| Tuesday, 26th January 2016, 9:16 am

തെഹ്‌രീകെ താലിബാന്‍ നേതാവ് മുല്ല ഫസലുല്ല കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇസ്‌ലാമാബാദ്:  തെഹ്‌രീകെ താലിബാന്‍-പാകിസ്ഥാന്‍ (ടി.ടി.പി) നേതാവ് മുല്ല ഫസലുല്ല യു.എസ് ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. അഫ്ഗാനിലെ നന്‍ഗര്‍ഹാര്‍ മേഖലയിലുള്ള വീടിന് നേര്‍ക്ക് നടത്തിയ ആക്രമണത്തിലാണ് ഫസലുല്ല കൊല്ലപ്പെട്ടതെന്നാണ് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2014ല്‍ നിരവധി തവണ മുല്ല ഫസലുല്ല കൊല്ലപ്പെട്ടതായി വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു.

പെഷവാര്‍ സൈനിക സ്‌കൂള്‍ ആക്രമണത്തിന് പിന്നിലും ബച്ചാഖാന്‍ സര്‍വകലാശാലയില്‍ നടന്ന ആക്രമണത്തിന് പിന്നിലും പാക് താലിബാനായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ പാക് സര്‍ക്കാര്‍ ഫസലുല്ലയെ പിടികൂടാനുള്ള ശ്രമത്തിലായിരുന്നു.

2013ല്‍ ടി.ടി.പി തലവനായിരുന്ന ഹക്കീമുല്ല മെഹ്‌സൂദ് കൊല്ലപ്പെട്ടതിന് ശേഷം 2013ലാണ് മുല്ല ഫസലുല്ല ഭീകര സംഘടനയുടെ ചുമതലയേറ്റിരുന്നത്. കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തില്‍ ഫസലുല്ലയുടെ ഭാര്യയും കൊല്ലപ്പെട്ടതായി സംശയിക്കപ്പെടുന്നുണ്ട്. “റേഡിയോ മുല്ല” എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന മുല്ല ഫസലുല്ലയാണ് 2012ല്‍ മലാല യൂസഫ് സായിയെ കൊലപ്പെടുത്താന്‍ ഉത്തരവിട്ടത്.

പാകിസ്ഥാനിലെ സ്വാത് താഴ്‌വരയില്‍ താലിബാന്റെ നേതൃത്വത്തില്‍ സമാന്തര ഭരണം നടക്കുന്നത് മുല്ല ഫസലുല്ലയ്ക്ക് കീഴിലാണ്.

We use cookies to give you the best possible experience. Learn more