ജമാഅത്തെ ഇസ്‌ലാമിയുമായി ധാരണയിലാണ് കോണ്‍ഗ്രസും ആര്‍.ജെ.ഡിയും; ജനങ്ങളോട് മറുപടി പറയേണ്ടി വരുമെന്ന് മുഖ്താര്‍ അബ്ബാസ് നഖ്‌വി
national news
ജമാഅത്തെ ഇസ്‌ലാമിയുമായി ധാരണയിലാണ് കോണ്‍ഗ്രസും ആര്‍.ജെ.ഡിയും; ജനങ്ങളോട് മറുപടി പറയേണ്ടി വരുമെന്ന് മുഖ്താര്‍ അബ്ബാസ് നഖ്‌വി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 25th October 2020, 5:21 pm

ന്യൂദല്‍ഹി: ബീഹാര്‍ തെരഞ്ഞടുപ്പില്‍ ജമാഅത്തെ  ഇസ്‌ലാമിയടക്കമുള്ള തീവ്ര സംഘടനകളുമായി ധാരണയിലേര്‍പ്പെട്ടിരിക്കുകയാണ് കോണ്‍ഗ്രസും ആര്‍.ജെ.ഡിയുമെന്ന് കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി. ബീഹാറിലെ ജനങ്ങളോട് ഇരു പാര്‍ട്ടികളും മറുപടി പറയണമെന്നും നഖ്‌വി പറഞ്ഞു.

മതേതര പാര്‍ട്ടിയെന്ന് സ്വയം അഭിസംബോധന ചെയ്യുന്ന കോണ്‍ഗ്രസ് തീവ്ര ആശയമുള്ള ഗ്രൂപ്പുകാരെ സ്‌പോണ്‍സര്‍ ചെയ്യുകയാണ്. ഇത് രാഷ്ട്രീയമല്ല.

രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കാര്യമാണ്. കേരളത്തില്‍ മാത്രമല്ല. രാജ്യത്തുടനീളം ഇത്തരത്തില്‍ സഖ്യങ്ങള്‍ രൂപീകരിച്ചിട്ടുണ്ടെന്നും നഖ്‌വി പറഞ്ഞു.

ബി.ജെ.പിയോട് നിരവധി ചോദ്യങ്ങള്‍ ഉന്നയിക്കുന്ന കോണ്‍ഗ്രസ് ജമാഅത്തെ  ഇസ്‌ലാമി, പോപ്പുലര്‍ ഫ്രണ്ട്, എന്നിവരോടുള്ള നിലപാട് വ്യക്തമാക്കണം. തീവ്ര ആശയക്കാരെ സംരക്ഷിക്കുകയാണ് കോണ്‍ഗ്രസ് എന്നും നഖ്‌വി പറഞ്ഞു. ബീഹാര്‍ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെയാണ് നഖ്‌വിയുടെ ഈ പരാമര്‍ശം.

അതേസമയം തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമായി മുന്നേറുന്നതിനിടെ ബി.ജെ.പി പുറത്തിറക്കിയ തെരഞ്ഞെടുപ്പ് പ്രകടന പത്രികയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനമുയരുകയാണ്.

കഴിഞ്ഞ ദിവസമാണ് ബി.ജെ.പി നേതൃത്വം തങ്ങളുടെ പ്രകടന പത്രിക പുറത്തുവിട്ടത്. തെരഞ്ഞെടുപ്പില്‍ വിജയിക്കുകയാണെങ്കില്‍ ബീഹാറിലെ ഓരോരുത്തര്‍ക്കും സൗജന്യമായി കൊവിഡ് വാക്‌സിന്‍ ലഭ്യമാക്കുമെന്നാണ് പ്രകടന പത്രികയിലെ ആദ്യ വാഗ്ദാനം.

ബീഹാറിലെ യുവജനങ്ങള്‍ക്ക് 19 ലക്ഷം പുതിയ ജോലികളും ബി.ജെ.പിയുടെ വാഗ്ദാനങ്ങളില്‍ ഉള്‍പ്പെടുന്നു. 2022 ഓടെ 3 ലക്ഷം പുതിയ അധ്യാപകരെയും ദരിദ്രര്‍ക്ക് 30 ലക്ഷം വീടുകളും ആരോഗ്യമേഖലയില്‍ ഒരു ലക്ഷം ജോലികളും സൃഷ്ടിക്കുമെന്നും ബി.ജെ.പി വാഗ്ദാനം ചെയ്യുന്നുണ്ട്.

അതേസമയം, ബീഹാറില്‍ അധികാരത്തിലെത്തിയാല്‍ 10 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ തേജസ്വി യാദവിനെ പരിഹസിച്ച് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രംഗത്തെത്തിയിരുന്നു.

10 ലക്ഷം പേര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കിയാല്‍ ഇവര്‍ക്ക് കൊടുക്കാനുള്ള ശമ്പളത്തിനായുള്ള പണം ജയിലില്‍ നിന്ന് കൊണ്ടുവരുമോ അതോ വ്യാജ നോട്ട് ഉപയോഗിക്കുമോ എന്നായിരുന്നു നിതീഷിന്റെ ചോദ്യം.

കാലിത്തീറ്റ അഴിമതി കേസില്‍ ജയിലില്‍ കഴിയുന്ന ലാലു പ്രസാദ് യാദവിനെ കൂടി പരോക്ഷമായി വിമര്‍ശിച്ചായിരുന്നു നിതീഷിന്റെ മറുപടി.

ബീഹാറില്‍ മൂന്ന് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഒക്ടോബര്‍ 28, നവംബര്‍ 3,7 തിയതികളിലായിട്ടാണ് തെരഞ്ഞെടുപ്പ്. നവംബര്‍ പത്തിനാണ് വോട്ടെണ്ണല്‍.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: Mukhtar Abbas Naqvi Slams Congress And RJD