| Wednesday, 24th July 2019, 10:08 pm

യു.എ.പി.എ ഭേദഗതി ബില്ലിന് വോട്ട് ചെയ്ത് മുലായം സിങ്; നന്ദി പറഞ്ഞ് അമിത് ഷാ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: യു.എ.പി.എ ഭേദഗതി ബില്ലില്‍ ഇന്ന് നടന്ന വോട്ടെടുപ്പില്‍ സര്‍ക്കാരിന് അനുകൂലമായി വോട്ട് ചെയ്ത് സമാജ്‌വാദി പാര്‍ട്ടിയുടെ ഏക എം.പിയും പാര്‍ട്ടി തലവനുമായ മുലായം സിങ് യാദവ്. ബില്ല് പാസായതിന് ശേഷം മുലായത്തിന് അടുത്തേക്ക് വന്ന അമിത് ഷാ അദ്ദേഹത്തിന് നന്ദി പറയുകയും ചെയ്തു.

വിവാദമായ ബില്ലില്‍ ബി.ജെ.ഡിയും സര്‍ക്കാരിന് പിന്തുണച്ച് വോട്ടു ചെയ്തു. കേരളത്തില്‍ നിന്നുള്ള രണ്ട് ലീഗ് എം.പിമാരുള്‍പ്പെടെ എട്ട് അംഗങ്ങള്‍ എതിര്‍ത്ത് വോട്ടു ചെയ്തപ്പോള്‍ കോണ്‍ഗ്രസ്, തൃണമൂല്‍, ഡി.എം.കെ, ഇടത് അംഗങ്ങളുള്‍പ്പെടെ വോട്ടെടുപ്പ് ബഹിഷ്‌ക്കരിക്കുകയാണ് ചെയ്തത്.

ഇ.ടി മുഹമ്മദ് ബഷീര്‍, പി.കെ കുഞ്ഞാലിക്കുട്ടി, നവാസ് കനി, എ.ഐ.എം.ഐ.എം അംഗങ്ങളായ അസദുദ്ദീന്‍ ഉവൈസി, ഇംതിയാസ് ജലീല്‍, നാഷണല്‍ കോണ്‍ഫറന്‍സിന്റെ ഹസ്നൈന്‍ മസൂദി, മുഹമ്മദ് അക്ബര്‍ ലോണ്‍, എ.ഐ.യു.ഡി.എഫ് അംഗം ബദ്റുദ്ദീന്‍ അജ്മല്‍ എന്നിവരാണ് എതിര്‍ത്ത് വോട്ട് രേഖപ്പെടുത്തിയത്.

സംഘടനകള്‍ക്കു പുറമേ വ്യക്തികളെയും ഭീകരതയുടെ പേരില്‍ കരിമ്പട്ടികയില്‍പ്പെടുത്തി തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിന് ദേശീയ അന്വേഷണ ഏജന്‍സിയ്ക്കും സര്‍ക്കാറിനും വിപുലമായ അധികാരം നല്‍കുന്നതാണ് നിയമഭേദഗതി ബില്‍.

ഭീകരപ്രവര്‍ത്തനത്തിന്റെ പേരില്‍ ഏതെങ്കിലും വ്യക്തികളുടെ പേരിലുള്ള സ്വത്ത് സംസ്ഥാന പൊലീസിന്റെ സഹായമോ ഇടപെടലോ കൂടാതെ തന്നെ എന്‍.ഐ.എയ്ക്ക് കണ്ടുകെട്ടാം. ഭീകരത കേസുകളില്‍ അന്വേഷണ അധികാരം ഡെപ്യൂട്ടി സൂപ്രണ്ട് റാങ്കിലുള്ളുവര്‍ക്കായിരുന്നത് താഴ്ന്ന റാങ്കിലുള്ള ഇന്‍സ്പെക്ടര്‍മാര്‍ക്കു വിട്ടുകൊടുക്കുന്നതുകൂടിയാണ് നിയമഭേദഗതി ബില്‍.

ഈ ബില്ല് ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യത ചൂണ്ടിക്കാട്ടി തൃണമൂലിന്റെ മഹുവ മൊയ്ത്ര, അസദുദ്ദീന്‍ ഉവൈസി എന്നിവര്‍ ശക്തമായ ഭാഷയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു.

We use cookies to give you the best possible experience. Learn more