വിനീത് ശ്രീനിവാസന്‍ അല്ലായിരുന്നെങ്കില്‍ ചിലപ്പോള്‍ ഈ സിനിമ ഇട്ടിട്ട് പോകുമായിരുന്നുവെന്നാണ് പറഞ്ഞത്, ആ ഒരു കാര്യത്തില്‍ മാത്രമാണ് എന്നെ നിയന്ത്രിച്ചത്: സംവിധായകന്‍ അഭിനവ് സുന്ദര്‍ നായക്
വിനീത് ശ്രീനിവാസന്‍ നായകനാകുന്ന പുതിയ ചിത്രമാണ് മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്. അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്യുന്ന ചിത്രം നവംബര്‍ 11നാണ് റിലീസ് ചെയ്യുന്നത്. വിനീത് ശ്രീനിവാസന് പകരം മറ്റേതെങ്കിലും നടനായിരുന്നെങ്കില്‍ സിനിമയില്‍ നിന്നും പിന്മാറി പോകുമായിരുന്നുവെന്ന് സംവിധായകന്‍ അഭിനവ് പറഞ്ഞു.
വളരെ അധികം ഫ്രീഡം തന്ന വ്യക്തിയാണ് വിനീതെന്നും അദ്ദേഹത്തിന് പകരം മറ്റേതെങ്കിലും നടനായിരുന്നെങ്കില്‍ തന്നെ ഫ്രീ ആയി വിടില്ലായിരുന്നെന്നും അഭിനവ് പറഞ്ഞു. കൗമുദി മൂവിസിന് നല്‍കിയ അഭിമുഖത്തിലാണ് വിനീതിനെക്കുറിച്ച് സംവിധായകന്‍ പറഞ്ഞത്.
”വിനീതേട്ടന്‍ അഭിനയിക്കുന്നത് കൊണ്ടാണ് ഈ സിനിമ എനിക്ക് പറ്റുന്ന രീതിയില്‍ ചെയ്യാന്‍ പറ്റിയത്. അങ്ങനെയൊരു ഫ്രീഡമാണ് വിനീതേട്ടന്‍ എനിക്ക് തന്നിട്ടുള്ളത്. അദ്ദേഹത്തിന്റെ അടുത്ത് പേടിയില്ലായിരുന്നു. അസിസ്റ്റന്റ് ഡയറക്ടേര്‍സിനെ സാധാരണ വിനീതേട്ടന്‍ അങ്ങനെയല്ല ട്രീറ്റ് ചെയ്യുക.
സിനിമയുടെ പകുതി ഭാഗം വരെ ഷൂട്ട് ചെയ്ത് കഴിഞ്ഞപ്പോള്‍ സിനിമയുടെ കോര്‍ ആയിട്ടുള്ള വിമല്‍ ഗോപാലകൃഷ്ണന്‍ എന്നോട് പറഞ്ഞത് ഈ സിനിമ വിനീത് ശ്രീനിവാസന്‍ അല്ലായിരുന്നെങ്കില്‍ ചെലപ്പോള്‍ ഇട്ടിട്ട് പോകുമായിരുന്നു എന്നാണ്.
വേറെ ഒന്നും കൊണ്ടല്ല എനിക്ക് കുറച്ച് നിര്‍ബന്ധങ്ങളുണ്ട്. എന്റെ പിടിവാശിയും കാര്യങ്ങളൊന്നും ചിലപ്പോള്‍ വേറെ ഒരു സ്റ്റാറും സമ്മതിച്ചു തരില്ലായിരിക്കും. അവരുടെ ഇഷ്ടത്തിന് അനുസരിച്ച് ഞങ്ങള്‍ ചെയ്ത് കൊടുക്കേണ്ടി വരാം. ഒരുപക്ഷേ അടി വരെ ഉണ്ടാകാന്‍ സാധ്യതയുണ്ട്.
വിനീതേട്ടന്‍ ആയത് കൊണ്ടാണ് ഇക്കാര്യങ്ങള്‍ ഒന്നും നടക്കാത്തത്. അദ്ദേഹം എന്നെ ഫ്രീ ആയിട്ട് വിട്ടു. ആകെ ഒരു കാര്യം എന്ന് പറയുന്നത് എന്നോട് ചൂടാവരുതെന്ന് പറയും. കാരണം എനിക്ക് കുറച്ച് ടെമ്പര്‍ ഉണ്ട്. ചൂടാവാതെ നോക്കണം അഭി എന്ന് അദ്ദേഹം പറയും. ആ ഒരു കാര്യത്തില്‍ മാത്രമാണ് അദ്ദേഹം എന്നെ നിയന്ത്രിച്ചിട്ടുള്ളു.
അങ്ങനെ വിനീതേട്ടന്‍ എന്നെ ഫ്രീ ആക്കി വിട്ടത് കൊണ്ടാണ് സിനിമയുടെ ഔട്ട് പുട്ട് ഇറങ്ങിയപ്പോള്‍ ഞങ്ങളെല്ലാം ഹാപ്പി ആയത്. വിനീതേട്ടന്‍ എനിക്ക് തന്ന ഫ്രീഡം ഒന്ന് കൊണ്ടാണ് സിനിമ നന്നായി ചെയ്യാന്‍ സാധിച്ചത്. സംവിധായകന്റെ റൈറ്റാണ് അതുകൊണ്ട് അദ്ദേഹത്തിന് ഫ്രീഡം കൊടുക്കണം എന്നൊന്നും പറയാന്‍ പറ്റില്ല.
കാരണം എന്റെ ഫസ്റ്റ് ഫിലിം ആണ്. ചിലപ്പോള്‍ ഫസ്റ്റ് ഡയറക്ടറായത് കൊണ്ട് ചില സ്റ്റാര്‍സിന് ഡയറക്ടര്‍ പറയുന്ന കാര്യങ്ങളില്‍ സംശയങ്ങള്‍ ഉണ്ടാകും. അവര്‍ സ്റ്റാര്‍സാണ് ഇവനെകൊണ്ട് പറ്റുമോയെന്ന് അവര്‍ക്ക് തോന്നാം. അത്തരം സംശയങ്ങള്‍ ഇല്ലാതെ എന്നെ പൂര്‍ണമായും വിശ്വസിച്ചത് വിനീതേട്ടന്‍ ആയത് കൊണ്ടാണ്. കാരണം ഞാന്‍ ഒന്നും തെളിയിച്ച് കാണിക്കാത്തത് കൊണ്ട് അവര്‍ക്ക് എന്നില്‍ വിശ്വാസം ഉണ്ടാകണമെന്നില്ല. എന്നാല്‍ വിനീതേട്ടന്‍ അങ്ങനെയല്ല,” അഭിനവ് പറഞ്ഞു.
വിമല്‍ ഗോപാലകൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത്. തന്‍വി റാം, സുരാജ് വെഞ്ഞാറമൂട്, സുധി കോപ്പ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങള്‍. മുകുന്ദന്‍ ഉണ്ണി എന്ന കഥാപാത്രത്തെയാണ് വിനീത് ശ്രീനിവാസന്‍ സിനിമയില്‍ അവതരിപ്പിക്കുന്നത്.
ഇതുവരെ താന്‍ ചെയ്തതില്‍ നിന്നും വ്യത്യസ്തമായ കഥാപാത്രമാണ് അഡ്വക്കേറ്റ് മുകുന്ദന്‍ ഉണ്ണിയെന്ന് വിനീത് നേരത്തെ പറഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയിലും പ്രൊമോഷന്റെ പേരില്‍ സിനിമ ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു.
content highlight: mukundhan unni associates movie director about actor vineeth sreenivasan