ന്യൂദല്‍ഹി: ഇടത് പാര്‍ട്ടികളെ ഒഴിവാക്കി ദേശീയ തലത്തില്‍ കൂട്ടായ്മ രൂപീകരിക്കാന്‍ നീക്കം. സമാജ്‌വാദി പാര്‍ട്ടി നേതാവാണ് മുലായാം സിങ് യാദവാണ് കോണ്‍ഗ്രസ്-ബി.ജെ.പി ഇതര പാര്‍ട്ടികളുടെ യോഗം വിളിച്ചത്. ആര്‍.ജെ.ഡി, ജെ.ഡി.യു, എസ്.ജെ.ഡി തുടങ്ങിയ പാര്‍ട്ടികളെ മുലായാം സിങ് യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
ദേശീയ തലത്തില്‍ കോണ്‍ഗ്രസ്, ബി.ജെ.പി ഇതര പാര്‍ട്ടികളുടെ മുന്നണിക്കുള്ള ശ്രമമാണ് മുലായാം നടത്തുന്നത്. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഈ മാസം 24ന് നടക്കാനിരിക്കെയാണ് ഇത്തരമൊരു നീക്കം.
ആര്‍.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവിനും ജനതാദള്‍ (യു) നേതാവ് നിതീഷ് കുമാറിനും യോഗത്തിലേക്ക് ക്ഷണമുണ്ട്. ഐ.എല്‍.എല്‍.ഡി, ജെ.ഡി.എസ് എന്നീ പാര്‍ട്ടികള്‍ നേരത്തേ മൂന്നാം മുന്നണിക്കുള്ള ശ്രമത്തില്‍ പങ്കാളികളായിരുന്നു.
പാര്‍ലമെന്റില്‍ കേന്ദ്രസര്‍ക്കാറിന്റെ ഏകകക്ഷീയമായ തീരുമാനങ്ങള്‍ക്കെതിരെ ശക്തമായ ബദല്‍ കൊണ്ടുവരാനുള്ള നീക്കത്തിന്റെ ഭാഗമാണിത്. ഇടതുപാര്‍ട്ടികളെ ക്ഷണിച്ചാല്‍ കൂട്ടായ്മയുടെ നേതൃസ്ഥാനം നഷ്ടമാകുമോ എന്നതിനാലാവാം മുലായാം ഇടതുപാര്‍ട്ടികളെ ഒഴിവാക്കിയത്. നിലവില്‍ ഈ കൂട്ടായ്മയുടെ നേതൃസ്ഥാനം മുലായാം സിങ് യാദവിനാവും.
യു.പിയില്‍ സമാജ്‌വാദി പാര്‍ട്ടിക്ക് പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയാവാം ഇത്തരമൊരു തീരുമാനത്തിന് മുലായാം സിങ്ങിനെ പ്രേരിപ്പിച്ചത്.
അതേസമയം, സി.പി.ഐ.എമ്മിന്റെ നേതൃത്വത്തില്‍ കേന്ദ്രത്തില്‍ ഇടതുപക്ഷ ബദല്‍ രൂപീകരിക്കപ്പെട്ടിട്ടുണ്ട്. കേന്ദ്രസര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതികരിക്കുകയെന്നതാണ് ഇതിന്റെ ലക്ഷ്യമായി പറയുന്നത്.