കൊല്‍ക്കൊത്ത: ബംഗാളിലെ മുതിര്‍ന്ന ബി.ജെ.പി നേതാവ് മുകുള്‍ റോയി തന്റെ പഴയ പാര്‍ട്ടിയായ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് മടങ്ങാനൊരുങ്ങുകയാണെന്ന് അഭ്യൂഹങ്ങള്‍. സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളെ കുറിച്ച് ദല്‍ഹിയില്‍ കഴിഞ്ഞ മൂന്നു ദിവസങ്ങളില്‍ യോഗം നടന്നിരുന്നു. ഈ യോഗത്തില്‍ മുകുള്‍ റോയ് പങ്കെടുക്കാതിരുന്നതിനെ തുടര്‍ന്നാണ് അഭ്യൂഹങ്ങള്‍ ശക്തമായത്.
യോഗം നടന്ന ദിവസങ്ങളില്‍ റോയ് ദല്‍ഹിയിലുണ്ടായിരുന്നു. ചൊവ്വാഴ്ച ദല്‍ഹിയിലെത്തിയ റോയ് വെള്ളിയാഴ്ച ബംഗാളിലേക്ക് മടങ്ങുകയായിരുന്നു. നേരത്തെ തൃണമൂല്‍ കോണ്‍ഗ്രസില്‍ രണ്ടാമനായിരുന്ന റോയ് പാര്‍ട്ടിയുമായി ഇടഞ്ഞ് 2017ലാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്.
മുകുള്‍ റോയ് ബി.ജെ.പിയിലെത്തിയതിനെ തുടര്‍ന്ന് നിരവധി എം.എല്‍.എമാരും നേതാക്കളും മറ്റു പാര്‍ട്ടികളില്‍ നിന്ന് ബി.ജെ.പിയിലെത്തിയിരുന്നു. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 18 ലോക്‌സഭ സീറ്റുകളില്‍ വിജയിക്കുവാനും കഴിഞ്ഞിരുന്നു. അതിനെ തുടര്‍ന്ന് മുകുള്‍ റോയിക്ക് പാര്‍ട്ടിയില്‍ മികച്ച സ്ഥാനം നല്‍കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ സംസ്ഥാന നേതൃത്വത്തിലോ, ദേശീയ നേതൃത്വത്തിലോ മികച്ച സ്ഥാനം നല്‍കാന്‍ ബി.ജെ.പി തയ്യാറായിട്ടില്ല.
ലോക്‌സഭ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരു വര്‍ഷം പിന്നിടുമ്പോള്‍ മുകുള്‍ റോയ്ക്ക് ബംഗാള്‍ ബി.ജെ.പിയില്‍ പഴയ സ്വാധീനമില്ല. തൃണമൂല്‍ കോണ്‍ഗ്രസിനകത്ത് കാര്യങ്ങള്‍ നിശ്ചയിച്ചിരുന്നത് പോലെ കെട്ടഴിച്ചു വിടാന്‍ ബി.ജെ.പി നേതൃത്വം തയ്യാറാവുന്നില്ല. ഇതില്‍ മുകുള്‍ റോയ് അസ്വസ്ഥനാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ബി.ജെ.പി പ്രധാന പ്രതിപക്ഷമെന്ന റോളിലേക്ക് വന്നതോടെ തൃണമൂല്‍ കോണ്‍ഗ്രസ് സംഘടന നേതൃത്വത്തിലേക്ക് യുവമുഖങ്ങളെ കൊണ്ടുവന്നിട്ടുണ്ട്. മുകുള്‍ റോയെ പോലെ പരിചയസമ്പന്നനായ ഒരു നേതാവ് പാര്‍ട്ടിയിലേക്ക് മടങ്ങി വരുന്നതില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് എതിര്‍പ്പില്ലെന്നാണ് വിവരം.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക