കൊച്ചി: തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്‌നോളജിയുടെ രണ്ടാമത്തെ ക്യാംപസിന് ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ എം.എസ് ഗോള്‍വാക്കറിന്റെ പേര് നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചെന്ന വാര്‍ത്ത ഞെട്ടലോടെയാണ് കേട്ടതെന്ന് മുന്‍മന്ത്രിയും എം.എല്‍.എയുമായ മുല്ലക്കര രത്‌നാകരന്‍. രാജ്യത്തിന്റെ ചരിത്രത്തില്‍ത്തന്നെ ഇത്രയധികം വെറുപ്പ് പ്രചരിപ്പിച്ച മറ്റൊരു വ്യക്തിയുണ്ടാകാന്‍ വഴിയില്ലെന്നും മുല്ലക്കര പറഞ്ഞു.
‘ജര്‍മ്മനി അതിന്റെ വംശത്തിന്റെയും സംസ്‌കാരത്തിന്റെയും പരിശുദ്ധി കാത്തുസൂക്ഷിക്കുന്നതിന് വേണ്ടി അവിടുത്തെ സെമിറ്റിക് വംശങ്ങളെ- ജൂതന്‍മാരെ- ഉന്‍മൂലനം ചെയ്തുകൊണ്ട് ലോകത്തെ ഞെട്ടിച്ചു. വംശാഭിമാനം അതിന്റെ പരമകാഷ്ഠയില്‍ പ്രത്യക്ഷീഭവിക്കുകയായിരുന്നു അവിടെ.
ഹിന്ദുസ്ഥാനിലെ നമുക്ക് പഠിക്കുകയും പ്രയോജനപ്പെടുത്തുകയും ചെയ്യാവുന്ന നല്ലൊരു പാഠമാണിത്.’ എന്നായിരുന്നു അറുപത് ലക്ഷം ജൂതന്മാരെ വംശഹത്യ ചെയ്ത സംഭവത്തെക്കുറിച്ച് ഗോള്‍വള്‍ക്കര്‍ തന്റെ ‘നമ്മള്‍ അല്ലെങ്കില്‍ നമ്മുടെ ദേശീയത നിര്‍വ്വചിക്കപ്പെടുന്നു’ (We or Our Nationhood Defined) എന്ന ഗ്രന്ഥത്തില്‍ പ്രതിപാദിച്ചത്.
മുസ്‌ലീങ്ങളും ക്രിസ്ത്യാനികളും കമ്മ്യൂണിസ്റ്റുകളും രാജ്യത്തിന്റെ ശത്രുക്കളാണെന്നും അഹിന്ദുക്കള്‍ക്ക് രണ്ടാം തരം പദവിയേ കൊടുക്കാന്‍ പാടുള്ളൂവെന്നും തുറന്നു പറഞ്ഞ ഹിന്ദുരാഷ്ട്രവാദിയും വംശീയവാദിയുമായിരുന്നു അയാള്‍.
1960 ഡിസംബര്‍ 17-ന് ഗോള്‍വള്‍ക്കര്‍ ഗുജറാത്ത് സര്‍വ്വകലാശാലയിലെ സാമൂഹ്യശാസ്ത്ര വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്തുകൊണ്ട് നടത്തിയ പ്രസംഗത്തില്‍ കേരളത്തില്‍ തന്റെ പൂര്‍വ്വികരായ നമ്പൂതിരി ബ്രാഹ്മണര്‍ നടത്തിയ ‘ വര്‍ണ്ണസങ്കലന പരീക്ഷണത്തെക്കുറിച്ച്” ഊറ്റം കൊള്ളുന്നുണ്ട്.
കേരളത്തിലെ മറ്റ് ”അധഃസ്ഥിത വിഭാഗങ്ങള്‍”ക്കിടയില്‍ മികച്ച ഒരു മനുഷ്യവര്‍ഗത്തെ സൃഷ്ടിക്കാനുള്ള പരീക്ഷണമായിരുന്നു അതെന്നാണ് ഗോള്‍വള്‍ക്കര്‍ അവിടെ അഭിമാനത്തോടെ പറഞ്ഞത്. കേരളത്തിലെ ജനങ്ങളെയൊന്നാകെ അപമാനിച്ച ഈ മനുഷ്യനെ നമ്മുടെ തലസ്ഥാനത്ത് കെട്ടിയിറക്കാനുള്ള സംഘപരിവാറിന്റെ ശ്രമം തീര്‍ച്ചയായും ചെറുക്കപ്പെടേണ്ടതുണ്ട്.
ശ്രീനാരായണഗുരുവും അയ്യങ്കാളിയും ചട്ടമ്പിസ്വാമികളും വൈകുണ്ഠ സ്വാമിയുമെല്ലാം നവോത്ഥാനത്തിന്റെ ആശയങ്ങള്‍ പാകി അത് പുഷ്പിച്ച് നില്‍ക്കുന്ന ഈ മണ്ണിലേയ്ക്ക് ഇത്തരം വിഷവിത്തുകള്‍ പാകാന്‍ ആരെയും അനുവദിക്കരുത്.
