ലഖ്‌നൗ: ഉത്തര്‍ പ്രദേശില്‍ തെരഞ്ഞെടുപ്പ് രംഗത്തെ ചൂട് പിടിപ്പിച്ച് ഒരു പാര്‍ട്ടി കൂടുമാറ്റം കൂടി.
സമാജ്‌വാദി പാര്‍ട്ടിയുടെ സമുന്നത നേതാവ് മുലായം സിംഗ് യാദവിന്റെ മരുമകളും അഖിലേഷ് യാദവിന്റെ സഹോദരഭാര്യയുമായ അപര്‍ണ യാദവാണ് ഇത്തവണ എസ്.പിയില്‍ നിന്നും ബി.ജെ.പിയിലേക്ക് വന്നിരിക്കുന്നത്.
ബുധനാഴ്ച രാവിലെ, ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് സ്വതന്ത്ര ദേവ് സിംഗ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു അപര്‍ണ പാര്‍ട്ടി അംഗത്വമെടുത്തത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ എന്നും സ്വാധീനിച്ചിട്ടുണ്ട് എന്നായിരുന്നു പാര്‍ട്ടി അംഗത്വമെടുത്ത ശേഷം അപര്‍ണയുടെ പ്രതികരണം.
”പ്രധാനമന്ത്രി എന്നെ എന്നും സ്വാധീനിച്ചിരുന്നു. രാജ്യത്തിനാണ് ഞാന്‍ മുന്‍ഗണന നല്‍കുന്നത്. രാജ്യത്തിന് സേവനം ചെയ്യാനാണ് ഞാന്‍ മുന്നോട്ട് വന്നിരിക്കുന്നത്,” ബി.ജെ.പിയില്‍ ചേര്‍ന്നതിന് പിന്നാലെ അപര്‍ണ യാദവ് പ്രതികരിച്ചു.
ഫെബ്രുവരി 10നാണ് യു.പിയില്‍ ഒന്നാം ഘട്ട തെരഞ്ഞെടുപ്പ്. രണ്ടാം ഘട്ടം ഫെബ്രുവരി 14നും മൂന്നാം ഘട്ടം ഫെബ്രുവരി 20നും നടക്കും. നാലാം ഘട്ടം ഫെബ്രുവരി 23നും അഞ്ചാം ഘട്ടം ഫെബ്രുവരി 27നും നടക്കും. ആറാം ഘട്ടം മാര്‍ച്ച് 3നും ഏഴാം ഘട്ടം മാര്‍ച്ച് 7നും നടക്കും. മാര്‍ച്ച് 10നാണ് വോട്ടെണ്ണല്‍.