| Saturday, 27th January 2024, 4:25 pm

'ഹരിഹര്‍ നഗറിന് നാലാം ഭാഗം വരാത്തതിന്റെ കാരണം ഇതാണ്.....' മുകേഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികളുടെ എക്കാലത്തെയും മികച്ച നടന്മാരില്‍ ഒരാളാണ് മുകേഷ്. 1990കളില്‍ കോമഡി ചിത്രങ്ങളിലൂടെ മലയാളികള്‍ക്കിടയില്‍ പ്രിയങ്കരനായി മാറിയ മുകേഷിന്റെ 300ാമത്തെ സിനിമയായ ഫിലിപ്പ്‌സ് കഴിഞ്ഞ മാസം റിലീസ് ചെയ്തിരുന്നു. അന്തരിച്ച നടന്‍ ഇന്നസെന്റും സിനിമയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. എം.എ. നിഷാദ് സംവിധാനം ചെയ്ത അയ്യര്‍ ഇന്‍ അറേബ്യയാണ് മുകേഷിന്റെ പുതിയ ചിത്രം.

സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ മുകേഷ് ഹരിഹര്‍ നഗര്‍ സീരീസിനെപ്പറ്റി സംസാരിച്ചു. ഹരിഹര്‍ നഗര്‍ സീരീസിന് ഒരു നാലാം ഭാഗം പ്രതീക്ഷിക്കാമോ എന്ന ചോദ്യത്തിന് താരത്തിന്റെ മറുപടി ഇപ്രകാരമായിരുന്നു.

‘മലയാളികള്‍ ഏറെ ഇഷ്ടപ്പെട്ട സിനിമയായിരുന്നു ഇന്‍ ഹരിഹര്‍ നഗര്‍. അതിന്റെ രണ്ടും മൂന്നും ഭാഗം ലാല്‍ ഒറ്റക്കാണ് ഡയറക്ട് ചെയ്തത്. പലരും ലാലിനോട് ചോദിക്കുന്നുണ്ട്, നാലാം ഭാഗം ഉണ്ടാകുമോ എന്ന്. പക്ഷേ അങ്ങനെയൊക്കെ വരുമ്പോ ബാക്കി മൂന്ന് ഭാഗത്തിന്റെയും മുകളില്‍ നില്‍ക്കണം. സാധാരണ ഒരു സിനിമ എടുത്താല്‍ അതിന്റെ കാര്യം മാത്രം നോക്കിയാല്‍ മതി. ഇത് ഓരോ സീന്‍ എഴുതുമ്പോഴും മുന്നേയുള്ള ഭാഗത്തിന്റെ മുകളില്‍ വരുമോ എന്ന് ചിന്തിക്കണം. കാരണം അങ്ങനെയാണ് ആളുകള്‍ പ്രതീക്ഷിക്കുന്നത്.

ഇപ്പോള്‍ സി.ബി.ഐ സീരീസ് അഞ്ച് ഭാഗം ഇറങ്ങി. അതിന്റെ സംഭവം എങ്ങനെയാണെന്ന് വെച്ചാല്‍ ഓരോന്നിലും ഓരോ കുറ്റാന്വേഷണമാണ്. വേറെ വേറെ കഥയിലേക്ക് പോയാല്‍ മതി. ഇതാണെങ്കില്‍ നാല് ചെറുപ്പക്കാരുടെ കഥയാണ്. കുറ്റാന്വേഷണവും ഇല്ല ഒന്നുമില്ല. ഇവരുടെ കഥയെന്താണോ അത് കാണിക്കുക. അതുകൊണ്ട് ഹരിഹര്‍ നഗര്‍ സീരീസ് ശെരിക്കും പ്രിപ്പെയര്‍ ചെയ്യേണ്ട കഥയാണ്,’ മുകേഷ് പറഞ്ഞു.

വെല്‍ത്ത് ഐ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വിഘ്‌നേഷ് വിജയകുമാറാണ് അയ്യര്‍ ഇന്‍ അറേബ്യ നിര്‍മിക്കുന്നത്. ഉര്‍വശി, ധ്യാന്‍ ശ്രീനിവാസന്‍, ഷൈന്‍ ടോം ചാക്കോ, ദുര്‍ഗാ കൃഷ്ണ, മണിയന്‍പിള്ള രാജു, സുധീര്‍ കരമന എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഫെബ്രുവരി ഒമ്പതിന് സിനിമ തിയേറ്ററുകളിലെത്തും.

Content Highlight: Mukesh talks about Harihar Nagar fourth part

We use cookies to give you the best possible experience. Learn more