ലക്‌നൗ: സമാജ്‌വാദി പാര്‍ട്ടി ആസ്ഥാനം പിടിച്ചെടുത്ത അഖിലേഷ് യാദവിനും കൂട്ടര്‍ക്കുമെതിരെ മുലായം സിങ് യാദവ് ഇന്ന് കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കും.
പാര്‍ട്ടിയുടെ ഔദ്യോഗികവിഭാഗം തങ്ങളാണെന്ന് ചൂണ്ടിക്കാട്ടിയയാകും പരാതി. ഇത് സംബന്ധിച്ച് മുലായം സിങ് യാദവും ശിവ്പാല്‍ യാദവും അമര്‍സിങുമായി ചര്‍ച്ച നടത്തി. പാര്‍ട്ടിയുടെ ചുമതല ഏറ്റെടുത്തെന്ന് കാണിച്ച് അഖിലേഷ് യാദവും ഇന്ന് തെരെഞ്ഞെടുപ്പ് കമ്മീഷനെ കണ്ടേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
പാര്‍ട്ടി ചിഹ്നം അനുവദിക്കണമെന്ന ആവശ്യം അഖിലേഷ് ഉന്നയിച്ചേക്കും. ഇന്നലെ ചേര്‍ന്ന പാര്‍ട്ടി യോഗത്തില്‍ മുലായം സിങ് യാദവവിനെ മാറ്റി അഖിലേഷ് യാദവ് ദേശീയ അധ്യക്ഷസ്ഥാനം ഏറ്റെടുത്തിരുന്നു. ലക്‌നൗവിലെ പാര്‍ട്ടി ആസ്ഥാനവും ഇന്നലെ അഖിലേഷ് ഏറ്റെടുത്തിരുന്നു.
മുലയാത്തിന്റെ വിലക്ക് അവഗണിച്ച് വിളിച്ചു ചേര്‍ത്ത കണ്‍വെന്‍ഷനിലാണ് നാടകീയ പ്രഖ്യാപനം ഉണ്ടായത്. അഖിലേഷ് യാദവിനെ സമാജ്‌വാദി പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷനായി തെരെഞ്ഞെടുത്തുവെന്ന് രാംഗോപാല്‍ യാദവ് അറിയിക്കുകയായിരുന്നു. ദേശീയ എക്‌സിക്യൂട്ടീവ് ഐക്യകണ്‌ഠേനയാണ് അഖിലേഷിനെ തെരെഞ്ഞെടുത്തതെന്നും രാം ഗോപാല്‍ വ്യക്തമാക്കിയിരുന്നു.
ദേശീയ കണ്‍വെന്‍ഷന്‍, പാര്‍ട്ടി ഭരണഘടനയ്ക്ക് വിരുദ്ധമാണെന്ന് മുലായം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അഖിലേഷിനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കാന്‍ മുലായം ഒരുങ്ങുന്നത്.
കഴിഞ്ഞ ദിവസം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ അഖിലേഷ് യാദവിനെ മുലായം സിങ് തിരിച്ചെടുത്തിരുന്നു. എം.എല്‍.എമാരില്‍ മഹാഭൂരിപക്ഷവും അഖിലേഷിനൊപ്പമാണെന്നു ബോധ്യമായതിനെ തുടര്‍ന്നായിരുന്നു തീരുമാനം. നിയമസഭാ തെരെഞ്ഞെടുപ്പ് തൊട്ടരികില്‍ നില്‍ക്കെയാണ് സമാജ്‌വാദി പാര്‍ട്ടിയയിലെ നാടകീയ സംഭവങ്ങള്‍.