കോഴിക്കോട്: കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിബിരുമായി ബന്ധപ്പെട്ട് ചില കേന്ദ്രങ്ങളില്‍ നിന്ന് വരുന്ന വാര്‍ത്തകള്‍ തെറ്റിദ്ധാരണ പരത്തുന്നതാണെന്ന് കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്‍. അതില്‍ അങ്ങേയറ്റം മനോവ്യഥ തനിക്കുണ്ടായിട്ടുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു. ചിന്തന്‍ ശിബിരില്‍
പങ്കെടുക്കാതിരുന്നതിന്റെ കാരണം മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തുന്നില്ലെന്നും അത് സോണിയഗാന്ധിയെ അറിയിക്കുമെന്നും മുല്ലപ്പള്ളി മാധ്യമങ്ങളോട് പ്രതികരിച്ചു.
അച്ചടക്കമുള്ള പാര്‍ട്ടിപ്രവര്‍ത്തകനാണ് താന്‍. നാളത്തെ കോണ്‍ഗ്രസിന്റെ റോഡ് മാപ്പ് തയ്യാറാക്കിയ ചിന്തന്‍ ശിബിരാണ് നടന്നത്. അതിനെ സ്വാഗതം ചെയ്യുന്നു. ബ്രെയിന്‍ സ്റ്റോമിങ് സെഷനാണ് നടന്നത്. അതിന്റെ പ്രാധാന്യം തനിക്കറിയാം. കഴിഞ്ഞ 50 വര്‍ഷത്തിലേറെയായി ഏറെ അടുപ്പമുള്ള നഗരമാണ് കോഴിക്കോട്. താന്‍ കളിച്ചുവളര്‍ന്ന, തന്റെ വീടുപോലുള്ള കോഴിക്കോട് നടന്ന കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിബിരില്‍ പങ്കെടുക്കാനാവാത്തതില്‍ അതീവ ദുഖമുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു. ആഗ്രഹിക്കുന്ന ലക്ഷ്യസ്ഥാനത്തേക് പാര്‍ട്ടിക്ക് എത്താന്‍ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതിസന്ധിക്കാലത്ത് എല്ലാവരെയും ചേര്‍ത്ത് നിര്‍ത്തി കൊണ്ടുപോകണം. ആരെങ്കിലും പോയാല്‍ പോകട്ടെ എന്ന നിലപാട് അല്ല പാര്‍ട്ടി സ്വീകരിക്കേണ്ടത്. അണ്ണാറക്കണ്ണനും തന്നാലായത് എന്ന കാര്യം മനസിലാക്കി എല്ലാവരെയും ഒന്നിച്ചുകൊണ്ടു പോകണമെന്നും മുല്ലപ്പള്ളി പറഞ്ഞു.