| Tuesday, 19th October 2021, 11:40 am

ലോകം എന്തും പറയട്ടെ, അവള്‍ എന്റേതാണ്; വിവാദങ്ങളില്‍ പ്രതികരിച്ച് മുക്ത

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: ഫ്ളവേഴ്സ് ചാനലിലെ സ്റ്റാര്‍ മാജിക് എന്ന പ്രോഗ്രാമിനിടെ നടത്തിയ പരാമര്‍ശം വിവാദമായതിന് പിന്നാലെ വിഷയത്തില്‍ പ്രതികരണവുമായി നടി മുക്ത.

‘അവള്‍ എന്റേതാണ്. ലോകം എന്തും പറയട്ടെ. ഞാന്‍ പറഞ്ഞ ഒരു വാക്കില്‍ കേറി പിടിച്ചു, അതു ഷെയര്‍ ചെയ്തു സമയം കളയാതെ. ഒരുപാടു പേര്‍ നമ്മളെ വിട്ടു പോയി. പിഞ്ചു കുഞ്ഞുങ്ങള്‍ അടക്കം. അവര്‍ക്കും ആ കുടുംബങ്ങള്‍ക്കും വേണ്ടി പ്രാര്‍ഥിക്കൂ,’ എന്നായിരുന്നു മുക്ത പറഞ്ഞത്.

ചാനല്‍ പരിപാടിക്കിടയില്‍ മകളെക്കുറിച്ച് മുക്ത നടത്തിയ പരാമര്‍ശമായിരുന്നു വിവാദത്തിന് കാരണമായത്. ഇതിന് പിന്നാലെയായിരുന്നു മുക്തക്കെതിരെ വനിതാ കമ്മീഷനും ബാലാവകാശ കമ്മീഷനും വാര്‍ത്താവിതരണ വകുപ്പിനും പരാതി നല്‍കി അഡ്വ. ഷഹീന്‍, എഴുത്തുകാരിയായ തനുജ ഭട്ടതിരി, അഡ്വക്കേറ്റ് കുക്കു ദേവകി, സുജാത വര്‍മ്മ, ലീനു ആനന്ദന്‍, എ.കെ. വിനോദ് തുടങ്ങിയവര്‍ രംഗത്തെത്തിയത്. സ്ത്രീവിരുദ്ധമായ പരാമര്‍ശത്തിനെതിരെയായിരുന്നു പരാതി.

മകളെ അത്യാവശ്യം ക്ലീനിംഗ്, കുക്കിംഗ് എല്ലാം ചെയ്യിപ്പിക്കുമെന്നും പെണ്‍കുട്ടികള്‍ ഇതെല്ലാം ചെയ്ത് പഠിക്കണമെന്നുമായിരുന്നു പരിപാടിയില്‍ പങ്കെടുത്ത് മുക്ത പറഞ്ഞത്.

കല്യാണം കഴിയുന്നത് വരെയാണ് ആര്‍ട്ടിസ്റ്റെന്നും അതുകഴിഞ്ഞാല്‍ നമ്മള്‍ വീട്ടമ്മയാണെന്നും മുക്ത പറഞ്ഞിരുന്നു. മകളും വേറെ വീട്ടില്‍ കയറി ചെല്ലേണ്ടതാണെന്നും ജോലി ചെയ്ത് പഠിക്കണമെന്നും മുക്ത പറയുന്നു. ഇതിനെതിരെയാണ് പരാതി.

പെണ്‍കുട്ടികള്‍ വിദ്യാഭ്യാസം ചെയ്തിട്ടും കാര്യമില്ലെന്നും അവള്‍ മറ്റൊരു വീട്ടില്‍ പോയി വീട്ടുവേല ചെയ്യേണ്ടവളാണെന്നുമുള്ള പരാമര്‍ശം ബാലവകാശ നിഷേധവും സ്ത്രീ വിരുദ്ധവും സ്ത്രീകളെ സാമൂഹികമായി അപമാനിക്കുന്നതുമാണെന്നും പരാതിയില്‍ പറയുന്നു.

ഇതില്‍ അന്വേഷണം നടത്തി ഇത്തരം പരിപാടികള്‍ പ്രക്ഷേപണം ചെയ്യുന്നത് തടയാനും നിലവില്‍ യൂട്യൂബ് വഴി പ്രചരിപ്പിക്കുന്ന പരിപാടി പിന്‍വലിക്കുന്നതിനും വേണ്ട നടപടികള്‍ കൈക്കൊള്ളണമെന്ന് ഇവര്‍ തുറന്ന കത്തിലൂടെ ആവശ്യപ്പെട്ടു.

നേരത്തെ ബോഡി ഷെയിമിംഗും വംശീയ അധിക്ഷേപവും തമാശയെന്ന മട്ടില്‍ അവതരിപ്പിക്കുന്നുവെന്ന വിമര്‍ശനങ്ങളും സ്റ്റാര്‍ മാജികിനെതിരെ ഉയര്‍ന്നിരുന്നു.

അഞ്ചു വയസുകാരി കിയാരയ്‌ക്കൊപ്പമായിരുന്നു മുക്ത ടെലിവിഷന്‍ പരിപാടിയില്‍ പങ്കെടുത്തത്. മകളെ എന്തൊക്കെ ജോലികളാണ് വീട്ടില്‍ പഠിപ്പിച്ചിരിക്കുന്നത് എന്ന അവതാരകയുടെ ചോദ്യത്തിന് മുക്ത നല്‍കിയ ഉത്തരമാണ് വിവാദമായത്.

‘അവളെ എല്ലാം പഠിപ്പിച്ചിട്ടുണ്ട്. കുക്കിങ്, ക്ലീനിങ് എല്ലാം പഠിപ്പിച്ചിട്ടുണ്ട്,’ എന്നു മുക്ത മറുപടി പറഞ്ഞു. ‘ഇതെന്താ ബാലവേലയാണോ’ എന്നായി പരിപാടിയിലുണ്ടായിരുന്ന ബിനു അടിമാലിയുടെ സംശയം. ‘അല്ല, പെണ്‍കുട്ടികള്‍ ഇതെല്ലാം ചെയ്തു പഠിക്കണം ചേട്ടാ…ആര്‍ടിസ്റ്റൊക്കെ കല്ല്യാണം കഴിയുന്നതു വരെയേ ഉള്ളൂ. അതു കഴിഞ്ഞ് നമ്മള്‍ വീട്ടമ്മ ആയി. നമ്മള്‍ ജോലി ചെയ്തു തന്നെ പഠിക്കണം. ഇവള്‍ വേറെ വീട്ടില്‍ കേറി ചെല്ലാനുള്ളതല്ലേ,’ എന്നായിരുന്നു മുക്തയുടെ മറുപടി. ഇതാണ് വിവാദമായത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Mukthas Response on Controversy

We use cookies to give you the best possible experience. Learn more