തിരുവനന്തപുരം ജില്ലയിലെ മുക്കുന്നിമലയിലും വെള്ളായണി കായലിലും വ്യാപകമായ നിയമലംഘനങ്ങള്‍ നടന്നതായി നിയമസഭ പരിസ്ഥിതി സമിതി കണ്ടെത്തി. പരിസ്ഥിതി സമിതി ചെയര്‍മാന്‍ മുല്ലക്കര രത്‌നാകരന്റെ നേതൃത്വത്തില്‍ നടത്തിയ സന്ദര്‍ശനത്തിലാണ് പ്രഥമദൃഷ്ട്യായുള്ള നിയമലംഘനങ്ങള്‍ സമിതിക്ക് ബോധ്യപ്പെട്ടത്. തണ്ണീര്‍ തടങ്ങളില്‍ നിന്ന് നിശ്ചിത അകലം പാലിച്ച് മാത്രമേ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താവൂ എന്ന നിയമം വെള്ളായണിയില്‍ ലംഘിക്കപ്പെട്ടതായും വ്യാപകമായ കയ്യേറ്റങ്ങള്‍ നടന്നിട്ടുള്ളതായും സമിതി കണ്ടെത്തിയിട്ടുണ്ട്.
പ്രദേശവാസികളുടെ പരാതിയില്‍ കഴമ്പുണ്ടെന്ന് വ്യക്തമായെന്നും മുക്കുന്നിമലയില്‍ കയ്യേറ്റവും നിയമലംഘനങ്ങളും ബോധ്യപ്പെട്ടെന്നും സമിതി ചെയര്‍മാന്‍ മുല്ലക്കര രത്‌നാകരന്‍ അറിയിച്ചു. എല്ലാ വകുപ്പുകളില്‍ നിന്നും റിപ്പോര്‍ട്ടുകള്‍ തേടിയിട്ടുണ്ടെന്നും അതിന്റെ അടിസ്ഥാനത്തിലാകും പരിഹാര നിര്‍ദ്ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വിശദമായ റിപ്പോര്‍ട്ട് അടുത്ത സഭാസമ്മേളനത്തില്‍ സമര്‍പ്പിക്കുകയെന്നും മുല്ലക്കര രത്‌നാകരന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.
റബ്ബര്‍ കൃഷിക്കായി പട്ടയം നല്‍കിയ ഭൂമിയില്‍ ഖനനം നടക്കുന്നതായി സമിതി കണ്ടെത്തിയിട്ടുണ്ട്. എം.എല്‍.എമാരായ കെ.വി വിജയദാസ്, അനില്‍ അക്കര, എം.വിന്‍സന്റ്, കെ.ബാബു തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു. എന്നാല്‍ പത്തോ പതിനഞ്ചോ മിനിറ്റ് കൊണ്ട് ഒരു ക്വാറി സന്ദര്‍ശിച്ച് സംഘം മടങ്ങുകയായിരുന്നുവെന്നും അങ്ങനെ മനസിലാക്കാന്‍ സാധിക്കുന്നതിലും വലുതാണ് മുക്കുന്നിമലയിലെ നിയമലംഘനങ്ങളും കയ്യേറ്റങ്ങളുമെന്ന് മുക്കുന്നിമല സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ പറയുന്നു. കഴിഞ്ഞ 25 കൊല്ലങ്ങളായി തുടരുന്ന ഖനനം നിയമവിരുദ്ധമാണെന്ന് വ്യക്തമാക്കുന്ന പതിനെട്ടോളം ഏജന്‍സികളുടെ റിപ്പോര്‍ട്ടുകള്‍ ഇപ്പോള്‍ തന്നെ നിലവിലുണ്ട്. എന്നാല്‍ ഖനനമാഫിയ ഇപ്പോഴും നിര്‍ബാധം മുക്കുന്നിമലയെ പൊട്ടിച്ച് തകര്‍ക്കുകയാണ്. മുക്കുന്നിമല സംരക്ഷണ സമിതി കണ്‍വീനര്‍ പി.ഗോപിപിള്ള പറയുന്നു.
1963 – 64 കാലഘട്ടത്തില്‍ അഭ്യസ്തവിദ്യരായ ചെറുപ്പക്കാര്‍ക്കും, സ്വാതന്ത്ര്യ സമരസേനാനികള്‍ക്കും കൃഷിഭൂമി പതിച്ച് നല്‍കുന്നതിന്റെ ഭാഗമായി 99 പേര്‍ക്കായി പതിച്ച് നല്‍കിയതാണ് മുക്കുന്നിമലയിലെ ഭൂമി. ഓരോരുത്തര്‍ക്കും മൂന്നര ഏക്കര്‍ വീതം ഭൂമിയാണ് നല്‍കിയത്. അതില്‍ അരയേക്കര്‍ വീട് വെക്കാനും വീട്ടാവശ്യത്തിനുള്ള കൃഷിക്കും, മൂന്നേക്കര്‍ റബ്ബര്‍ കൃഷിക്കുമായാണ് നല്‍കിയത്. ആ മൂന്നരയേക്കറില്‍ പാറ വരുന്ന ഭാഗം പാറ തരിശ് എന്ന് അടയാളപ്പെടുത്തി മാറ്റിയിട്ട ശേഷം ഓരോരുത്തര്‍ക്കും മൂന്നരയേക്കര്‍ ഭൂമി വിധത്തിലാണ് പട്ടയം നല്‍കിയിട്ടുള്ളത്. അതായത് മുക്കുന്നിമലയിലെ മുഴുവന്‍ പാറയും സര്‍ക്കാറിന്‍േതാണ് എന്ന് ചുരുക്കം. റബ്ബര്‍ കൃഷിക്കായി നല്‍കിയ ഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ലെന്നും അങ്ങനെ ചെയ്താല്‍ പട്ടയം റദ്ദ് ചെയ്ത് ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും പട്ടയ വ്യവസ്ഥയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
എന്നാല്‍ ഈ നിയമം ലംഘിച്ച് കൊണ്ടാണ് മുക്കുന്നിമലയില്‍ വര്‍ഷങ്ങളായി ഖനനം നടക്കുന്നത്. പട്ടയം കിട്ടിയ ഒരാള്‍ തന്നെയാണ് ആദ്യമായി ഇവിടെ ഖനനം തുടങ്ങിയത്. അത് ചെറിയ തോതിലായിരുന്നു. പിന്നെയാണ് സാധ്യതകള്‍ മനസിലാക്കി കൂടുതല്‍ ആളുകള്‍ ഖനനം ആരംഭിച്ചത്. 1991 മുതല്‍ ഖനന അനുമതികള്‍ നല്‍കിയതിന്റെ രേഖകള്‍ മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പില്‍ ലഭ്യമാണ്. 2000 ന് ശേഷമാണ് വന്‍കിട കമ്പനികള്‍ ഇവിടേക്ക് വരികയും ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച് വ്യാവസായിക അടിസ്ഥാനത്തില്‍ മുക്കുന്നിമലയെ തുരന്നെടുക്കുന്ന രീതിയിലുള്ള പാറ പൊട്ടിക്കല്‍ തുടങ്ങുകയും ചെയ്തത്.
2012 ല്‍ ഹൈക്കോടതി റബ്ബര്‍ കൃഷിക്ക് നല്‍കിയ ഭൂമി വ്യാവസായിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് തടയണമെന്നും ഭൂമി തിരിച്ച് പിടിക്കണമെന്നും ഉത്തരവിട്ടെങ്കിലും അന്നിരുന്ന കളക്ടറും തുടര്‍ന്ന് വന്ന കളക്ടറും ആ ഫയല്‍ എടുത്തില്ല. പിന്നീട് നടന്ന വിജിലന്‍സ് അന്വേഷണത്തില്‍ ഇവര്‍ കോടതിയലക്ഷ്യം നടത്തിയതായും കേസില്‍ പ്രതികളാക്കണമെന്നും ശുപാര്‍ശ ചെയ്തിരുന്നെന്നും ഗോപിപ്പിള്ള പറയുന്നു.
