കോഴിക്കോട്: പാര്‍ട്ടി തിരുത്തലുകള്‍ വരുത്തിയില്ലെങ്കില്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും തിരിച്ചടിയുണ്ടാകുമെന്ന് മുസ്‌ലിം ലീഗ് നേതൃയോഗത്തില്‍ വിമര്‍ശനം. ന്യൂനപക്ഷങ്ങള്‍ എല്‍.ഡി.എഫിനോട് അനുഭാവം പുലര്‍ത്തുന്നതിന്റെ തെളിവാണ് ചെങ്ങന്നൂരിലെ സി.പി.ഐ.എം വിജയമെന്ന് അഡ്വ.എന്‍ ഷംസുദ്ദീന്‍ യോഗത്തില്‍ വിമര്‍ശനമുന്നയിച്ചു.
പാര്‍ട്ടി തിരുത്തലുകള്‍ വരുത്തിയില്ലെങ്കില്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും തിരിച്ചടിയുണ്ടാകുമെന്നും ഷംസുദ്ദീന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ ന്യൂനപക്ഷ വിരുദ്ധ നടപടികള്‍ തുറന്നു കാട്ടുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടെന്നും കടുത്ത ന്യൂനപക്ഷ വിരുദ്ധമായി പൊലീസ് പെരുമാറിയിട്ടും ന്യൂനപക്ഷങ്ങളെ സര്‍ക്കാരിനെതിരെ സംഘടിപ്പിക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ലെന്നും അഡ്വ.എന്‍ ഷംസുദ്ദീന്‍ യോഗത്തില്‍ വിമര്‍ശനമുന്നയിച്ചു എന്നും മീഡിയാ വണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
റിലീഫ് വിതരണം കൊണ്ട് പാര്‍ട്ടി വളരില്ലെന്ന് കെ.എം ഷാജി പറഞ്ഞു. സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത സഹായ പദ്ധതികള്‍ ഏറ്റെടുക്കുന്നതുകൊണ്ടാണ് ആക്ഷേപങ്ങള്‍ ഉണ്ടാകുന്നതെന്നും ഷാജി ചൂണ്ടിക്കാട്ടി. റിലീഫുകള്‍ക്ക് നിയന്ത്രണവും ക്രോഡീകരണവും ഓഡിറ്റും വേണമെന്ന അഭിപ്രായവും ഉയര്‍ന്നു.
രാജ്യസഭാ സീറ്റ് കെഎം മാണിക്ക് നല്‍കിയത് യു.ഡി.എഫ് നേതൃത്വം കൂടിയാലോചിച്ച ശേഷമാണെന്ന് കുഞ്ഞാലിക്കുട്ടി യോഗത്തില്‍ വിശദീകരിച്ചു.കോഴിക്കോട് ജില്ലയിലെ സംഘടനാ പ്രശ്‌നങ്ങള്‍ ഗൗരവമുള്ളതാണെന്ന വിലയിരുത്തലും യോഗം നടത്തി.