| Sunday, 6th December 2020, 8:08 am

തൃണമൂല്‍ കോണ്‍ഗ്രസ് എം.എല്‍.എയുടെ കൊലപാതകം; കുറ്റപത്രത്തില്‍ ബി.ജെ.പി ഉപാധ്യക്ഷന്‍ മുകുള്‍ റോയിയും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് എം.എല്‍.എ സത്യജിത്ത് ബിശ്വാസിനെ കൊലപ്പെടുത്തിയ കേസിന്റെ കുറ്റപത്രത്തില്‍ ബി.ജെ.പി ഉപാധ്യക്ഷന്‍ മുകുള്‍ റോയിയുടെ പേരും. അനുബന്ധ കുറ്റപത്രത്തിലാണ് മുകുള്‍ റോയിയുടെ പേര് ഉള്‍പ്പെട്ടിരിക്കുന്നത്.

ആറ് പേജുള്ള അനുബന്ധ കുറ്റപത്രത്തില്‍ ഗൂഢാലോചനകുറ്റമാണ് മുകുള്‍ റോയിയുടെ മേല്‍ ചുമത്തിയിരിക്കുന്നത്. ഐ.പി.സി സെക്ഷന്‍ 302, 120ബി, എന്നീ വകുപ്പുകളും ബി.ജെ.പി ഉപാധ്യക്ഷന്റെ മേല്‍ ചുമത്തി.

കേസന്വേഷണവുമായി ബന്ധപ്പെട്ട് സെപ്തംബര്‍ മാസം സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ബി.ജെ.പിയുടെ എം.പി ജഗനാഥ് സര്‍ക്കാരിന്റെ പേരും ഉള്‍പ്പെട്ടിരുന്നു. 2019 ഫെബ്രുവരി 19നാണ് തൃണമൂല്‍ കോണ്‍ഗ്രസ് എം.എല്‍.എ സത്യജിത്ത് ബിശ്വാസിനെ വെടിവെച്ചു കൊലപ്പെടുത്തിയത്.

ആക്രമണത്തിന് പിന്നാലെ ബി.ജെ.പി ആസൂത്രിതമായി ബിശ്വാസിനെ കൊലപ്പെടുത്തിയതാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചിരുന്നു.

അതേസമയം ബി.ജെ.പി നേതാക്കള്‍ക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്ന് മുകുള്‍ റോയ് പ്രതികരിച്ചു. മമത ബാനര്‍ജിയുടെ സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ബി.ജെ.പി നേതാക്കളോട് രാഷ്ട്രീയ വിരോധം തീര്‍ക്കുകയാണെന്നാണ് വിഷയത്തില്‍ ബി.ജെ.പി ഉന്നയിക്കുന്ന പ്രധാന ആരോപണം.

പശ്ചിമ ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും ബി.ജെ.പിയിലെത്തിയ മുകുള്‍ റോയിക്ക് ദേശീയ ഉപാധ്യക്ഷനായി സ്ഥാനകയറ്റം നല്‍കുന്നത്. മുകുള്‍ റോയിയെ മുന്‍നിര്‍ത്തി പശ്ചിമബംഗാളില്‍ കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ സാധിക്കുമെന്നായിരുന്നു അമിത് ഷായും ജെ.പി നദ്ദയും വിലയിരുത്തിയത്.

അതേസമയം ബംഗാളില്‍ കേന്ദ്ര സര്‍ക്കാരിന്റെ അന്വേഷണ ഏജന്‍സികളുടെ നേതൃത്വത്തില്‍ തൃണമൂല്‍ നേതാക്കള്‍ക്കെതിരെ വിവിധ കേസുകളിള്‍ കുറ്റം ചുമത്തിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സര്‍ക്കാരിനെതിരെ ആസൂത്രിത ഗൂഢാലോചന നടക്കുകയാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രതികരിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Mukul Roy named in TMC neta’s murder chargesheet; BJP in dilema

We use cookies to give you the best possible experience. Learn more