കൊല്‍ക്കത്ത: ഏറെ അഭ്യൂഹങ്ങള്‍ക്കൊടുവില്‍ താന്‍ ബി.ജെ.പി വിടുകയാണെന്ന വാര്‍ത്തയോട് പ്രതികരിച്ച് മുതിര്‍ന്ന പാര്‍ട്ടി നേതാവ് മുകുള്‍ റോയി. താന്‍ ബി.ജെ.പിയില്‍ തന്നെ തുടരുമെന്നും തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുന്നെന്ന വാര്‍ത്ത വ്യാജമാണെന്നും മുകുള്‍ റോയി പറഞ്ഞു.
‘മറ്റ് ചില പാര്‍ട്ടികള്‍ ഉണ്ടാക്കിവിടുന്ന തെറ്റായ പ്രചരണങ്ങളാണത്. ഇക്കാര്യം ചോദിച്ച് എന്നെ ഒരുപാട് ആളുകള്‍ വിളിച്ചു. ഞാന്‍ ബി.ജെ.പിയിലാണ്. ഇവിടെത്തന്നെ തുടരും’, മുകുള്‍ റോയി മാധ്യമങ്ങളോട് പറഞ്ഞു.
മുകുള്‍ റോയി തന്റെ പഴയ പാര്‍ട്ടിയായ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് മടങ്ങാനൊരുങ്ങുകയാണെന്നായിരുന്നു പ്രചരിച്ചറിപ്പോര്‍ട്ടുകള്‍. സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളെ കുറിച്ച് ദല്‍ഹിയില്‍ കഴിഞ്ഞ മൂന്നു ദിവസങ്ങളില്‍ യോഗം നടന്നിരുന്നു. ഈ യോഗത്തില്‍ മുകുള്‍ റോയ് പങ്കെടുക്കാതിരുന്നതിനെ തുടര്‍ന്നാണ് അഭ്യൂഹങ്ങള്‍ ശക്തമായത്.
യോഗം നടന്ന ദിവസങ്ങളില്‍ റോയ് ദല്‍ഹിയിലുണ്ടായിരുന്നു. ചൊവ്വാഴ്ച ദല്‍ഹിയിലെത്തിയ റോയ് വെള്ളിയാഴ്ച ബംഗാളിലേക്ക് മടങ്ങുകയായിരുന്നു.
നേരത്തെ തൃണമൂല്‍ കോണ്‍ഗ്രസില്‍ രണ്ടാമനായിരുന്ന റോയ് പാര്‍ട്ടിയുമായി ഇടഞ്ഞ് 2017ലാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. മുകുള്‍ റോയ് ബി.ജെ.പിയിലെത്തിയതിനെ തുടര്‍ന്ന് നിരവധി എം.എല്‍.എമാരും നേതാക്കളും മറ്റു പാര്‍ട്ടികളില്‍ നിന്ന് ബി.ജെ.പിയിലെത്തിയിരുന്നു.