| Friday, 21st June 2024, 4:15 pm

ഞങ്ങളുടെ സീന്‍ കണ്ട് രണ്ട് നായകന്മാര്‍ ഇത്ര താളത്തോടെ അഭിനയിക്കുന്നത് കണ്ടിട്ടില്ലെന്നാണ് സംവിധായകന്‍ പറഞ്ഞത്: മുകേഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പ്രിയദര്‍ശന്‍ എഴുതി സംവിധാനം ചെയ്ത് 2001ല്‍ പുറത്തിറങ്ങിയ ചിത്രമാണ് കാക്കക്കുയില്‍. മോഹന്‍ലാലും മുകേഷും ഒന്നിച്ച ചിത്രമായിരുന്നു ഇത്. സിനിമയില്‍ മോഹന്‍ലാലിനൊപ്പം താന്‍ ഒരു സീന്‍ അഭിനയിച്ചതിന് ശേഷം രണ്ട് നടന്മാര്‍ ഇത്രയും ടൈമിങ്ങിലും താളത്തോടെയും തന്റെ ഒരു സിനിമയിലും ചെയ്തിട്ടില്ലെന്ന് പ്രിയദര്‍ശന്‍ പറഞ്ഞതിനെ കുറിച്ച് ഓര്‍ത്തെടുക്കുകയാണ് മുകേഷ്.

ബിഹൈന്‍വുഡ് ഐസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം. ടൈമിങ് കൊണ്ട് തന്നെ ഞെട്ടിച്ച നടന്‍ മോഹന്‍ലാല്‍ ആണെന്നും മുകേഷ് അഭിമുഖത്തില്‍ പറയുന്നു.

‘എന്നെ ടൈമിങ്ങിലൂടെ ഞെട്ടിച്ച നടന്‍ മോഹന്‍ലാല്‍ ആണ്. തുടക്കത്തിലൊക്കെ ഫൈറ്റ് ചെയ്യുന്നത് കാണുമ്പോള്‍ അദ്ദേഹവുമായി ഒരു ഫുള്‍ ലെങ്ങ്ത് ഫൈറ്റ് എനിക്കും കിട്ടിയിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചിട്ടുണ്ട്. എപ്പോഴെങ്കിലും അദ്ദേഹവുമായി ഒരു ഫൈറ്റ് സീന്‍ ചെയ്യണമെന്നുണ്ട്. കാരണം എനിക്ക് ഫൈറ്റില്‍ എത്രമാത്രം ടൈമിങ്ങുണ്ടെന്ന് അറിയാന്‍ ഒരുപാട് ആഗ്രഹമുണ്ട്. ഞങ്ങള്‍ ഒരുമിച്ച് അഭിനയിക്കുന്ന സിനിമകളിലൊന്നും തന്നെ ഞങ്ങള്‍ തമ്മില്‍ ഫൈറ്റ് ചെയ്യേണ്ട ആവശ്യം ഇതുവരെ വന്നിട്ടില്ല.

മിക്ക സിനിമകളിലും ഞങ്ങള്‍ കൂട്ടുക്കാരായാണ് അഭിനയിച്ചിട്ടുള്ളത്. അങ്ങനെയല്ലാതെ കുറച്ചെങ്കിലും വന്നത് കാക്കകുയില്‍ എന്ന സിനിമയില്‍ ആണ്. അതില്‍ പല സന്ദര്‍ഭങ്ങളിലും ഞാനും അദ്ദേഹവും പരസ്പരം ഫൈറ്റ് ചെയ്യുന്ന സീനുകളുണ്ട്. അതൊക്കെ വളരെ മനോഹരമാണെന്നാണ് പ്രിയന്‍ പറഞ്ഞത്. പ്രിയനൊക്കെ എത്രയോ വലിയ ഹീറോസിനെ വെച്ച് സിനിമകള്‍ ചെയ്തിട്ടുള്ള ആളാണ്.

‘പാടാം വനമാലി’ എന്ന പാട്ടില്‍ ഞങ്ങള്‍ രണ്ടുപേരും ഒരുമിച്ചുള്ള ഒരു സീന്‍ ഷൂട്ട് ചെയ്ത് കഴിഞ്ഞപ്പോള്‍ പ്രിയന്‍ പറഞ്ഞ ഒരു കാര്യം ഇപ്പോഴും എനിക്ക് ഓര്‍മയുണ്ട്. സീന്‍ ഷൂട്ട് ചെയ്ത് കഴിഞ്ഞ് പ്രിയന്‍ എന്റെയും മോഹന്‍ലാലിന്റെയും അടുത്തേക്ക് വന്നു. രണ്ട് ഹീറോസ് ഇത്രയും ടൈമിങ്ങിലും ഇത്രയും താളത്തോടെയും എന്റെ ഒരു സിനിമയിലും ചെയ്തിട്ടില്ല എന്നാണ് പ്രിയന്‍ പറഞ്ഞത്,’ മുകേഷ് പറഞ്ഞു.


Content Highlight: Mukesh Talks About Kakkakuyil Movie

We use cookies to give you the best possible experience. Learn more