മുക്കുന്നിമല സ്വദേശിയായ ലതയെന്ന വീട്ടമ്മ നല്‍കിയ പരാതിയെ തുടര്‍ന്നാണ് മുക്കുന്നിമലയില്‍ കോടതി മേല്‍നോട്ടത്തില്‍ പരിശോധന നടത്തിയത്. ഗുരുതരമായ നിയമലംഘനങ്ങളാണ് വിജിലന്‍സ് സംഘം കണ്ടെത്തിയത്. 38 ഹെക്ടര്‍ സര്‍ക്കാര്‍ ഭൂമി കയ്യേറിയതായി വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. 292.1 കോടി രൂപ സര്‍ക്കാര്‍ ഖജനാവിന് നഷ്ടമുണ്ടായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. അനിയന്ത്രിതമായ ക്വാറിയിങ് മൂലമുണ്ടായ പാരിസ്ഥിതിക നഷ്ടം ആയിരം കോടിക്ക് മുകളില്‍ വരുമെന്നാണ് പ്രാഥമിക നിഗമനം. നാല്‍പ്പത് പേരെ പ്രതി ചേര്‍ത്താണ് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. ഇതില്‍ ഒന്നാം പ്രതി പള്ളിച്ചല്‍ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്നയാളാണ്. അദ്ദേഹത്തെ കോണ്‍ഗ്രസ് പുറത്താക്കി. ഇപ്പോള്‍ സി.പി.ഐ.യിലാണ് ഇയാള്‍ പ്രവര്‍ത്തിക്കുന്നത്. ജിയോളജിസ്റ്റ് രണ്ടാം പ്രതിയും, വില്ലേജ് ഓഫീസര്‍, പഞ്ചായത്ത് സെക്രട്ടറി തുടങ്ങിയ ഉദ്യോഗസ്ഥര്‍ മറ്റു പ്രതികളുമാണ്. ബാക്കി 35 പേര്‍ ക്വാറി ഉടമകളാണ്. വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടിന്മേല്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കുന്നതിന് ഇപ്പോള്‍ ക്വാറി ഉടമകള്‍ സ്റ്റേ വാങ്ങിയിരിക്കുകയാണ്. എന്നാല്‍ ഈ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ നിയമസഭാ പരിസ്ഥിതി സമിതി പരിഗണിക്കണമെന്ന ആവശ്യം സമരസമിതി ഉന്നയിച്ചിട്ടുണ്ട്.
മുക്കുന്നിമലയിലെ 88 ക്വാറികളില്‍ കണ്ണന്താനം ആന്‍ഡ് കമ്പനി, സതേണ്‍ ഗ്രാനൈറ്റ്‌സ്, വി.എസ്.സി ബ്ലൂ മെറ്റല്‍സ്, മെട്രോ ഗ്രൂപ്പ് ഇങ്ങനെ നാലു കമ്പനികളാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. മറ്റു ക്വാറികളില്‍ നിയമവിരുദ്ധമായി പാറ പൊട്ടിച്ച് ഇവരുടെ ക്രഷറുകളില്‍ എത്തിച്ച് പൊടിച്ച് വില്‍ക്കുന്നത് ഇപ്പോഴും തുടരുകയാണെന്ന് സമരസമിതി ആരോപിക്കുന്നു. നിയമസഭാ കമ്മിറ്റിയിലെ അംഗമായ അനില്‍ അക്കര എം.