| Monday, 25th July 2022, 7:46 pm

ചില വാര്‍ത്തകള്‍ അങ്ങേയറ്റം മനോവ്യഥയുണ്ടാക്കി; ചിന്തന്‍ ശിബിരില്‍ പങ്കെടുക്കാതിരുന്നതിന്റെ കാരണം സോണിയ ഗാന്ധിയെ അറിയിക്കും: മുല്ലപ്പള്ളി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിബിരുമായി ബന്ധപ്പെട്ട് ചില കേന്ദ്രങ്ങളില്‍ നിന്ന് വരുന്ന വാര്‍ത്തകള്‍ തെറ്റിദ്ധാരണ പരത്തുന്നതാണെന്ന് കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്‍. അതില്‍ അങ്ങേയറ്റം മനോവ്യഥ തനിക്കുണ്ടായിട്ടുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു. ചിന്തന്‍ ശിബിരില്‍
പങ്കെടുക്കാതിരുന്നതിന്റെ കാരണം മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തുന്നില്ലെന്നും അത് സോണിയഗാന്ധിയെ അറിയിക്കുമെന്നും മുല്ലപ്പള്ളി മാധ്യമങ്ങളോട് പ്രതികരിച്ചു.

അച്ചടക്കമുള്ള പാര്‍ട്ടിപ്രവര്‍ത്തകനാണ് താന്‍. നാളത്തെ കോണ്‍ഗ്രസിന്റെ റോഡ് മാപ്പ് തയ്യാറാക്കിയ ചിന്തന്‍ ശിബിരാണ് നടന്നത്. അതിനെ സ്വാഗതം ചെയ്യുന്നു. ബ്രെയിന്‍ സ്റ്റോമിങ് സെഷനാണ് നടന്നത്. അതിന്റെ പ്രാധാന്യം തനിക്കറിയാം. കഴിഞ്ഞ 50 വര്‍ഷത്തിലേറെയായി ഏറെ അടുപ്പമുള്ള നഗരമാണ് കോഴിക്കോട്. താന്‍ കളിച്ചുവളര്‍ന്ന, തന്റെ വീടുപോലുള്ള കോഴിക്കോട് നടന്ന കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിബിരില്‍ പങ്കെടുക്കാനാവാത്തതില്‍ അതീവ ദുഖമുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു. ആഗ്രഹിക്കുന്ന ലക്ഷ്യസ്ഥാനത്തേക് പാര്‍ട്ടിക്ക് എത്താന്‍ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രതിസന്ധിക്കാലത്ത് എല്ലാവരെയും ചേര്‍ത്ത് നിര്‍ത്തി കൊണ്ടുപോകണം. ആരെങ്കിലും പോയാല്‍ പോകട്ടെ എന്ന നിലപാട് അല്ല പാര്‍ട്ടി സ്വീകരിക്കേണ്ടത്. അണ്ണാറക്കണ്ണനും തന്നാലായത് എന്ന കാര്യം മനസിലാക്കി എല്ലാവരെയും ഒന്നിച്ചുകൊണ്ടു പോകണമെന്നും മുല്ലപ്പള്ളി പറഞ്ഞു.

കോഴിക്കോട് ഡി.സി.സി പ്രസിഡന്റാണ് തന്നെ ചിന്തന്‍ ശിബിരിലേക്ക് ക്ഷണിച്ചത്. ഒരു നേതാക്കളോടും പ്രവര്‍ത്തകരോടും വ്യക്തിവൈരാഗ്യമില്ല. ബാക്കി കാര്യങ്ങളൊന്നും ഇപ്പോള്‍ പറയുന്നില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

ദേശീയ പ്രവര്‍ത്തക സമിതി അംഗം എ.കെ. ആന്റണി, മുന്‍ കെ.പി.സി.സി പ്രസിഡന്റുമാരായ വി.എം. സുധീരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരാണ് കോഴിക്കോട് കഴിഞ്ഞ ദിവസം നടന്ന ചിന്തന്‍ ശിബിരത്തില്‍ പങ്കെടുക്കാതിരുന്നത്.

കെ.പി.സി.സി ഭാരവാഹികള്‍ക്കു പുറമേ ഡി.സി.സി പ്രസിഡന്റുമാരും പോഷകസംഘടനാ ഭാരവാഹികളുമടക്കം 200ഓളം പ്രതിനിധികളാണ് കോഴിക്കോട് ബീച്ചിന് സമീപമുള്ള ആസ്പിന്‍കോര്‍ട്ട് യാര്‍ഡില്‍ നടക്കുന്ന ചിന്തിന്‍ ശിബിരില്‍ പങ്കെടുത്തത്.

ഉദയ്പൂര്‍ ചിന്തന്‍ ശിബിരിന്റെ മാതൃകയിലായിരുന്നു ചര്‍ച്ചകള്‍. കെ. സുധാകരനും വി.ഡി. സതീശനും നേതൃനിരയില്‍ വന്ന ശേഷം പാര്‍ട്ടിയുടെയും പോഷക സംഘടനകളുടെയും നേതാക്കള്‍ ഒരുമിച്ചെത്തുന്ന വേദിയെന്ന നിലയിലുള്ള ശൈലീമാറ്റമടക്കം കാര്യമായ ചര്‍ച്ചയായി.

CONTENT HIGHLIGHTS: Mullapally Ramachandran said that the news coming from some centers regarding the Congress’ Chintan Shibir is misleadi

We use cookies to give you the best possible experience. Learn more