| Friday, 13th December 2024, 8:45 pm

മമ്മൂക്കക്ക് അന്ന് ഞാന്‍ കൊള്ളാമെന്ന് തോന്നിയത് എന്റെ ഭാഗ്യം; ജീവിതം തന്നെ അതുകൊണ്ട് മാറി: മുകുന്ദന്‍ മേനോന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ടെലിവിഷന്‍ സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ നടനാണ് മുകുന്ദന്‍ മേനോന്‍. ജ്വാലയായി, സ്ത്രീ, പകല്‍മഴ, ചാരുലത തുടങ്ങിയ നിരവധി സൂപ്പര്‍ഹിറ്റ് സീരിയലുകളില്‍ അദ്ദേഹം ഭാഗമായിട്ടുണ്ട്. കരിയറിന്റെ തുടക്ക കാലത്ത് ഒരുപിടി മലയാള ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്ത ടെലിവിഷന്‍ സീരിയലാണ് ജ്വാലയായി. എക്കാലത്തെയും സൂപ്പര്‍ഹിറ്റ് സീരിയലായ ഇതില്‍ നായക കഥാപാത്രത്തെ അവതരിപ്പിച്ചത് മുകുന്ദന്‍ മേനോന്‍ ആയിരുന്നു. ജ്വാലയായി എന്ന ഒറ്റ സീരിയലിലൂടെ കുടുംബ പ്രേക്ഷകരുടെ ഇടയില്‍ വന്‍ സ്വീകാര്യതയാണ് മുകുന്ദന്‍ നേടിയത്. മമ്മൂട്ടിയായിരുന്നു ഇത് നിര്‍മിച്ചത്.

തന്നെ നായകനായി ജ്വാലയായി എന്ന സീരിയലില്‍ കൊള്ളാമെന്ന് മമ്മൂട്ടിക്ക് തോന്നിയത് തന്റെ ഭാഗ്യമാണെന്ന് പറയുകയാണ് മുകുന്ദന്‍. മമ്മൂട്ടി വേണ്ടെന്ന് പറഞ്ഞാല്‍ താന്‍ ആ സീരിയലില്‍ ഉണ്ടാകില്ലായിരുന്നെന്നും അതിന് മുമ്പ് താന്‍ സൈന്യം എന്ന ചിത്രത്തില്‍ മാത്രമാണ് താന്‍ അഭിനയിച്ചിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സെല്ലുലോയിഡ് മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മുകുന്ദന്‍ മേനോന്‍.

‘എക്കാലത്തെയും ഹിറ്റായിട്ടുള്ള പ്രൊജക്റ്റാണ് ജ്വാലയായി എന്ന സീരിയല്‍. മമ്മൂക്കയാണ് ആ സീരിയല്‍ പ്രൊഡ്യൂസ് ചെയ്തിരിക്കുന്നത്. അങ്ങനെ ഒരു പ്രൊജക്ടില്‍ ഹീറോയായി അഭിനയിക്കാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായാണ് ഞാന്‍ കരുതുന്നത്.

കാരണം മമ്മൂട്ടിക്ക് ആ സീരിയലില്‍ നായകനാക്കി വെക്കാന്‍ വേറെ കുറേ ഓപ്ഷനുകള്‍ ഉണ്ടായിരുന്നു. അതിന്റെ സംവിധായകനായ മാധവന്‍ കുട്ടി സാര്‍ എന്നോട് പറഞ്ഞിട്ടുണ്ട് ആരാണ് ഇതിലെ നായകനെന്ന് മമ്മൂക്ക ചോദിച്ചിട്ടുണ്ടെന്ന്. മുകുന്ദനെയാണ് ഞാന്‍ ഉദ്ദേശിച്ചിരിക്കുന്നതെന്ന് പറഞ്ഞപ്പോള്‍ ആ കൊള്ളം എന്ന ഒറ്റ വാക്ക് മാത്രമാണ് മമ്മൂക്ക പറഞ്ഞത്.

അത് വേണോ മറ്റേ ആളെ ആലോചിച്ചാലോയെന്ന് മമ്മൂക്ക പറഞ്ഞാല്‍ പിന്നെ അയാളാണ് ഹീറോ ആയി വരുന്നത്. അവിടെ ഞാന്‍ കൊള്ളാമെന്ന് മമ്മൂക്കക്ക് തോന്നിപ്പിച്ചത് എന്തോ ഭാഗ്യമായാണ് ഞാന്‍ കാണുന്നത്. അതിന് മുമ്പ് സൈന്യത്തില്‍ മാത്രമാണ് ഞാന്‍ അഭിനയിച്ചിട്ടുള്ളത്. എന്നിട്ടും എന്തോ ഞാന്‍ കൊള്ളാമെന്ന് അദ്ദേഹത്തിന് തോന്നി. ജ്വാലയായി എന്ന സീരിയല്‍ എന്റെ ജീവിതം തന്നെയാണ് മാറ്റിമറിച്ചിട്ടുള്ളത്,’ മുകുന്ദന്‍ മേനോന്‍ പറയുന്നു.

Content Highlight: Mukundan Menon Talks About Mammootty

We use cookies to give you the best possible experience. Learn more