എല്‍.എയും ക്വാറിക്കാരും തമ്മില്‍ വാക്കേറ്റമുണ്ടായതായും ഗോപിപ്പിള്ള പറയുന്നു. വെള്ളം കെട്ടി നിര്‍ത്തിയിരിക്കുന്നത് പൊട്ടിച്ച് മാറ്റിയതിന്റെ ആഴം അറിയാതിരിക്കാനല്ലേ എന്ന എം.എല്‍.എയുടെ ചോദ്യമാണ് ക്വാറിക്കാരെ പ്രകോപിപ്പിച്ചത്. കോടതി വിധിയുടെ പേര് പറഞ്ഞാണ് ഈ ക്വാറികള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ആവശ്യമായ എല്ലാ അനുമതികളും ഉള്ളവയ്ക്ക് പ്രവര്‍ത്തിക്കാന്‍ തടസമില്ലെന്ന കോടതി വിധിയുടെ മറവിലാണിത്. എന്നാല്‍ മൈനിങ് ആന്‍ഡ് ജിയോളജിയുടെ പെര്‍മിറ്റ് അല്ലാതെ ഒരൊറ്റ അനുമതിയും ഇവര്‍ക്കില്ലെന്ന് സമരസമിതി പ്രവര്‍ത്തകര്‍ പറയുന്നു. പഞ്ചായത്ത് പോലും ഇവര്‍ക്ക് അനുമതി നല്‍കിയിട്ടില്ല. ഇതിനെയെല്ലാം മറച്ച് വെച്ചാണ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഇപ്പോഴും നിര്‍ബാധം ഖനനം തുടരുന്നത്.
“36 ലധികം റിട്ട് ഹര്‍ജികളാണ് ക്വാറി ഉടമകള്‍ പലപ്പോഴായി ഫയല്‍ ചെയ്തിട്ടുള്ളത്. അതിന്റെയെല്ലാം പിന്നാലെ പോകാന്‍ സമരസമിതിക്ക് ശേഷിയില്ല. അവര്‍ക്ക് കാശുള്ളത് കൊണ്ട് എങ്ങനെ വേണമെങ്കിലും വിധി വാങ്ങിച്ചെടുക്കാമല്ലോ” സമരസമിതിയിലെ ഒരു പ്രവര്‍ത്തകന്‍ ചോദിക്കുന്നു. തെറ്റായ സത്യവാങ്മൂലങ്ങളാണ് അവര്‍ നല്‍കുക. അതിനെ ചോദ്യം ചെയ്യാന്‍ ഒരു ഉദ്യോഗസ്ഥരും തയ്യാറാവില്ല. കോടതിവിധി ഉണ്ടെന്ന് പറഞ്ഞ് എല്ലാവരും കൈമലര്‍ത്തുകയാണ്. പൊലീസ് സ്റ്റേഷനില്‍ വിവരാവകാശം വഴി ചോദിച്ചപ്പോള്‍ തെറ്റായ വിവരങ്ങളാണ് നല്‍കുന്നത്. കേസ് നമ്പര്‍ പോലും തെറ്റായാണ് നല്‍കിയത്. സര്‍ക്കാര്‍ വകുപ്പുകളുടെ ഒത്താശയോടെ പാറ മാഫിയ നടത്തുന്ന നിയമലംഘനങ്ങള്‍ക്ക് നൂറു കണക്കിന് ഉദാഹരണങ്ങളാണ് ഇവര്‍ക്ക് ചൂണ്ടിക്കാട്ടാനുള്ളത്.
