'വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ധാരണയുണ്ടാക്കിയത് മുല്ലപ്പള്ളി തന്നെ'; ഇപ്പോള്‍ അവസരവാദ രാഷ്ട്രീയം കളിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ്: ഹമീദ് വാണിയമ്പലം
Kerala News
'വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ധാരണയുണ്ടാക്കിയത് മുല്ലപ്പള്ളി തന്നെ'; ഇപ്പോള്‍ അവസരവാദ രാഷ്ട്രീയം കളിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ്: ഹമീദ് വാണിയമ്പലം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 10th January 2021, 11:57 am

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫുമായി നീക്കുപോക്കുണ്ടാക്കിയത് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളിയടക്കമുള്ള നേതാക്കളെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി.

പിന്നീട് കെ.പി.സി.സി പ്രസിഡന്റ് അവസരവാദ രാഷ്ട്രീയം കളിച്ചെന്ന് വെല്‍ഫെര്‍ പാര്‍ട്ടി നേതാവ് ഹമീദ് വാണിയമ്പലം പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫുമായി സഖ്യമില്ല. സഹകരണം തദ്ദേശ തെരഞ്ഞടുപ്പില്‍ മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനുമായി ചര്‍ച്ച നടത്തിയാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ നീക്കുപോക്കുണ്ടാക്കിയത്. അദ്ദേഹം ഉത്തരവാദിത്തപ്പെട്ട ഒരു നേതാവാണ്. ഇപ്പോള്‍ തങ്ങളെ പഴിചാരി രക്ഷപ്പെടാനാണ് മുല്ലപ്പള്ളി ശ്രമിക്കുന്നത്, ഹമീദ് വാണിയമ്പലം പറഞ്ഞു.

ജമാഅത്തെ ഇസ്‌ലാമിയുമായുള്ള രാഷ്ട്രീയ ബന്ധം അരുതെന്ന അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നിലപാടാണ് താന്‍ ഉയര്‍ത്തിപ്പിടിച്ചതെന്ന് നിരന്തരം ആവര്‍ത്തിച്ച നേതാവാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

ഈ പശ്ചാത്തലത്തില്‍ ഹമീദ് വാണിയമ്പലത്തിന്റെ വെളിപ്പെടുത്തലുകള്‍ കോണ്‍ഗ്രസില്‍ വലിയ രീതിയിലുള്ള പൊട്ടിത്തെറികള്‍ക്ക് ഇടയാക്കിയേക്കാം.

” നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു മുന്നണിയുടെ മുന്‍പിലും ഞങ്ങള്‍ നീക്കുപോക്കിനു വേണ്ടിയിട്ടോ, അല്ലെങ്കില്‍ സഖ്യം ചേരാന്‍ വേണ്ടിയിട്ടോ അതല്ലെങ്കില്‍ യു.ഡി.എഫിലേക്കുള്ള ഒരു പ്രവേശനത്തിന് വേണ്ടിയിട്ടോ പോയിട്ടില്ല.

മതേതര സ്വഭാവമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഞങ്ങളോട് സംസാരിക്കാം” ഹമീദ് വാണിയമ്പലം പറഞ്ഞു.

വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള സഖ്യത്തില്‍ ആദ്യഘട്ടം മുതല്‍ എതിര്‍പ്പ് ഉന്നയിച്ച് പരസ്യമായി രംഗത്ത് വന്നത് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനാണ്.

ഈ ഘട്ടത്തിലാണ് ഈ ധാരണയുണ്ടാക്കിയതിന് പിന്നില്‍ മുല്ലപ്പള്ളിയടക്കമുള്ള നേതാക്കളാണെന്ന് ഹമീദ് വാണിയമ്പലം പറയുന്നത്.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് ഏറ്റവും കൂടുതല്‍ പ്രതിരോധത്തിലായത് വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള നീക്കുപോക്കുമായി ബന്ധപ്പെട്ടാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Mullapally Ramachandran initiated for welfare party alliance in Kerala Local Body election