| Friday, 26th November 2021, 8:16 am

കോണ്‍ഗ്രസ് വിജയിക്കാനുള്ള ആഗ്രഹമില്ലാതെയാണ് തെരഞ്ഞെടുപ്പിന് ഇറങ്ങുന്നത്: മുകുള്‍ സാഗ്മ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വിജയിക്കാനുള്ള ആഗ്രഹമില്ലാതെയാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പോരാട്ടത്തിന് ഇറങ്ങുന്നതെന്ന് മുന്‍ മേഘാലയ മുഖ്യമന്ത്രി മുകുള്‍ സാഗ്മ. താനും മറ്റ് 11 എം.എല്‍.എമാരും എന്തുകൊണ്ടാണ് തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് മാറിയതെന്ന് എന്‍.ഡി.ടി.വിയോട് വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

‘ഞങ്ങള്‍ (കോണ്‍ഗ്രസ്) തെരഞ്ഞെടുപ്പ് പോരാട്ടത്തിലേക്ക് പോകുന്നത് ജയിക്കാനല്ല. ‘ചല്‍ത്താ ഹേ’ മനോഭാവത്തോടെയാണ് ഞങ്ങള്‍ പോകുന്നത്,’ സംഗ്മ പറഞ്ഞു.

മുന്‍ സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി പരാജയപ്പെട്ടതിന്റെ കാരണം പല സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ദുര്‍ബലമായതും പുനരുജ്ജീവനത്തിന് വിശ്വസനീയമായ പദ്ധതികളില്ലെന്നതുമാണെന്ന് അദ്ദേഹം പറഞ്ഞു.

തൃണമൂലിലേക്ക് മാറുന്നതിന് മുമ്പ് പാര്‍ട്ടി നേതൃത്വവുമായി പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ശ്രമിച്ചിരുന്നെന്നും എന്നാല്‍ ഫലമുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറാണ് തൃണമൂലില്‍ ചേരാന്‍ തന്നെ സമീപിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഇരുപക്ഷവും ഒന്നിലധികം റൗണ്ട് ചര്‍ച്ചകള്‍ നടത്തി, ഒരു ദീര്‍ഘകാല ദൗത്യമായിരുന്നു അതെന്നും സാഗ്മ പറഞ്ഞു.

മേഘാലയ എം.എല്‍.എമാര്‍ ബുധനാഴ്ച രാത്രിയോടെ നിയമസഭാ സ്പീക്കര്‍ മെത്ബ ലിംഗ്‌ദോക്ക് തങ്ങളുടെ പദവി മാറ്റത്തെക്കുറിച്ച് അറിയിച്ച് കത്ത് നല്‍കിയതായി വൃത്തങ്ങള്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവ് കീര്‍ത്തി ആസാദും മുന്‍ ഹരിയാന പി.സി.സി അധ്യക്ഷന്‍ അശോക് തന്‍വാറും പാര്‍ട്ടി വിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.

സാഗ്മ പാര്‍ട്ടി വിടുമെന്ന് നേരത്തെ തന്നെ സൂചന ഉണ്ടായിരുന്നെങ്കിലും എന്നാല്‍ അത്തരം റിപ്പോര്‍ട്ടുകള്‍ തള്ളിക്കൊണ്ട് അദ്ദേഹം തന്നെ രംഗത്തെത്തിയിരുന്നു.

ഇതുവരെ കോണ്‍ഗ്രസില്‍ നിന്നും തൃണമൂലിലേക്ക് നിരവധി നേതാക്കളാണ് എത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പിന് മുന്‍പ് പാര്‍ട്ടി വിപുലീകരിക്കാനുള്ള പദ്ധതികളാണ് തൃണമൂല്‍ കോണ്‍ഗ്രസ് മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ തയ്യാറാക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Mukul Sagma: Congress is going to the polls without any motivation to win

Latest Stories

We use cookies to give you the best possible experience. Learn more