മഞ്ചേശ്വരത്ത് ആശങ്കയുണ്ട്; എല്‍.ഡി.എഫ് ബി.ജെ.പിക്ക് വോട്ട് മറിച്ചെന്ന് സംശയമുണ്ടെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍
Kerala News
മഞ്ചേശ്വരത്ത് ആശങ്കയുണ്ട്; എല്‍.ഡി.എഫ് ബി.ജെ.പിക്ക് വോട്ട് മറിച്ചെന്ന് സംശയമുണ്ടെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 7th April 2021, 11:04 am

വടകര: മഞ്ചേശ്വരത്ത് തെരഞ്ഞെടുപ്പ് ഫലത്തില്‍ ആശങ്കയുണ്ടെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. മഞ്ചേശ്വരത്ത് എല്‍.ഡി.എഫ് ബി.ജെ.പിക്ക് വോട്ട് മറിച്ചിട്ടുണ്ടോ എന്ന് സംശയമുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു പ്രതികരണം.

മഞ്ചേശ്വരത്ത് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി രമേശിന്റെ വിജയത്തിനായി സി.പി.ഐ.എം സജീവമായി പ്രവര്‍ത്തിച്ചിട്ടില്ലെന്നും മുല്ലപ്പള്ളി ആരോപിച്ചു.

‘മഞ്ചേശ്വരത്തെ എല്‍.ഡി.എഫ് ക്യാംപ് ആകെ മ്ലാനമായിരുന്നു. അവിടെ പ്രവര്‍ത്തിച്ചിട്ടില്ല. മഞ്ചേശ്വരത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വോട്ടുകള്‍ ബി.ജെ.പിയിലേക്ക് പോയോ എന്ന് ആശങ്കയുണ്ട്. ഇതുമായി ബന്ധപ്പെട്ട് ചില കേന്ദ്രങ്ങളില്‍ നിന്ന് എനിക്ക് ആശങ്കയുണ്ട്,’ മുല്ലപ്പള്ളി പറഞ്ഞു.

ബി.ജെ.പിയുമായി ധാരണയുണ്ടെന്ന് പറയപ്പെടുന്ന ഒരാളെയാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയാക്കിയത്. അതാണ് തന്റെ ആശങ്കയ്ക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി നേമത്ത് ബി.ജെ.പി അക്കൗണ്ട് പൂട്ടിക്കുമെന്ന് പറഞ്ഞപ്പോഴും മഞ്ചേശ്വരത്തെപ്പറ്റി ഒന്നും പറഞ്ഞില്ലെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.

അതേസമയം നിയസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വലിയ വിജയം കൈവരിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. നൂറില്‍ പരം സീറ്റുകള്‍ യു.ഡി.എഫിന് ലഭിക്കുമെന്നാണ് മുല്ലപ്പള്ളി പറഞ്ഞത്.

 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

Content Highlight: Mulappally Ramachandran against CPIM in Manjeswaram Constituency