| Monday, 26th August 2013, 3:53 pm

ഭക്ഷ്യ സുരക്ഷാ ബില്‍: സംസ്ഥാനങ്ങളുടെ മേല്‍ അധികബാധ്യത അടിച്ചേല്‍പ്പിക്കുമെന്ന് സമാജ്‌വാദി പാര്‍ട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ന്യൂദല്‍ഹി: ഭക്ഷ്യ സുരക്ഷാ ബില്ലിന് മേല്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ആരംഭിച്ചു. ബില്ലിനെ എതിര്‍കത്ത് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തി. ഭക്ഷ്യമന്ത്രി കെ.വി തോമസാണ് ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്.

ബില്ലിന് കീഴില്‍ വരുന്ന ഗുണഭോക്താക്കളെ കണ്ടെത്തേണ്ടത് സംസ്ഥാന സര്‍ക്കാരുകളാണെന്ന് മന്ത്രി വ്യക്തമാക്കി. കേരളവും തമിഴനാടും ആവശ്യപ്പെട്ട പ്രകാരമുള്ള അളവില്‍ തന്നെ ഭക്ഷ്യധാന്യം തുടര്‍ന്നും ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. []

ഭക്ഷ്യ സുരക്ഷാ ബില്‍ സംസ്ഥാനങ്ങള്‍ക്ക് മേല്‍ അധികബാധ്യത അടിച്ചേല്‍പ്പിക്കുമെന്ന് സമാജ്‌വാദി പാര്‍ട്ടി പറഞ്ഞു. ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതിന് മുമ്പ് സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കേണ്ടതായിരുന്നെന്നും എസ്.പി കുറ്റപ്പെടുത്തി.

ബില്‍ ഇപ്പോള്‍ കൊണ്ടുവരുന്നത് വോട്ട് ലക്ഷ്യമിട്ടാണെന്ന് ബി.ജെ.പി ആരോപിച്ചു. ചിലര്‍ക്ക് മാത്രമാണ് ബില്‍ പ്രകാരം ഭക്ഷ്യ സുരക്ഷ നല്‍കുന്നതെന്നും ബി.ജെ.പി കുറ്റപ്പെടുത്തി.

ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച രൂപത്തില്‍ അംഗീകരിക്കാനാകില്ലെന്ന് സി.പി.ഐ.എമ്മും വ്യക്തമാക്കി. ബില്ലിന് ഗൗരവകരമായ പോരായ്മകളുണ്ടെന്നും സി.പി.ഐ.എം കുറ്റപ്പെടുത്തി.

എന്നാല്‍ പോഷകാഹാരക്കുറവ് മൂലം ഒരു കുട്ടിപോലും രാജ്യത്തുണ്ടാകാതിരിക്കാനാണ് ഭക്ഷ്യ സുരക്ഷാ ബില്ലിലൂടെ ലക്ഷ്യമിടുന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ചര്‍ച്ചയില്‍ പറഞ്ഞു.

2009 ല്‍ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയപ്പോള്‍ നല്‍കിയ വാഗ്ദാനം നിറവേറ്റുകയാണെന്നും രാജ്യത്ത് ഭക്ഷ്യധാന്യങ്ങള്‍ ഉപയോഗിക്കാതെ നശിക്കില്ലെന്ന് ഈ ബില്ല് ഉറപ്പ് നല്‍കുന്നുവെന്നും അവര്‍ വ്യക്തമാക്കി.

ഗര്‍ഭിണികള്‍ക്ക് വര്‍ഷത്തില്‍ ആറായിരം രൂപ ലഭിക്കാനുള്ള അവകാശം, ആറ് വയസ്സിനും 18 വയസ്സിനും ഇടയില്‍ പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും ഉച്ചഭക്ഷണം, എ്ന്നിവയാണ് ബില്ലില്‍ പറയുന്ന പ്രധാന കാര്യങ്ങള്‍.

Latest Stories

We use cookies to give you the best possible experience. Learn more