ഇന്ത്യന്‍ പ്രതിരോധ സംവിധാനത്തെ പോലും വെല്ലുവിളിച്ച് കൊണ്ടാണ് മുക്കുന്നിമലയിലെ ക്വാറി മാഫിയയുടെ പ്രവര്‍ത്തനം. പരിസ്ഥിതി അനുമതിക്ക് വേണ്ടി കെ.കെ റോക്ക്‌സ് എന്ന കമ്പനി സമര്‍പ്പിച്ച അപേക്ഷയില്‍ പറയുന്നത് ഏറ്റവും അടുത്തുള്ള പ്രതിരോധ സ്ഥാപനം എട്ടു കിലോമീറ്റര്‍ അകലെയുള്ള പാങ്ങോട് മിലിട്ടറി ക്യാമ്പാണെന്നാണ്. എന്നാല്‍ ഇവര്‍ പാറ പൊട്ടിക്കുന്നത് എയര്‍ ഫോഴ്‌സിന്റെ റഡാര്‍ സ്റ്റേഷന്റെ അതിര്‍ത്തി വേലി ഇളക്കി മാറ്റിയിട്ടാണ്. എയര്‍ ഫോഴ്‌സിന്റെ റഡാര്‍ സ്റ്റേഷനും, ആര്‍മിയുടെ ഇന്റഗ്രേറ്റഡ് ഫയറിങ് റേഞ്ചും മുക്കുന്നിമലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ഇവയുടെ 900 മീറ്റര്‍ പരിധിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പാടില്ലാത്തതാണ്. അതിന് പുറത്തുള്ളതിന് അവരുടെ പ്രത്യേക അനുമതിയും വേണം. ഈ നിയമങ്ങളൊന്നും മുക്കുന്നിമലയില്‍ പാലിക്കുന്നില്ലെന്ന് സമരസമിതി ആരോപിക്കുന്നു. എയര്‍ ഫോഴ്‌സ് പലതവണ നേമം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. ചീഫ് സെക്രട്ടറിയും എയര്‍ ഫോഴ്‌സ് വിങ് കമാണ്ടറും ഉള്‍പ്പെടുന്ന ഉന്നതതല യോഗങ്ങളിലും പലപ്പോഴും ഈ വിഷയം ചര്‍ച്ചയായിട്ടുണ്ടെങ്കിലും ഇത് വരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നത് ക്വാറി മാഫിയയുടെ സ്വാധീനത്തിന് തെളിവായി ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
“എല്ലാ പാര്‍ട്ടികളും ക്വാറി മാഫിയയില്‍ നിന്ന് പണം പറ്റുന്നുണ്ട്. അത് കൊണ്ടാണ് ഇത്രയും വ്യക്തമായ നിയമലംഘനം നടന്നിട്ടും ഇപ്പോഴും പാറ പൊട്ടിക്കല്‍ തുടരുന്നത്” മുക്കുന്നിമല സംരക്ഷണ സമിതി കണ്‍വീനര്‍ ഗോപിപ്പിള്ള പറയുന്നു. അടിമുടി അഴിമതിയില്‍ മുങ്ങി കുളിച്ച മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പാണ് ഈ അനധികൃത ഖനനത്തിനെല്ലാം ഒത്താശ ചെയ്യുന്നത്. മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പിന്റെ സംസ്ഥാന ഓഫീസിലേക്ക് മുക്കുന്നിമല സംരക്ഷണ സമിതി മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു.
ഇത് വരെ ഉണ്ടായിട്ടുള്ള വിവിധ ഏജന്‍സികളുടെ റിപ്പോര്‍ട്ടുകളും, കോടതി ഉത്തരവുകളും, വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടും ലാന്‍ഡ് റെവന്യൂ കമ്മീഷണറുടെയും റെവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെയും റിപ്പോര്‍ട്ടുകളും എല്ലാം തന്നെ മുക്കുന്നിമലയിലെ ഖനനം നിയമവിരുദ്ധവും പരിസ്ഥിതിയെ അപ്പാടെ തകര്‍ക്കുന്നതുമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതെല്ലാം പരിഗണിച്ച് മുക്കുന്നിമലയിലെ പാറ ഖനനം പൂര്‍ണ്ണമായും അവസാനിപ്പിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ നിയമസഭാ പരിസ്ഥിതി സമിതിയില്‍ നിന്നുണ്ടാകുമെന്നാണ് മുക്കുന്നിമലയുടെ അവശേഷിപ്പിനെയെങ്കിലും നിലനിര്‍ത്താന്‍ പോരാടുന്ന മുക്കുന്നിമല സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നത്.