കേരളത്തിന്റെ തലസ്ഥാനത്ത് ഒരു ശാസ്ത്രഗവേഷണ സ്ഥാപനമുണ്ടെങ്കില്‍ അതിന് നല്‍കാന്‍ വേണ്ടത്ര പേരുകള്‍ ഇന്നാട്ടില്‍ത്തന്നെയുണ്ട്. കേരളത്തില്‍ ക്യാന്‍സറിനെയും വൈറല്‍ രോഗങ്ങളെയും കുറിച്ച് ഗവേഷണം നടത്തുന്ന ഒരു സ്ഥാപനത്തിന് നല്‍കാന്‍ ഏറ്റവും അനുയോജ്യമായത് ഡോക്ടര്‍ പല്പുവിന്റെ പേരാണ്.
മെഡിക്കല്‍ പഠനം കഴിഞ്ഞുവന്നപ്പോള്‍ ജോലി കൊടുക്കാതെ തെങ്ങുചെത്താനായിരുന്നു പല്‍പ്പുവിനോട് അന്നത്തെ ജാതീയ ഭരണകൂടം പറഞ്ഞത്. പക്ഷേ പല്‍പ്പു തെങ്ങുചെത്തിയില്ല. മൈസൂരിലെ വാക്‌സിന്‍ നിര്‍മ്മാണശാലയുടെ മേല്‍നോട്ടക്കാരനായി. ഗോവസൂരിക്കെതിരായ അന്താരാഷ്ട്ര നിലവാരത്തിലുള്ള വാക്‌സിന്‍ പല്‍പ്പു നിര്‍മ്മിച്ചു.
1896 ല്‍ ബാംഗ്ലൂര്‍ നഗരത്തെ വിറപ്പിച്ച പ്ലേഗുബാധ വന്നപ്പോള്‍ സ്വന്തം ജീവന്‍ പോലും വിലവെയ്ക്കാതെ അദ്ദേഹം അതിനെതിരെ പോരാടി. ശ്മശാനങ്ങളില്‍ വരെ അദ്ദേഹം ജോലിയെടുത്തു. പിന്നീട് മൈസൂരില്‍ പ്ലേഗ് പടര്‍ന്നപ്പോഴും അദ്ദേഹം സേവനം നല്‍കി. മൈസൂരിലെ ലിംഫ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയരക്റ്ററായിട്ടാണ് അദ്ദേഹം വിരമിക്കുന്നത്.
മെഡിക്കല്‍ രംഗത്തെ തന്റെ സേവനങ്ങള്‍ തുടരുന്ന കാലത്ത് തന്നെ തിരുവിതാംകൂറില്‍ താന്‍ നേരിട്ട ജാതിവിവേചനത്തിനെതിരെ പോരാടി അധഃസ്ഥിതര്‍ക്ക് അവസരം നേടിക്കൊടുക്കാന്‍ അശ്രാന്തം പരിശ്രമിക്കുകയും ചെയ്ത മഹാനുഭാവനായിരുന്നു അദ്ദേഹം.
ഡോ. പല്‍പ്പുവിന്റെ പേരില്‍ ഒരു ആരോഗ്യഗവേഷണ സ്ഥാപനം ഉണ്ടാകുക എന്നത് ഓരോ മലയാളിയുടെയും ആവശ്യമാണ്. നാം അതിനായി നിലകൊള്ളണമെന്നും മുല്ലക്കര രത്‌നാകരന്‍ പറഞ്ഞു.
രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയുടെ രണ്ടാമത്തെ ക്യാംപസിന് ആര്‍.എസ്.എസ് മുന്‍ സര്‍സംഘചാലക് എം.എസ് ഗോള്‍വാള്‍ക്കറുടെ പേരിടാനുള്ള തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് നേതാവും എം.പിയുമായ ശശി തരൂരും രംഗത്തെത്തിയിരുന്നു.
വര്‍ഗീയത എന്ന രോഗം പ്രോത്സാഹിപ്പിച്ചു എന്നതല്ലാതെ എം.എസ് ഗോള്‍വാള്‍കര്‍ക്ക് ശാസ്ത്രവുമായി എന്താണ് ബന്ധമെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ലെന്നും ഗോള്‍വാള്‍ക്കര്‍ എന്ന ഹിറ്റ്‌ലര്‍ ആരാധകന്‍ ഓര്‍മ്മിക്കപ്പെടേണ്ടത് 1966ല്‍ വി.എച്ച്.പി.യുടെ ഒരു പരിപാടിയില്‍ അദ്ദേഹം നടത്തിയ ‘മതത്തിന് ശാസ്ത്രത്തിന് മേല്‍ മേധാവിത്വം വേണമെന്ന’ പരാമര്‍ശത്തിന്റെ പേരിലല്ലേയെന്നും തരൂര്‍ ചോദിച്ചു.
ഒരു പ്രാദേശിക നായകനെ താന്‍ നിര്‍ദ്ദേശിക്കുകയാണെന്ന് പറഞ്ഞ് ബാക്ടീരിയോളജിസ്റ്റും സാമൂഹിക പരിഷ്‌കര്‍ത്താവുമായ ഡോ. പി. പല്‍പുവിനെ കുറിച്ചുള്ള ഒരു ലേഖനവും ശശി തരൂര്‍ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.