| Saturday, 27th May 2023, 12:57 pm

ആ ഓണത്തിന് അദ്ദേഹം അതുവഴി വന്നില്ലായിരുന്നെങ്കില്‍ നമുക്കൊരു ഒളിമ്പ്യനെ നഷ്ടമായേനെ: മുകേഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ത്യയെ പ്രതിനിധീകരിച്ച് ജമ്പിങ് ഇനങ്ങളില്‍ ഒളിമ്പിക്‌സില്‍ പങ്കെടുത്ത താരമാണ് ഒളിമ്പ്യന്‍ സുരേഷ് ബാബു. ഒരു ഓണപ്പരിപാടിയില്‍ പങ്കെടുത്തില്ലായിരുന്നെങ്കില്‍ അദ്ദേഹത്തെ പോലൊരു സ്‌പോര്‍ട്‌സ് താരത്തെ ലഭിക്കില്ലായിരുന്നു എന്ന് പറയുകയാണ് നടനും സുരേഷ്ബാബുവിന്റെ ബന്ധുകൂടിയായ കൊല്ലം എം.എല്‍.എ മുകേഷ്.

അവസരങ്ങള്‍ ലഭിക്കാത്തത് കൊണ്ട് ഒന്നുമാകാതെ പോയ ഒരുപാട് പേര്‍ ഉണ്ടെന്നും, അവിചാരിതമായി പങ്കെടുത്ത ഒരു ഓണപ്പരിപാടിയാണ് സുരേഷ് ബാബുവിനെ ഒളിമ്പ്യനാക്കിയതെന്നും മുകേഷ് പറയുന്നു. മുകേഷ്‌ സ്പീക്കിങ്‌ എന്ന തന്റെ യുട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘നാട്ടിലെ ഒരു ഓണപ്പരിപാടിക്ക് കായികമത്സരങ്ങളില്‍ പങ്കെടുക്കാനുള്ളവരുടെ പേര് നല്‍കുന്നതിനുള്ള ക്യൂവില്‍ നില്‍ക്കുമ്പോഴാണ് ബന്ധുവായ ഒരാള്‍ അതു വഴി വന്നത്. എന്നേക്കാള്‍ മുതിര്‍ന്ന ക്ലാസില്‍ പഠിക്കുന്ന ആളായിരുന്നു. അത്യാവശ്യം ഉയരമുണ്ടായിരുന്നു അദ്ദേഹത്തിന്. അദ്ദേഹം എന്താണ് ഇവിടെ ക്യൂ നില്‍ക്കുന്നത് എന്ന് ചോദിച്ചു.

ഞാന്‍ പറഞ്ഞു, ഓണപ്പരിപാടിക്ക് കായിക മത്സരങ്ങളില്‍ പങ്കെടുക്കാനുള്ള പേര് നല്‍കാനുള്ള ക്യൂവാണ്. അദ്ദേഹത്തിന് പങ്കെടുക്കാമോ എന്ന് ചോദിച്ചപ്പോള്‍ ഞാന്‍ പറ്റുമെന്ന് പറഞ്ഞു. ഏത് ഇനത്തിലാണ് തനിക്ക് പങ്കെടുക്കാന്‍ പറ്റുക എന്നും അദ്ദേഹം ചോദിച്ചു. കാലുകള്‍ക്ക് ഉയരമുള്ളത് കൊണ്ട് ജമ്പിങ് ഇനങ്ങളില്‍ പങ്കെടുക്കാമെന്നും ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു.

ഹൈജമ്പിനും, ട്രിപ്പിള്‍ ജമ്പിനും പരിശീലനവും പരിചയവും ആവശ്യമുള്ളതിനാല്‍ അത് രണ്ടും വേണ്ട, ലോങ് ജമ്പില്‍ പങ്കെടുക്കാം എന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. അങ്ങനെ അദ്ദേഹം ആ പരിപാടിയില്‍ പങ്കെടുത്തു. ആദ്യ ചാട്ടത്തില്‍ തന്നെ അദ്ദേഹം ജമ്പിങ് പിറ്റിനും പുറത്ത് ഫിനിഷ് ചെയ്തു. ആദ്യമായാണ് അവിടെ ഒരാള്‍ അത്രയും നീളത്തില്‍ ചാടിയത്. അദ്ദേഹവും അത്ഭുതപ്പെട്ടു. ആദ്യമായിട്ടായിരുന്നു അദ്ദേഹം ഈ മത്സരത്തില്‍ പങ്കെടുക്കുന്നത്. അന്ന് അദ്ദേഹത്തിന് ഒന്നാം സമ്മാനം ലഭിച്ചു. വേദികളോ അവസരങ്ങളോ ഇല്ലാതിരുന്ന ഒരു കാലഘട്ടത്തിലാണ് അദ്ദേഹം താനൊരു ചാട്ടക്കാരനാണെന്ന് തിരിച്ചറിയുന്നത്. അതും അവിചാരിതമായി പങ്കെടുത്ത ഒരു പരിപാടിയിലൂടെ.

ഒളിമ്പ്യന്‍ സുരേഷ്ബാബു

രണ്ട് വര്‍ഷത്തിന് ശേഷം അദ്ദേഹം കൊല്ലം ജില്ല ചാമ്പ്യനായി. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹം കേരളത്തെ പ്രതിനിധീകരിച്ച് ഹൈജമ്പ്, ലോങ്ജമ്പ് ഇനങ്ങളില്‍ പങ്കെടുത്തു. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹം ഹൈജംമ്പിലും ലോങ് ജമ്പിലും നാഷണല്‍ ചാമ്പ്യനായി. ഒരു വര്‍ഷംകൂടി കഴിഞ്ഞതോടെ അദ്ദേഹം ഇന്ത്യയെ പ്രതിനിധീകരിച്ച് ഒളിമ്പിക്‌സില്‍ പങ്കെടുത്തു. ഒളിമ്പ്യന്‍ സുരേഷ് ബാബുവിന്റെ കഥയാണിത്. ആ ഓണത്തിന് അദ്ദേഹം അതുവഴി സൈക്കിളില്‍ വന്നില്ലായിരുന്നെങ്കില്‍ രാജ്യത്തിന് ഒരു ഒളിമ്പ്യനെ ലഭിക്കില്ലായിരുന്നു. മുകേഷ് പറഞ്ഞു.

content highlights: Mukesh talks about Olympian Suresh Babu

We use cookies to give you the best possible experience. Learn more