അപ്പന്റെ മരണം വെച്ച് സംവിധാനം പഠിച്ചു, ഹെവി മ്യൂസിക് വിത്ത് താമരപ്പൂവ്; വീഡിയോഗ്രാഫറെ കൊല്ലാതെ വിട്ട ഇന്നസെന്റിന്റെ കഥയുമായി മുകേഷ്
Entertainment news
അപ്പന്റെ മരണം വെച്ച് സംവിധാനം പഠിച്ചു, ഹെവി മ്യൂസിക് വിത്ത് താമരപ്പൂവ്; വീഡിയോഗ്രാഫറെ കൊല്ലാതെ വിട്ട ഇന്നസെന്റിന്റെ കഥയുമായി മുകേഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 18th February 2022, 11:49 am

മലയാള സിനിമയിലെ ഹാസ്യ രാജാക്കന്മാരില്‍ ഒരാളാണ് മുകേഷ്. മുകേഷിനൊപ്പം ഏത് നടന്‍ അഭിനയിച്ചാലും വല്ലാത്തൊരു കെമിസ്ട്രി വര്‍ക്ക് ഔട്ടാവുന്നതും നമ്മള്‍ കണ്ടിട്ടുണ്ട്. ഇന്നസെന്റും മുകേഷും ഒരുമിച്ചഭിനയിച്ച സിനിമകളിലും ആ കെമിസ്ട്രിയുണ്ട്.

ഇവരുടെ കോമ്പിനേഷനില്‍ തൊണ്ണൂറുകളിലും എണ്‍പതുകളിലും റിലീസ് ചെയ്ത സിനിമകള്‍ക്ക് ഇപ്പോഴും ആരാധകരുണ്ട്. അക്കൂട്ടത്തില്‍ മുകേഷ് കഥകള്‍ക്കും ആരാധകര്‍ ഏറെയാണ്. തന്റെ സിനിമാ സെറ്റിലെ അനുഭവങ്ങള്‍ പങ്കുവെക്കാനായി ഒരു യുട്യൂബ് ചാനലും അടുത്തിടെ മുകേഷ് ആരംഭിച്ചിരുന്നു.

മുകേഷ് സ്പീക്കിങ് എന്ന പേരിലാണ് അദ്ദേഹം യുട്യൂബ് ചാനല്‍ ആരംഭിച്ചിരിക്കുന്നത്. ഗോഡ്ഫാദര്‍ സിനിമയുടെ ചിത്രീകരണത്തിനിടെ നടന്ന അനുഭവങ്ങളും ശ്രീനിവാസന്‍, മമ്മൂട്ടി അടക്കമുള്ള നടന്മാര്‍ക്കൊപ്പമുള്ള അനുഭവങ്ങളും അടുത്തിടെ മുകേഷ് പങ്കുവെച്ചിരുന്നു.

ഇപ്പോള്‍ ഏറ്റവും പുതിയതായി പങ്കുവെച്ച വീഡിയോയില്‍ നടന്‍ ഇന്നസെന്റിന്റെ രസകരമായ അനുഭവങ്ങളെ കുറിച്ചാണ് മുകേഷ് പറയുന്നത്.

ഏത് വിഷമഘട്ടത്തേയും പുഞ്ചിരിയോടെയാണ് ഇന്നസെന്റ് കൈകാര്യം ചെയ്യുകയെന്നും ഇന്നസെന്റിന്റെ പിതാവ് മരിച്ച സമയത്ത് നടന്ന ചില സംഭവങ്ങളെ കുറിച്ച് ഇന്നസെന്റ് തന്നെ പറഞ്ഞ കഥകളെ കുറിച്ചുമാണ് മുകേഷ് സംസാരിക്കുന്നത്.

‘ഇന്നസെന്റ് ചേട്ടന്‍ ചെറുപ്പം മുതല്‍ പഠനത്തിനോട് അധികം താല്‍പര്യമില്ലാത്ത വ്യക്തിയായിരുന്നു. അദ്ദേഹത്തിന്റെ സഹോദരങ്ങള്‍ പഠിച്ച് ഉന്നത വിദ്യാഭ്യാസം നേടി വിദേശത്ത് അടക്കം ജോലി ചെയ്യുകയുമെല്ലാമാണ്. ഇന്നസെന്റ് ജീവിതത്തില്‍ മുന്നേറുകയില്ലേയെന്ന കാര്യത്തില്‍ അദ്ദേഹത്തിന്റെ അച്ഛന് വേവലാതിയുണ്ടായിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം അദ്ദേഹത്തിന്റെ അച്ഛന്‍ മരിച്ചു.

