ന്യൂദൽഹി: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ തയ്യാറെടുത്ത് മുതർന്ന നേതാവ് മുകുൾ വാസ്നിക്കും. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വാസ്നിക്കിന് ഹൈക്കമാൻഡ് നിർദേശം നൽകി. വാസ്നിക്ക് നാളെ നാമനിർദേശ പത്രിക നൽകും.
അശോക് ഗെലോട്ട് മത്സരിച്ചില്ലെങ്കിൽ മുകുൾ വാസ്നിക്കിന് നറുക്ക് വീഴുമെന്ന് നേരത്തെ തന്നെ സൂചനകളുണ്ടായിരുന്നു. വ്യാഴാഴ്ചയാണ് അശോക് ഗെലോട്ട് മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ചത്. രാജസ്ഥാനിലെ സംഭവവികാസങ്ങളിൽ ഇടക്കാല അദ്ധ്യക്ഷ സോണിയാ ഗാന്ധിയോട് മാപ്പ് പറഞ്ഞുകൊണ്ടായിരുന്നു ഗെലോട്ടിന്റെ പിന്മാറ്റം.
2019ലെ പൊതു തെരഞ്ഞെടുപ്പിലുണ്ടായ തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുൽ ഗാന്ധി അദ്ധ്യക്ഷ സ്ഥാനമൊഴിഞ്ഞപ്പോഴും മുകുൾ വാസ്നിക്കിന്റെ പേര് ഉയർന്നു വന്നിരുന്നു.
മഹാരാഷ്ട്രയിൽ നിന്നുള്ള ദളിത് നേതാവായ വാസ്‌നിക് നരസിംഹറാവു സർക്കാരിൽ കായികം, യുവജനകാര്യം, പാർലമെന്ററികാര്യം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്തിരുന്നു. മൻമോഹൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള യു.പി.എ സർക്കാരിന്റെ കാലത്തും മന്ത്രിയായിരുന്നു.
അടുത്ത മാസം 17ന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ മുതിർന്ന നേതാവും എം.പിയുമായ ശശി തരൂരും, മുതിർന്ന നേതാവ് ദിഗ്വിജയ് സിങ്ങുമാണ് നിലവിൽ സ്ഥാനാത്ഥിത്വം പ്രഖ്യാപിച്ചിട്ടുള്ളത്. നാളെയാണ് ഇരുനേതാക്കളും പത്രിക സമർപ്പിക്കുന്നത്.
ശശി തരൂരും, ദിഗ്വിജയ് സിങ്ങും ഇന്ന് കൂടിക്കാഴ്ച നടത്തിയിരുന്നു. എതിരാളികൾ തമ്മിലുള്ള പോരാട്ടമല്ല നടക്കാൻ പോകുന്നത്. സഹപ്രവർത്തകർ തമ്മിലുള്ള സൗഹൃദ മത്സരമാണെന്ന് കൂടിക്കാഴ്ച്ചക്ക് പിന്നാലെ തരൂർ ട്വീറ്റ് ചെയ്തത്.