| Thursday, 13th February 2020, 5:44 pm

'ആഭ്യന്തരവകുപ്പ് പരാജയം'; നരേന്ദ്ര മോദിയും പിണറായി വിജയനും തമ്മില്‍ രഹസ്യധാരണയുണ്ടെന്നും മുല്ലപ്പള്ളി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്തെ ആഭ്യന്തരവകുപ്പ് പരാജയമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. പൊലീസിന്റെ തോക്ക് നഷ്ടപ്പെട്ട സംഭവം ഹൈക്കോടതി നിര്‍ദ്ദേശിക്കുന്ന ഉദ്യോഗസ്ഥന്‍ അന്വേഷിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

തോക്ക് സൂക്ഷിക്കാന്‍ കഴിയാത്ത പൊലീസ് എങ്ങനെയാണ് ജനങ്ങളെ സംരക്ഷിക്കുമെന്നും മുഖ്യമന്ത്രിയും ഡി.ജി.പിയും രാജിവെച്ച് നിയമനടപടി നേരിടണമെന്നും മുല്ലപ്പള്ളി പറഞ്ഞു.

നരേന്ദ്ര മോദിയും പിണറായി വിജയനും തമ്മില്‍ രഹസ്യ ധാരണയുണ്ടെന്നും ആ ധാരണ പ്രകാരമാണ് ലോക്‌നാഥ് ബെഹ്‌റ ഡി.ജി.പി ആയതെന്നും മുല്ലപ്പള്ളി ആരോപിച്ചു.

സി.എ.ജിയുടെ കണ്ടെത്തല്‍ ഗുരുതരമാണെന്നും സമഗ്രമായ അന്വേഷണം വേണമെന്നും പൊലീസിന്റെ നവീകരണത്തിന് അനുവദിച്ച തുക എങ്ങനെ ചെലവഴിച്ചെന്ന് വ്യക്തമാക്കണമെന്നും പറഞ്ഞ മുല്ലപ്പള്ളി മുഖ്യമന്ത്രിയാണോ ഡി.ജി.പിയാണോ ആഭ്യന്തരം കൈയാളുന്നതെന്നും ചോദിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഗുരുതരമായ ആരോപണങ്ങളാണ് സി.എ.ജി റിപ്പോര്‍ട്ടില്‍ പൊലീസിനെതിരെ ഉന്നയിച്ചിരിക്കുന്നത്.

പൊലീസ് സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ് പണിയാനുള്ള 2.91 കോടി രൂപ എ.ഡി.ജി.പിമാര്‍ക്ക് വില്ല നിര്‍മ്മിക്കാന്‍ ഡി.ജി.പി വകമാറ്റി ചെലവഴിച്ചു. ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ വാങ്ങിയത് നിയമവിരുദ്ധമായിട്ടാണ്. അഞ്ച് പൊലീസ് സ്റ്റേഷനുകള്‍ വാഹനങ്ങള്‍ ഇല്ലെന്നിരിക്കെ ചട്ടം ലംഘിച്ച് ആഢംബര കാറുകള്‍ വാങ്ങി, 481 പൊലീസ് സ്റ്റേഷനുകളില്‍ ഒരു ലൈറ്റ് വെയിറ്റ് വാഹനം പോലുമില്ല.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

183 പൊലീസ് സ്റ്റേഷനുകളില്‍ രണ്ട് വാഹനങ്ങള്‍ ആവശ്യമുള്ള സ്ഥലങ്ങളില്‍ ഒരു വാഹനം മാത്രമേയുള്ളൂ ഈ സാഹചര്യത്തിലാണ് ചട്ടം ലംഘിച്ച് കാറുകള്‍ വാങ്ങിയിരിക്കുന്നത് തുടങ്ങിയ കാര്യങ്ങള്‍ സി.എ.ജി റിപ്പോര്‍ട്ടിലുണ്ട്.

പൊലീസിന്റെ പക്കലുണ്ടായിരുന്ന 25 റൈഫിളുകളും 12,311 വെടിയുണ്ടകളും കാണാനില്ലെന്നതുള്‍പ്പെടെയുള്ള ഗുരുതര വെളിപ്പെടുത്തലുകളും സി.എ.ജി റിപ്പോര്‍ട്ടിലുണ്ട്.

പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ക്രമക്കേടുകള്‍ നടത്തിയെന്നും റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more