| Friday, 21st June 2024, 5:06 pm

പണ്ട് മോഹന്‍ലാലിന് ഒപ്പമുള്ള ഷൂട്ടിങ്ങ് കഴിഞ്ഞ് ചെന്നാല്‍ മമ്മൂട്ടിയുടെ പരിശോധന ഉണ്ടാകുമായിരുന്നു: മുകേഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മാറി മാറി മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും സിനിമകളില്‍ അഭിനയിക്കുമ്പോള്‍ ഉണ്ടായിട്ടുള്ള അനുഭവങ്ങളെ കുറിച്ച് പറയുകയാണ് നടന്‍ മുകേഷ്. പണ്ട് സിനിമയില്‍ രണ്ട് ടീമുകള്‍ ഉണ്ടായിരുന്നെന്നും മോഹന്‍ലാല്‍ തിരുവനന്തപുരം ടീമും മമ്മൂട്ടി എറണാകുളം ടീമുമായിരുന്നു എന്നാണ് താരം പറയുന്നത്. മുകേഷ് സ്പീക്കിങ്ങ് എന്ന തന്റെ യൂട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആ സമയത്ത് മോഹന്‍ലാലിന്റെ സിനിമക്ക് ശേഷം മമ്മൂട്ടിയുടെ സിനിമയുടെ ലൊക്കേഷനിലേക്ക് പോകുമ്പോഴുള്ള അനുഭവവും മുകേഷ് പങ്കുവെച്ചു.

‘പണ്ട് എന്നെ പലരും വിളിച്ചിരുന്നത് കായംകുളം വാളെന്നായിരുന്നു. അന്ന് സത്യത്തില്‍ രണ്ട് ടീമുണ്ടായിരുന്നു. അതായത് മോഹന്‍ലാല്‍ തിരുവനന്തപുരം ടീമും മമ്മൂട്ടി എറണാകുളം ടീമുമായിരുന്നു. രണ്ടുപേരുടെ പടത്തിലും എല്ലാര്‍ക്കും ഒരുമിച്ച് അഭിനയിക്കാന്‍ പറ്റില്ല. മോഹന്‍ലാലിന്റെ കൂടെ അഭിനയിക്കുന്നവര്‍ അവിടെ നിന്ന് അഭിനയിക്കും. മമ്മൂട്ടിയുടെ കൂടെ അഭിനയിക്കുന്നവര്‍ അവിടെ നിന്ന് അഭിനയിക്കും. രണ്ടുപേരും അന്നൊക്കെ വളരെ തിരക്കിലാണ്. എന്നാല്‍ ഞാന്‍ രണ്ടുപേരുടെയും പടത്തില്‍ അഭിനയിക്കാറുണ്ട്. അതുകൊണ്ടാണ് എന്നെ കായംകുളം വാളെന്ന് വിളിച്ചിരുന്നത്. എനിക്ക് അങ്ങോട്ട് പോയാലും ഇങ്ങോട്ട് പോയാലും ഓക്കേയാണ്.

ഒരു മോഹന്‍ലാല്‍ ചിത്രം കഴിഞ്ഞ് ഉടനെ അടുത്തതായി മമ്മൂട്ടിയുടെ അടുത്തേക്കാകും. അവിടേക്ക് പോകുമ്പോള്‍ ഇനിയിപ്പോള്‍ കുറച്ച് ദിവസം മമ്മൂട്ടിയുടെ കൂടെയാകുമല്ലേയെന്നാണ് എല്ലാവരും പറയുക. മോഹന്‍ലാലിന്റെ കൂടെ അഭിനയിക്കാന്‍ നില്‍ക്കുമ്പോള്‍ അവിടെ ഒരുപാട് ഭക്ഷണമുണ്ടാകും. അദ്ദേഹം പല സ്ഥലങ്ങളില്‍ നിന്നും കഴിക്കാനുള്ള സാധനങ്ങള്‍ വാങ്ങി കൊണ്ടുവരുമായിരുന്നു. പല ടൈപ്പ് ബിരിയാണികളും ചിക്കന്‍ കറിയുമൊക്കെയാകും അത്. അങ്ങനെ ഏകദേശം പത്തിരുപത് ദിവസം കൊണ്ട് ഞാന്‍ ഒരു നാലഞ്ചു കിലോയൊക്കെ കൂടുമായിരുന്നു. പക്ഷെ മറ്റുള്ളവര്‍ക്ക് ഞാന്‍ അത്രയും ഭാരം കൂടിയത് മനസിലാകില്ല.

എന്നാല്‍ എനിക്ക് മനസിലാകുമായിരുന്നു. ചെറുതായി തടിച്ച് എന്റെ കവിളൊക്കെ ചാടിയിട്ടുണ്ടാകും. അങ്ങനെയുള്ള സാഹചര്യത്തിലാണ് ഞാന്‍ മോഹന്‍ലാലിന്റെ കൂടെയുള്ള സിനിമയുടെ ഷൂട്ടിങ് കഴിഞ്ഞ് മമ്മൂട്ടിയുടെ അടുത്തേക്ക് പോകുന്നത്. അവിടെ ചെന്നാല്‍ മമ്മൂട്ടിയുടെ പരിശോധനയാകും. ‘കൊണ്ട് കളഞ്ഞല്ലോടെ, അവന്റെ കൂടെ കൂടിയപ്പോഴേ ഇരുപത്തിയഞ്ചു ദിവസം കൊണ്ട് നിന്റെ ഫിഗര്‍ മാറ്റുമെന്ന് എനിക്ക് അറിയാമായിരുന്നു,’ എന്ന് മമ്മൂട്ടി പറയും. അത്ര മാറ്റമൊന്നും വന്നിട്ടില്ലെന്ന് പറഞ്ഞപ്പോള്‍ ‘നിനക്കെന്തറിയാം, എനിക്കറിയാലോ. നിന്റെ ഫിഗറ് മാറി. ഇതൊക്കെ ഫാറ്റാണ്. ആ മോഹന്‍ലാലിന് അതൊന്നും മനസിലാവില്ല,’ എന്നാണ് മമ്മൂട്ടി പറഞ്ഞത്,’ മുകേഷ് പറഞ്ഞു.


Content Highlight: Mukesh Talks About Mammootty

We use cookies to give you the best possible experience. Learn more