മുകുള്‍ റോയ് തൃണമൂല്‍ വൈസ് പ്രസിഡന്റ് ആയേക്കും; ഇസഡ് കാറ്റഗറി സുരക്ഷയൊരുക്കി സര്‍ക്കാര്‍
national news
മുകുള്‍ റോയ് തൃണമൂല്‍ വൈസ് പ്രസിഡന്റ് ആയേക്കും; ഇസഡ് കാറ്റഗറി സുരക്ഷയൊരുക്കി സര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 12th June 2021, 11:37 am

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തിയ മുകുള്‍ റോയ്ക്ക് സുരക്ഷ ഏര്‍പ്പെടുത്തി ബംഗാള്‍ സര്‍ക്കാര്‍. ഇസഡ് കാറ്റഗറി സുരക്ഷയാണ് മുകുള്‍ റോയ്ക്ക് ഏര്‍പ്പെടുത്തിയത്.

ബി.ജെ.പിയില്‍ നിന്നും തൃണമൂലിലേക്ക് തിരിച്ചുവരികയാണെന്ന് കഴിഞ്ഞ ദിവസമാണ് മുകുള്‍ റോയ് പറഞ്ഞത്. ഇതിന് പിന്നാലെയാണ് സുരക്ഷ ഏര്‍പ്പെടുത്താനുള്ള തീരുമാനം.

മുകുള്‍ റോയിയെ തൃണമൂല്‍ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ആക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

മുകുള്‍ റോയ്‌ക്കൊപ്പം മകന്‍ സുഭ്രാന്‍ഗ്ഷു റോയിയും തൃണമൂലിലേക്ക് തിരിച്ചെത്തും. മമതയുമായി മുകുള്‍ റോയ് കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.

2017 ലാണ് തൃണമൂല്‍ വിട്ട് മുകുള്‍ റോയ് ബി.ജെ.പിയിലെത്തിയത്. പശ്ചിമ ബംഗാള്‍ പിടിക്കാന്‍ ബി.ജെ.പി. നടത്തിയ ആദ്യ ശ്രമങ്ങളിലൊന്നായിരുന്നു മുകുള്‍ റോയിയുടെ പാര്‍ട്ടി പ്രവേശനം.

ബംഗാള്‍ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ബി.ജെ.പി. ദേശീയ ഉപാധ്യക്ഷനായും മുകുള്‍ റോയിയെ നിയമിച്ചിരുന്നു.

അതേസമയം മുകുള്‍ റോയിയെക്കൂടാതെ തൃണമൂല്‍ വിട്ട് ബി.ജെ.പിയിലെത്തിയ പല നേതാക്കളും മടങ്ങാനുള്ള നീക്കത്തിലാണ്. തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടു ബി.ജെ.പിയിലെത്തിയ നേതാക്കളെക്കുറിച്ചു തെരഞ്ഞെടുപ്പു ഫലത്തിനു ശേഷം വിവരമൊന്നുമില്ലെന്ന് ബി.ജെ.പി. വൃത്തങ്ങള്‍ പറഞ്ഞിരുന്നു.

തെരഞ്ഞെടുപ്പില്‍ തോറ്റതോടെ ഇവര്‍ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് മടങ്ങിയേക്കുമെന്നു സംശയിക്കുന്നതായി ബി.ജെ.പി. വൃത്തങ്ങള്‍ പറഞ്ഞിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിനു മുന്‍പ് മറ്റു പാര്‍ട്ടികളില്‍ നിന്നും 33 എം.എല്‍.എമാരാണു ബി.ജെ.പിയിലെത്തിയത്.

ഇതില്‍ ഭൂരിഭാഗം പേരും തൃണമൂല്‍ വിട്ടവരായിരുന്നു. മറ്റ് പാര്‍ട്ടികളില്‍ നിന്ന് വന്ന 18 എം.എല്‍.എമാര്‍ക്കും ബി.ജെ.പി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കിയിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Mukul Roy may likely the vice president of Trinamool congress