കാബൂള്‍: അഫ്ഗാനില്‍ ഇടക്കാല സര്‍ക്കാര്‍ രൂപീകരിച്ചതിന് ശേഷവും താലിബാനില്‍ ഉടലെടുത്ത ആഭ്യന്തര കലഹം രൂക്ഷമാവുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. പ്രസിഡന്‍ഷ്യല്‍ പാലസില്‍ താലിബാനും ഹഖാനി നെറ്റ്‌വര്‍ക്കും തമ്മില്‍ വാക്കേറ്റമുണ്ടായതായി വിവിധ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇടക്കാല സര്‍ക്കാരിലെ ഉപപ്രധാനമന്ത്രിയായ അബ്ദുള്‍ ഗനി ബറദാറും ഹഖാനി ഗ്രൂപ്പ് നേതാവും മന്ത്രിയുമായ ഖലീലുര്‍ റഹ്മാനും തമ്മിലാണ് തര്‍ക്കമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ താലിബാല്‍ ഈ വാര്‍ത്ത നിഷേധിച്ചു.
തങ്ങള്‍ക്കിടയില്‍ യാതൊരു വിധത്തിലുള്ള പ്രശ്‌നങ്ങളുമില്ല എന്നാണ് ബറദാര്‍ പറയുന്നത്. ‘ദൈവത്തിന് സ്തുതി. ഞങ്ങള്‍ക്കിടയില്‍ യാതൊരു വിധ പ്രശ്‌നങ്ങളുമില്ല. ഇതെല്ലാം മാധ്യമസൃഷ്ടികളാണ്. ഞങ്ങള്‍ക്ക് പരസ്പരം സ്‌നേഹവും വിശ്വാസവുമാണ്. ഒട്ടേറ വര്‍ഷങ്ങളുടെ ത്യാഗമാണ് ഞങ്ങളുടേത്. സ്ഥാനത്തിനോ അധികാരത്തിനോ ഞങ്ങള്‍ കലഹിക്കാറില്ല,’ എ.എന്‍.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ ബറദാര്‍ പറഞ്ഞു.
നേതൃസ്ഥാനത്തെ ചൊല്ലി താലിബാനില്‍ പ്രശ്‌നങ്ങള്‍ രൂക്ഷമാണെന്നും ഇരു വിഭാഗങ്ങളും തമ്മില്‍ തുടര്‍ച്ചയായി കലഹങ്ങള്‍ പതിവാണെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഈ കലഹത്തില്‍ ബറദാറിന് വെടിയേറ്റിരുന്നുവെന്നും അതിനാലാണ് കുറച്ചു കാലം പൊതു ഇടങ്ങളില്‍ നിന്ന് അപ്രത്യക്ഷനായതെന്ന അഭ്യൂഹങ്ങളും ശക്തമായിരുന്നു.
താലിബാന്റെ ഇടയിലെ ആഭ്യന്തരകലഹത്തില്‍ ബറദാറിന് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നത്. ഹഖാനി നെറ്റ്‌വര്‍ക്കിലെ പല നേതാക്കള്‍ക്കും ബറദാറിന്റെ നേതൃസ്ഥാനത്തില്‍ അതൃപ്തിയുണ്ടായിരുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.
എന്നാല്‍ ഈ റിപ്പോര്‍ട്ടുകളെ മുഴുവന്‍ തള്ളിക്കൊണ്ടാണ് ബറദാര്‍ രംഗത്തെത്തിയത്.