| Thursday, 19th May 2022, 5:58 pm

മുകുന്ദന്‍ സി. മേനോനും ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ക്കും നന്ദി പറഞ്ഞ് പേരറിവാളന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തമിഴ്നാട്: മാധ്യമ പ്രവര്‍ത്തകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ മുകുന്ദന്‍ സി. മേനോനും, ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ക്കും നന്ദി പറഞ്ഞ് പേരറിവാളന്‍. എന്റെ പോരാട്ടത്തില്‍ താങ്ങായി നില്‍ക്കുകയും അതിജീവനത്തിനായി പ്രചോദിപ്പിക്കുകയും ചെയ്ത വ്യക്തിയാണ് വി.ആര്‍. കൃഷ്ണയ്യരെന്നും, ‘ഞാന്‍ നിങ്ങളോടൊപ്പമുണ്ട്’ എന്ന് പറഞ്ഞ മുകുന്ദന്‍ സി. മേനോനെ മറക്കാന്‍ കഴിയില്ലെന്നും പേരറിവാളന്‍ ഇന്ത്യന്‍ എക്‌സ്പ്രസില്‍ എഴുതിയ ലേഖനത്തില്‍ പറഞ്ഞു.

‘1997ല്‍ സേലം ജയിലില്‍ എന്നെ സന്ദര്‍ശിച്ച് ‘ഞാന്‍ നിങ്ങളോടൊപ്പമുണ്ട്” എന്ന കുറിപ്പ് കൈമാറിയ മാധ്യമ പ്രവര്‍ത്തകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ അന്തരിച്ച മുകുന്ദന്‍ സി. മേനോനെ മറക്കാന്‍ കഴിയില്ല. അദ്ദേഹത്തിന്റെ വാക്കുകള്‍ എന്നില്‍ ചെലുത്തിയ സ്വാധീനം വിവരിക്കാനാവില്ല. എന്റെ പോരാട്ടത്തില്‍ താങ്ങായി നിന്നത് ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യരായിരുന്നു. എന്നെ വിശ്വസിക്കുകയും അതിജീവനത്തിനായി പ്രചോദിപ്പിക്കുകയും ചെയ്ത ചുരുക്കം ചിലരില്‍ ഒരാള്‍ ജസ്റ്റിസ് കൃഷ്ണയ്യരായിരുന്നു. ജസ്റ്റിസ് കൃഷ്ണയ്യരുടെയും, ഞങ്ങള്‍ക്കു വധശിക്ഷ വിധിച്ചതില്‍ പ്രതിഷേധിച്ച് 2011-ല്‍ സ്വയം തീകൊളുത്തിയ ഇരുപതുകാരി പി. സെങ്കൊടിയുടെയും ഫോട്ടോകള്‍ക്ക് മുന്നില്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നു,’ എന്നായിരുന്നു പേരറിവാളന്‍ കുറിച്ചത്.

മുപ്പത്തിയൊന്ന് വര്‍ഷത്തെ ജയില്‍ ജീവിതത്തിലെ നഷ്ടങ്ങളും അനുഭവങ്ങളും വ്യക്തികളെയുമെല്ലാം കുറിച്ച് അദ്ദേഹം കുറിപ്പില്‍ എഴുതിയിട്ടുണ്ട്.

‘എന്നെ സംബന്ധിച്ചിടത്തോളം ഇതൊരു നീണ്ട നിയമ പോരാട്ടമാണ്. പക്ഷേ, അമ്മ എനിക്കായി എത്രമാത്രം പോരാടുന്നുവെന്ന് അറിയാവുന്നതിനാല്‍ ഞാന്‍ തളര്‍ന്നില്ല. കേസില്‍ നിന്നു മോചിതനായ എന്റെ സുഹൃത്തും സഹോദരനുമായ ശേഖര്‍ ഇപ്പോള്‍ വിദേശത്താണ്. 1999-ല്‍ മോചിതനായപ്പോള്‍ എനിക്ക് ഷൂസും ഒരു ഷര്‍ട്ടും ഒരു ജോടി ട്രൗസറും അവന്‍ സമ്മാനമായി നല്‍കിയത് ഞാന്‍ ഓര്‍ക്കുന്നു. ഞാന്‍ പുറത്തിറങ്ങുന്ന ദിവസം അവ ധരിക്കണമെന്ന് അവന്‍ പറഞ്ഞിരുന്നു. ഇന്നെനിക്ക് ആ വസ്ത്രങ്ങള്‍ പാകമല്ലാതായി. എങ്കിലും ഇപ്പോഴും അവ നിധിപോലെ സൂക്ഷിക്കുന്നു. വധശിക്ഷയ്ക്കു വിധിക്കപ്പെട്ടുവെന്നറിഞ്ഞ്, കേസ് നടത്തിപ്പിനായി സ്വന്തം സ്വര്‍ണമാല അയച്ചുതന്ന തേന്‍മൊഴി അക്കയെ ഓര്‍ക്കുന്നു. പിന്നീട് അര്‍ബുദം ബാധിച്ച് മരിച്ച അവരെ എനിക്ക് കാണാന്‍ അവസരമുണ്ടായില്ല.

‘വിദേശത്തായിരുന്ന സെല്‍വ അണ്ണയെ (സെല്‍വരാജ്) ഞാന്‍ മിസ് ചെയ്യുന്നു. വധശിക്ഷയ്‌ക്കെതിരായ പോരാട്ടത്തില്‍ അമ്മയെ സഹായിച്ച നിസ്വാര്‍ത്ഥ വ്യക്തിയായിരുന്നു അദ്ദേഹം. പോരാട്ടത്തില്‍ എന്നോടൊപ്പം ഉണ്ടായിരുന്ന ഡല്‍ഹിയിലെ അഭിഭാഷകനായ എസ്. പ്രഭു രാമ സുബ്രഹ്മണ്യനെ ഞാന്‍ മിസ് ചെയ്യുന്നു. എല്ലാവരോടും നന്ദി പറയുന്നു,’ പേരറിവാളന്‍ കുറിച്ചു.

രാജീവ്ഗാന്ധി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുകയായിരുന്ന പേരറിവാളന്‍ ഇന്നലെയാണ് മോചിതനായത്. ചെന്നൈ പുഴല്‍ ജയിലില്‍ നിന്നാണ് പേരറിവാളന്‍ പുറത്തിറങ്ങിയത്.

സമ്പൂര്‍ണ്ണ നീതി ഉറപ്പാക്കാന്‍ ഭരണഘടന സുപ്രീംകോടതിക്ക് നല്‍കുന്ന അധികാരം ഉപയോഗിച്ചാണ് പേരറിവാളനെ മോചിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് സുപ്രീംകോടതി പുറപ്പെടുവിച്ചത്.

മോചനത്തിനുള്ള അപേക്ഷ പേരറിവാളന്‍ തമിഴ്നാട് ഗവര്‍ണര്‍ക്ക് 2015 ലാണ് നല്‍കിയത്. എന്നാല്‍ തീരുമാനം എടുക്കാതെ ഗവര്‍ണ്ണര്‍ ഇതു നീട്ടിക്കൊണ്ട് പോയപ്പോഴാണ് പേരറിവാളന്‍ സുപ്രീംകോടതിയില്‍ എത്തിയത്.

Content Highlights: Mukundan c. Menon and Justice VR.Krishna Iyer Perarivalan also thanked

Latest Stories

We use cookies to give you the best possible experience. Learn more