മരണാനന്തര ചടങ്ങുകള്‍ വീഡിയോ കാസറ്റാക്കി സൂക്ഷിക്കുന്നതിന് വേണ്ടി ആളുകളെ ഏര്‍പ്പാട് ചെയ്തിരുന്നു. മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്ക് വീഡിയോ കാസറ്റുകള്‍ അയച്ച് നല്‍കാനാണ് ഉദ്ദേശിച്ചിരുന്നത്. അവിടെ അടുത്തുള്ള ഒരാളാണ് ചടങ്ങുകളുടെ വീഡിയോ പകര്‍ത്താനെത്തിയത്. വീഡിയോ ചിത്രീകരിക്കാന്‍ എത്തിയപ്പോള്‍ അദ്ദേഹം ഇന്നസെന്റ് ചേട്ടനോട് പറഞ്ഞു, താന്‍ സംവിധാനമാണ് ആഗ്രഹിക്കുന്നതെന്നും നല്ല വീഡിയോകള്‍ ചിത്രീകരിച്ച ശേഷംസംവിധായകരെ ഇതുകൊണ്ടുപോയി കാണിച്ച് ചാന്‍സ് ചോദിച്ച് സിനിമയില്‍ ശോഭിക്കാനാണ് ആഗ്രഹിക്കുന്നതെന്നും പറഞ്ഞു.

ശേഷം അയാള്‍ വീഡിയോ പകര്‍ത്തി പോയി. കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞ് വീഡിയോയുമായി വീട്ടിലെത്തി. അന്ന് എല്ലാ വീടുകളിലും ടി.വിയില്ല. അതുള്ള വീട്ടില്‍ പോയാണ് കാസറ്റിട്ട് വീഡിയോ കണ്ടത്. അങ്ങനെ വീഡിയോ ആരംഭിച്ചു. മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാത്തവര്‍ വരെ വീഡിയോ കാണാന്‍ എത്തിയിരുന്നു.

വീഡിയോയുടെ തുടക്കത്തില്‍ ഒരു താമരപ്പൂവാണ്. വിത്ത് ഹെവി മ്യൂസിക്. താമരപ്പൂവ് ചെറിയ രീതിയില്‍ ആടി തുടങ്ങി. പിന്നെ വലിയ ശക്തിയായി ആടുന്നതാണ് കാണിക്കുന്നത്. ശേഷം ഹെവി മ്യൂസിക് അവസാനിക്കുമ്പോള്‍ താമരപ്പൂവ് വാടി വീഴുന്നു. എന്നിട്ട് വറീദ് തെക്കേത്തല എന്ന എഴുത്താണ് കാണിക്കുന്നത്. അപ്പന്റെ മരണത്തെ തമാശയാക്കിയത് കണ്ട് ഇന്നസെന്റിന് കലിയടക്കാനായില്ല.

അവിടെ വീഡിയോ കാണാന്‍ കൂടി നിന്നവരെല്ലാം വീഡിയോയെ പ്രശംസിക്കുന്നുണ്ടെങ്കിലും തന്നേയും കുടുംബത്തേയും കളിയാക്കിയതാണോ വീഡിയോഗ്രാഫര്‍ എന്ന തോന്നലും സങ്കടവുമായിരുന്നു ഇന്നസെന്റിന്. വീഡിയോ കാണാന്‍ വീഡിയോഗ്രാഫറും എത്തിയിരുന്നു. മറ്റുള്ളവര്‍ എല്ലാം വീഡിയോയെ പ്രശംസിച്ചപ്പോള്‍ ആനിമേഷനിലൂടെ അപ്പനെ കളിയാക്കിയെന്നും അപ്പന്റെ മരണ വീഡിയോയില്‍ സംവിധാനം പഠിച്ചുവെന്നും പറഞ്ഞ് വീഡിയോഗ്രാഫര്‍ക്ക് കണക്കിന് കൊടുക്കുകയാണ് ഇന്നസെന്റ് ചെയ്തത്,’ മുകേഷ് വീഡിയോയില്‍ പറഞ്ഞു.

സംഭവം നടന്നത് ഇങ്ങനെയൊക്കെ ആണെങ്കിലും അദ്ദേഹം ഈ സംഭവങ്ങള്‍ നമ്മോട് നര്‍മത്തില്‍ കലര്‍ത്തിയാണ് പറയാറുള്ളതെന്നും മുകേഷ് കൂട്ടിച്ചേര്‍ത്തു.


Content Highlights: Mukesh tells the story of Innocent who attacked the videographer on his father’s death