| Saturday, 9th December 2023, 6:29 pm

ചെറിയ ഡയലോഗും റോളും മാത്രമേ താന്‍ ചെയ്യുകയുള്ളുവെന്ന് അന്ന് സലീംകുമാര്‍ വാശിപിടിച്ചു: മുകേഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് മുകേഷ്. ഇപ്പോള്‍ ‘മന്നാടിയാര്‍പെണ്ണിന് ചെങ്കോട്ടചെക്കന്‍’ എന്ന സിനിമയുടെ ഷൂട്ടിന് ഇടയില്‍ ഉണ്ടായ ഒരു അനുഭവത്തെ കുറിച്ച് പറയുകയാണ് താരം. സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മുകേഷ്.

‘നമ്മുടെ സലിംകുമാര്‍ മിമിക്രിയില്‍ നിന്നാണ് സിനിമയിലേക്ക് വന്നത്. ‘മന്നാടിയാര്‍പെണ്ണിന് ചെങ്കോട്ടചെക്കന്‍’ എന്ന സിനിമയില്‍ സലിംകുമാര്‍ ഒരു വൈദ്യര്‍ ആയിട്ടാണ് അഭിനയിക്കുന്നത്.

മന്നാടിയാര്‍ കുടുംബത്തെ ചികിത്സിക്കുന്ന ആളാണ് ആ കഥാപാത്രം. ഒരു ദിവസം ഞാന്‍ ഷൂട്ടിങ്ങിന് ലൊക്കേഷനിലേക്ക് ചെന്നപ്പോള്‍ സലിംകുമാര്‍ എന്നെ കാത്ത് നില്‍ക്കുകയായിരുന്നു.

എന്റെ അടുത്തേക്ക് വന്നിട്ട് ആള്‍ക്ക് ഒരു പ്രശ്‌നം ഉണ്ടെന്ന് പറഞ്ഞു. എന്താണെന്ന് ചോദിച്ചപ്പോള്‍ അവിടുന്ന് മാറി നിന്ന് സംസാരിക്കാമെന്നും പറഞ്ഞു.

മാറി നിന്ന് കാര്യം ചോദിച്ചപ്പോള്‍, ‘അവര്‍ ഇന്ന് ഷൂട്ട് ചെയ്യാനുള്ള സീന്‍ കൊണ്ടുവന്നു തന്നു. ആ സീന്‍ ഒരു ഷോട്ടില്‍ എടുക്കണമെന്നാണ് പറയുന്നത്. എങ്കിലേ ആ ഹ്യൂമര്‍ വര്‍ക്ക് ആകുകയുള്ളുവത്രേ’ എന്ന് പറഞ്ഞു.

അതിന് എന്താണ് പ്രശ്‌നമെന്ന് ചോദിച്ചപ്പോള്‍ ‘എനിക്ക് ആ സീനില്‍ ഒരുപാട് ഡയലോഗുകളുണ്ട്. മുകേഷേട്ടനും ഞാനും തമ്മിലുള്ള സീന്‍ ആണത്’ എന്ന് സങ്കടത്തോടെ പറഞ്ഞു. എനിക്ക് അപ്പോഴും കാര്യം മനസിലായില്ല.

വീണ്ടും പ്രശ്‌നം ചോദിച്ചപ്പോള്‍ സലിംകുമാര്‍ പറഞ്ഞത്, ‘അതൊന്നും പറ്റില്ല’ എന്നായിരുന്നു. ‘ഞാന്‍ അതൊക്കെ തെറ്റിക്കും, പിന്നെ കുഴപ്പമാകും. ചെറിയ ഡയലോഗും ചെറിയ റോളും മാത്രമേ എനിക്ക് പറ്റുകയുള്ളൂ.

മുകേഷേട്ടന്‍ അതൊന്ന് പറഞ്ഞ് മനസിലാക്കണം. ഈ സീന്‍ എടുത്താല്‍ എല്ലാവര്‍ക്കും കുഴപ്പമാകും. രാവിലെ മുതല്‍ രാത്രി വരെ ഇതുതന്നെ എടുക്കേണ്ടി വരും’ എന്നും പറഞ്ഞു.

ഉടനെ ഞാന്‍ തനിക്ക് പറ്റില്ലെന്ന് ആര് പറഞ്ഞെന്ന് ചോദിച്ചു. നിനക്കേ പറ്റുള്ളൂ എന്നും, നീ മിമിക്രിയൊക്കെ ചെയ്യുന്നത് ഞാന്‍ കണ്ടിട്ടില്ലേയെന്നുമൊക്കെ ഞാന്‍ ചോദിച്ചു.

നീ ടീവിയില്‍ മറ്റുള്ളവരുടെ രൂപത്തിലും ഭാവത്തിലും വന്ന് നോണ്‍സ്റ്റോപ്പ് ആയിട്ട് ചെയ്യുന്നതല്ലേ എന്നൊക്കെ ചോദിച്ച് പതിനഞ്ച് മിനിട്ട് ബോധവല്‍ക്കരണം നടത്തി.

ചെയ്യാന്‍ പറ്റിയില്ലേല്‍ നമുക്ക് അപ്പോള്‍ നോക്കാമെന്നും ഇല്ലേല്‍ നമുക്ക് പഠിക്കാമെന്നുമൊക്കെ ഞാന്‍ പറഞ്ഞു. അന്ന് ഫസ്റ്റ് ടേക്കില്‍ തന്നെ ആ സീന്‍ ഓക്കേയായി.

പിന്നെ സലിംകുമാര്‍ എന്റെ അടുത്തേക്ക് വന്നു, ചേട്ടന്‍ അങ്ങനെ പറഞ്ഞില്ലായിരുന്നെങ്കില്‍ ഞാന്‍ ഒരിക്കലും അത്രയും വലിയ റോള്‍ ചെയ്യില്ലായിരുന്നെന്ന് പറഞ്ഞു. ആ ആള്‍ പിന്നീട് ഇന്ത്യയിലെ ബെസ്റ്റ് ആക്ടറായി,’ മുകേഷ് പറഞ്ഞു.


Content Highlight: Mukesh Talks About Salim Kumar

We use cookies to give you the best possible experience. Learn more