മമ്മൂട്ടി, ശ്രീനിവാസന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ സൂപ്പര്‍ ഹിറ്റ് മലയാള ചിത്രമാണ് കഥ പറയുമ്പോള്‍. ബാര്‍ബര്‍ ബാലനും സൂപ്പര്‍ സ്റ്റാര്‍ അശോക് രാജും തമ്മിലുള്ള സൗഹൃദത്തിന്റെ കഥയാണ് എം. മോഹനന്‍ സംവിധാനം ചെയ്ത ചിത്രം പറഞ്ഞിരുന്നത്.
സിനിമയില്‍ ഏറ്റവും ശ്രദ്ധ നേടിയ രംഗമായിരുന്നു മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പ്രസംഗം. ബാലനുമായി അശോക് രാജിനുണ്ടായിരുന്ന സൗഹൃദത്തിന്റെ കഥ പറയുന്ന പ്രസംഗം പ്രേക്ഷകരുടെ കണ്ണ് നിറക്കാന്‍ പോന്നതായിരുന്നു.
ഈ രംഗം ഷൂട്ട് ചെയ്തപ്പോഴുണ്ടായ അനുഭവം പങ്കുവെക്കുകയാണ് ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച മുകേഷ്. ഈ രംഗത്തിന്റെ ഷൂട്ടിനായി ഒരു ജനക്കൂട്ടം തന്നെയുണ്ടായിരുന്നുവെന്നും എന്നാല്‍ സംവിധായകന് അവര്‍ക്ക് ഒരു നിര്‍ദേശം പോലും നല്‍കേണ്ടി വന്നിരുന്നില്ലെന്നും മുകേഷ് പറഞ്ഞു. സാധാരണ ഗതിയില്‍ സംവിധായകന് അലറേണ്ടി വരാറുണ്ടെന്നും എന്നാല്‍ മമ്മൂട്ടിയുടെ ഡയലോഗ് കേട്ട് ജനങ്ങളുടെ കണ്ണ് നിറഞ്ഞുവെന്നും മുകേഷ് സ്പീക്കിങ് എന്ന തന്റെ യൂട്യൂബ് ചാനലില്‍ അദ്ദേഹം പറഞ്ഞു.
‘കഥയുടെ അവസാന ഭാഗത്ത് മമ്മൂക്ക വന്ന് ഒരു പ്രസംഗം നടത്തുന്നുണ്ട്. പേരന്റ്‌സ് ടീച്ചേഴ്‌സ് അസോസിയേഷനും സൂപ്പര്‍ സ്റ്റാറിനെ കാണാന്‍ വരുന്ന കുറെ നാട്ടുകാരും വന്ന് നില്‍ക്കുന്നുണ്ട്. അവര്‍ക്ക് ഈ കഥ എന്താണെന്ന് അറിയില്ല, ബാര്‍ബര്‍ ബാലനെ അറിയില്ല, അദ്ദേഹത്തിന്റെ ഫ്രണ്ടാണ് ഈ സൂപ്പര്‍ സ്റ്റാറെന്ന് അറിയില്ല, വേറെ ഒന്നും അറിയില്ല.
സാധാരണ ഗതിയില്‍ ഇത്തരം രംഗങ്ങള്‍ എടുക്കുമ്പോള്‍ സംവിധായകന്‍ കിടന്ന് കാറണം, സങ്കടപ്പെട്ട് കണ്ണ് നിറഞ്ഞിരിക്കട്ടെ, നിങ്ങള്‍ ചിരിച്ച് കൊണ്ട് സംസാരിക്കാതിരിക്കൂ, എന്നൊക്കെ പറയേണ്ട സംവിധായകന്‍ മിണ്ടാതിരിക്കുകയാണ്.
കട്ട് ചെയ്‌തെടുക്കുന്ന ഈ രംഗത്തിലെ മമ്മൂക്കയുടെ ഈ ഡയലോഗ് ഡെലിവെറിയും ഇമോഷനും കണ്ടിട്ട് ആളുകള്‍ കരഞ്ഞുകൊണ്ടിരിക്കുകയാണ്. അങ്ങനെ ഒരു സീന്‍ എന്റെ ജീവിതത്തിലോ സിനിമയിലോ നാടകത്തിലോ ഇതിന് മുമ്പും പിമ്പും കണ്ടിട്ടില്ല,’ മുകേഷ് പറഞ്ഞു.
Content Highlight: mukesh talks about the climax shoot of kadha parayumbol