| Friday, 31st August 2012, 10:53 am

സഭാനടപടികളുടെ തടസം : ഇടത്, സമാജ്‌വാദി പാര്‍ട്ടി, ടി.ഡി.പി അംഗങ്ങള്‍ പാര്‍ലമെന്റിന് മുന്നില്‍ ധര്‍ണ നടത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കല്‍ക്കരി ഖനി വിവാദത്തില്‍ സഭാ നടപടികള്‍ തുടര്‍ച്ചയായി തടസപ്പെടുന്നതില്‍ പ്രതിഷേധിച്ച് ഇടത്, സമാജ്‌വാദി പാര്‍ട്ടി, ടി.ഡി.പി അംഗങ്ങള്‍ പാര്‍ലമെന്റിന് പുറത്ത് ധര്‍ണ നടത്തി.[]

കല്‍ക്കരിപ്പാടം അഴിമതിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് രാജിവയ്ക്കണമെന്നാണ് ബി.ജെ.പിയുടെ നിലപാട്. എന്നാല്‍ എന്‍.ഡി.എയിലെ തന്നെ ഘടകകക്ഷികളും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും നേരത്തെ തന്നെ ഇതിനോട് വിയോജിച്ചിരുന്നു.

പ്രധാനമന്ത്രി രാജിവയ്ക്കുന്നത് വരെ സഭാനടപടികള്‍ തടസപ്പെടുത്താനുള്ള തീരുമാനവുമായി മുന്നോട്ട് പോകാനാണ് ബി.ജെ.പിയുടെ തീരുമാനം. ഈ സാഹചര്യത്തിലാണ് ഇടത്, സമാജ്‌വാദി പാര്‍ട്ടി, ടി.ഡി.പി നേതാക്കള്‍ യോഗം ചേര്‍ന്ന് സഭാനടപടികള്‍ തുടര്‍ച്ചയായി തടസപ്പെടുന്നതിനെതിരെ പ്രതിഷേധിക്കാന്‍ തീരുമാനിച്ചത്.

ഏഴ് ദിവസവും തുടര്‍ച്ചയായി പാര്‍ലമെന്റ് സ്തംഭിച്ചിട്ടും പ്രശ്‌നം തീര്‍ക്കാന്‍ കോണ്‍ഗ്രസിന് താത്പര്യമില്ല. സഭ സ്തംഭിപ്പിക്കുകയെന്ന ഒറ്റ അജണ്ടയില്‍ ബി.ജെ.പി മുന്നോട്ട് പോകുന്നത് അംഗീകരിക്കാനാവില്ലെന്നും പ്രതിഷേധിക്കുന്ന പാര്‍ട്ടികളുടെ നേതാക്കള്‍ കുറ്റപ്പെടുത്തി.

ഖനന ലൈസന്‍സ് ക്രമക്കേട് സുപ്രീംകോടതിയിലെ സിറ്റിങ് ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ആവശ്യമാണ് സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായംസിങ് യാദവ് മുന്നോട്ടുവെച്ചത്. സി.എ.ജി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പാര്‍ലമെന്റില്‍ സ്തംഭനാവസ്ഥ സൃഷ്ടിക്കുന്നതില്‍ കോണ്‍ഗ്രസും ബി.ജെ.പിയും ഒത്തുകളിക്കുകയാണെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു.

കോണ്‍ഗ്രസിന്റെയും ബി.ജെ.പിയുടെയും കടുംപിടിത്തങ്ങളോട് യു.പി.എയിലും എന്‍.ഡി.എയിലും ഭിന്നതയുണ്ട്. എന്നാല്‍, പ്രതിസന്ധി ഘട്ടത്തില്‍ അത് പരസ്യമായി പ്രകടിപ്പിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. സഭാസ്തംഭനം നീളുന്നതില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജിക്കും എതിര്‍പ്പുണ്ട്.

We use cookies to give you the best possible experience. Learn more