഞങ്ങളുടെ പാര്‍ട്ടിയില്‍ ക്യാപ്റ്റനില്ല. ഞങ്ങള്‍ സഖാക്കളാണ് എന്നാണ്. ഇതു തന്നെയാണ് പി.ജയരാജനും പറഞ്ഞത്. പാര്‍ട്ടിക്കുള്ളില്‍ പിണറായി വിജയനെന്ന ഏകാധിപതി ഒറ്റപ്പെട്ടിരിക്കുന്നു. ആ ക്യാപ്റ്റനെതിരെയാണ് പടയൊരുക്കം നടക്കുന്നത്. ലാഘവബുദ്ധിയോടെ കാണരുത് ഇതിനെ. ആശയപരമായ സമരമാണ് അവര്‍ നടത്തിക്കൊണ്ടിരിക്കുന്നത്,’ മുല്ലപ്പള്ളി പറഞ്ഞു.

സ്റ്റാലിന്റെയും ഹിറ്റ്‌ലറുടെയും കോംപ്ലക്‌സാണ് പിണറായിയ്ക്ക് എന്നും മറ്റുള്ളവരെ തള്ളിയിട്ട് രക്ഷപ്പെടുന്ന ക്യാപ്റ്റനാണ് മുഖ്യമന്ത്രിയെന്നും മുല്ലപ്പള്ളി പറഞ്ഞു.

മുഖ്യമന്ത്രിയെ പിണറായി വിജയനെ ക്യാപ്റ്റന്‍ എന്ന വിശേഷണം നല്‍കി നടക്കുന്ന പ്രചരണങ്ങളില്‍ പ്രതികരണവുമായി സി.പി.ഐ.എം നേതാവ് പി. ജയരാജന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയത് ചര്‍ച്ചയായിരുന്നു.

എല്ലാവരും സഖാക്കളാണ്. പാര്‍ട്ടിയാണ് ക്യാപ്റ്റന്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ചിലര്‍ പാട്ടെഴുതി ഇഷ്ടം പ്രകടിപ്പിക്കും. ചിലര്‍ ഫോട്ടോ വെച്ച് ഇഷ്ടം പ്രകടിപ്പിക്കും. ചിലര്‍ ടാറ്റു ചെയ്ത് ഇഷ്ടം പ്രകടിപ്പിക്കും. എന്നാല്‍ കമ്യൂണിസ്റ്റുകാര്‍ വ്യക്തിപൂജയില്‍ അഭിരമിക്കുന്നവരല്ലെന്നും പി. ജയരാജന്‍ പറഞ്ഞിരുന്നു.

അതേസമയം ക്യാപ്റ്റന്‍ വിളി അറിഞ്ഞിരുന്നോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ആളുകള്‍ക്ക് താത്പര്യം വരുമ്പോള്‍ അങ്ങനെ പലതും വിളിക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഇക്കാര്യത്തില്‍ ആശയക്കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കേണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: Mullapally Ramachandran Slams Pinarayi Vijayan

We use cookies to give you the best possible experience. Learn more