| Friday, 3rd September 2021, 2:06 pm

അഫ്ഗാനില്‍ സര്‍ക്കാര്‍ രൂപീകരിച്ച് താലിബാന്‍; തലവനായി മുല്ല ബരാദര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ സര്‍ക്കാര്‍ രൂപീകരണത്തിലേക്ക് കടന്ന് താലിബാന്‍. താലിബാന്റെ രാഷ്ട്രീയകാര്യ വിഭാഗം മേധാവിയായ മുല്ല ബരാദര്‍ താലിബാന്‍ സര്‍ക്കാരിന്റെ തലവനാകും. അന്താരാഷ്ട്രമാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

താലിബാന്റെ സ്ഥാപകനേതാക്കളിലൊരാളാണ് മുല്ല ബരാദര്‍. താലിബാന്റെ സ്ഥാപകനായ മുല്ല ഒമറിന്റെ മകന്‍ മുല്ല മുഹമ്മദ് യാക്കൂബും മുതിര്‍ന്ന നേതാവായ ഷേര്‍ മുഹമ്മദ് അബ്ബാസ് സ്റ്റാനക്‌സയിയും താലിബാന്‍ സര്‍ക്കാരിന്റെ മുഖ്യസ്ഥാനങ്ങളിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകളെന്നും റോയിട്ടേഴ്‌സ് അടക്കമുള്ള വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

മൂന്ന് നേതാക്കളും കാബൂളിലെത്തിയെന്നും സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം ഉടന്‍ പൂര്‍ത്തിയാക്കുമെന്നും താലിബാന്‍ വക്താക്കള്‍ അറിയിച്ചിട്ടുണ്ട്.

20 വര്‍ഷത്തിന് ശേഷം അമേരിക്ക സൈന്യം അഫ്ഗാനിസ്ഥാനില്‍ നിന്നും പിന്മാറിയതിന് പിന്നാലെയാണ് താലിബാന്‍ രാജ്യത്ത് ആക്രമണം ശക്തമാക്കിയത്. കുറച്ച് ദിവസങ്ങള്‍ക്കൊണ്ട് തന്നെ അഫ്ഗാന്‍ സൈന്യത്തെ തോല്‍പ്പിച്ചുകൊണ്ട് താലിബാന്‍ രാജ്യം മുഴുവന്‍ പിടിച്ചെടുക്കുകയായിരുന്നു.

രാജ്യം കീഴടക്കിയതോടെ അഫ്ഗാനിസ്ഥാന്റെ പേരും താലിബാന്‍ മാറ്റി. ഇസ്‌ലാമിക് എമിറേറ്റ്സ് ഓഫ് അഫ്ഗാന്‍ എന്നാണ് പുതിയ പേര്.

താലിബാന്‍ അധികാരസ്ഥാനങ്ങളെല്ലാം കയ്യടിക്കയതിന് പിന്നാലെ മുന്‍ പ്രസിഡന്റ് അഷ്‌റഫ് ഗാനിയും മന്ത്രിസഭയിലെ മറ്റു അംഗങ്ങളുമെല്ലാം രാജ്യത്ത് നിന്ന് പലായനം ചെയ്തിരുന്നു.

ഇസ്‌ലാമിക് നിയമസംഹിതയായ ശരീഅത്തിന്റെ തങ്ങളുടേതായ വ്യാഖ്യാനം കര്‍ശനമായി താലിബാന്‍ നടപ്പില്‍ വരുത്തുമെന്ന പേടിയിലാണ് അഫ്ഗാനിലെ ജനത. കൂട്ടപ്പലായനമാണ് അഫ്ഗാനില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇവിടെ നിന്നും പുറത്തുകടക്കാനായി ആയിരക്കണക്കിന് ജനങ്ങള്‍ കാബൂളിലെ വിമാനത്താവളങ്ങളിലേക്ക് ഇപ്പോഴുമെത്തുന്നുണ്ട്.

താലിബാന്‍ ഭരണത്തിന്റെ കീഴില്‍ സ്ത്രീകളും മറ്റു ന്യൂനപക്ഷങ്ങളും കടുത്ത അടിച്ചമര്‍ത്തിലിന് വിധേയമാക്കപ്പെടുമെന്നാണ് വിലയിരുത്തലുകള്‍. നേരത്തെ അധികാരത്തിലെത്തിയിരുന്ന സമയത്ത് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസവും ജോലിക്ക് പോകലും താലിബാന്‍ പൂര്‍ണമായും നിരോധിച്ചിരുന്നു.

അതേസമയം താലിബാനിലെ പുതിയ സര്‍ക്കാരിനോട് ലോകരാഷ്ട്രങ്ങള്‍ എങ്ങനെയായിരിക്കും പ്രതികരിക്കുകയെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ചൈന അഫ്ഗാനിലെ തങ്ങളുടെ എംബസി അടക്കില്ലെന്നും അഫ്ഗാന്റെ പുനരുദ്ധാരണത്തിനായുള്ള സാമ്പത്തിക പദ്ധതികള്‍ തുടരുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ താലിബാന്‍ വക്താക്കളുമായി ചില ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെങ്കിലും ഇതുവരെയും താലിബാന്‍ സര്‍ക്കാരിനെ അംഗീകരിക്കുമോ ഇല്ലയോ എന്ന കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല.

സേനാബലം ഉപയോഗിച്ചും ആക്രമണങ്ങളിലൂടെയും അഫ്ഗാനില്‍ അധികാരത്തിലെത്തുന്ന ഒരു ഭരണസംവിധാനത്തെയും അംഗീകരിക്കില്ലെന്ന നിലപാടാണ് ഇന്ത്യ, ജര്‍മനി, ഖത്തര്‍, തുര്‍ക്കി തുടങ്ങിയ രാഷ്ട്രങ്ങളെല്ലാം നേരത്തെ സ്വീകരിച്ചിരുന്നത്.

അതേസമയം താലിബാനെതിരെ അഫ്ഗാനില്‍ പ്രതിഷേധം ശക്തമാകുന്നുണ്ട്. വിവിധയിടങ്ങളില്‍ സ്ത്രീകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

പഞ്ച്ഷീര്‍ മേഖലയില്‍ താലിബാനെതിരെ അഫ്ഗാനിലെ ചില ഗ്രൂപ്പുകള്‍ ആക്രമണം ശക്തമാക്കിയിട്ടുണ്ട്. താലിബാനെതിരെ യുദ്ധത്തിന് തയ്യാറാണെന്നും അതിനുള്ള എല്ലാ സൗകര്യങ്ങളും തങ്ങള്‍ക്കുണ്ടെന്നും പഞ്ച്ഷിറിലെ താലിബാന്‍ വിരുദ്ധ ജനകീയ പ്രതിരോധസേന തലവന്‍ അമീര്‍ അക്മല്‍ നേരത്തെ അറിയിച്ചിരുന്നു. ഇവിടെ കടുത്ത സായുധപ്പോരാട്ടം നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ പ്രതിരോധ സൈന്യത്തോടൊപ്പം അഫ്ഗാന്റെ തകര്‍ന്നടിഞ്ഞിരിക്കുന്ന സാമ്പത്തിക വ്യവസ്ഥ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ കൂടിയാകുന്നതോടെ താലിബാന് അത്ര എളുപ്പത്തില്‍ മുന്നോട്ടുപോകാനാകില്ലെന്നാണ് രാഷ്ട്രീയനിരീക്ഷകരുടെ വിലയിരുത്തലുകള്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Mullah Baradar will lead Taliban’s new government in Afghanistan

We use cookies to give you the best possible experience. Learn more