| Sunday, 30th July 2023, 9:09 pm

'ചുണയുണ്ടെങ്കില്‍ വാടാ', അമ്മൂമ്മ വെട്ടുകത്തിയെടുത്തു, അന്ന് അമ്മ കളിച്ച നാടകമാണ് 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി'

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അമ്മയെ പറ്റിയുള്ള അനുഭവം പറയുന്ന മുകേഷിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. മഴവില്‍ മനോരമയിലെ കിടിലം എന്ന പരിപാടിയില്‍ വെച്ചാണ് നാടകം കളിക്കാന്‍ അമ്മയായ വിജയകുമാരി പോയപ്പോഴുണ്ടായ പ്രതിസന്ധികളെ പറ്റിയും അത് മറികടന്നതിനെ പറ്റിയും മുകേഷ് പറഞ്ഞത്.

‘1940കളില്‍ ഒരു പെണ്‍കുട്ടി, സിനിമ കാണുന്നതും സിനിമയില്‍ അഭിനയിക്കുന്നതും വലിയ തെറ്റാണ്. നാടകത്തെ പറ്റി ചിന്തിക്കണ്ട. അന്ന് നാല് കമ്മ്യൂണിസ്റ്റ് നേതാക്കന്മാര്‍ കൊല്ലത്തുള്ള കന്റോണ്‍മെന്റ് സ്‌കൂളില്‍ ചെല്ലുന്നു. അവിടെ ആറാം ക്ലാസില്‍ പഠിക്കുന്ന ഒരു കുട്ടിയുണ്ട്. ഞങ്ങള്‍ക്ക് കാണണമെന്ന് അവര്‍ പറയുന്നു. കണ്ടു, സംസാരിച്ചു, അവര്‍ ആ കുട്ടിയുടെ വീട്ടിലേക്ക് ചെന്നു. കുട്ടിയുടെ അമ്മ അവിടെ ഉണ്ട്. അവര്‍ തൊഴിലാളി സ്ത്രീയാണ്.

മകളെ കണ്ടു, ഞങ്ങള്‍ക്ക് ഇഷ്ടപ്പെട്ടു, സ്മാര്‍ട്ടാണ്, ഞങ്ങള്‍ക്ക് ഒരു നാടകത്തില്‍ അഭിനയിപ്പിക്കണം എന്ന് പറഞ്ഞു. പറ്റില്ലെന്ന് അവര്‍ പറഞ്ഞു. മകള്‍ക്കിഷ്ടമാണെങ്കിലോ എന്ന് അവര്‍ ചോദിച്ചു. മകളോട് ചോദിച്ചപ്പോള്‍ എനിക്ക് ഇഷ്ടമാണെന്ന് പറഞ്ഞു.

നിനക്ക് ഇഷ്ടമാണെങ്കില്‍ ഓക്കെ എന്ന് അവര്‍ പറഞ്ഞു. നാട്ടുകാര്‍ ഇളകി. നാടകം കാണാന്‍ പോലും സമ്മതിക്കില്ല, പിന്നല്ലേ അഭിനയിക്കുന്നത്. അങ്ങനെ ഒരുപാട് കോലാഹലത്തിന് ശേഷം നാടകത്തില്‍ അഭിനയിക്കാന്‍ വിടുന്നു.

നാടകവണ്ടിയില്‍ ഈ അമ്മയേയും കുട്ടിയേയും കയറ്റിക്കൊണ്ടുപോകുമ്പോള്‍ നാട്ടുകാര്‍ വടിയും തടിയുമൊക്കെയായി വന്നു. അപ്പോള്‍ ആ കുട്ടിയുടെ അമ്മ ഒരു വെട്ടുകത്തിയുമെടുത്തുകൊണ്ട് വന്നിട്ട് പറഞ്ഞു, ചുണയുള്ള ഒരുത്തനുണ്ടെങ്കില്‍ വാടാ, എന്റെ മകള്‍ക്ക് ഇഷ്ടമുണ്ടെങ്കില്‍ അവള്‍ അഭിനയിക്കും എന്ന് പറഞ്ഞു. എല്ലാവരും മാറിപ്പോയി.

തോപ്പില്‍ ഭാസി, കാമ്പിശേരി കരുണാകരന്‍, എന്റെ അച്ഛന്‍ ഒ. മാധവന്‍ എന്നിവരാണ് അന്ന് കാണാന്‍ വന്നവര്‍. ആ കുട്ടി എന്റെ അമ്മ വിജയകുമാരി, വെട്ടുകത്തിയെടുത്തുകൊണ്ട് വന്നത് സഖാവ് ഭാര്‍ഗവി, എന്റെ അമ്മൂമ്മ. ആ നാടകട്രൂപ്പിന്റെ പേര് കെ.പി.എ.സി. അന്ന് കൊണ്ടുപോയി കളിച്ച് നാടകം നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി,’ മുകേഷ് പറഞ്ഞു.

പരിപാടിയിലുണ്ടായിരുന്ന റിമി ടോമിയും നവ്യ നായരും മറ്റുള്ളവരും കയ്യടികളോടെയായിരുന്നു മുകേഷ് പറഞ്ഞ അനുഭവം കേട്ടത്.

Content Highlight: mukesh talks about his mother vijayakumari

We use cookies to give you the best possible experience. Learn more