മലയാളികളുടെ ഇഷ്ട നടനാണ് മുകേഷ്. മലയാള സിനിമ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ദിവസം തിയേറ്ററിൽ ഓടിയ ഗോഡ്ഫാദർ അടക്കമുള്ള നിരവധി സൂപ്പർ ഹിറ്റ് സിനിമകളുടെ ഭാഗമായിട്ടുള്ള താരമാണ് അദ്ദേഹം. ഒരുകാലത്ത് സിദ്ദിഖ് ലാൽ സിനിമകളുടെ ആദ്യ ചോയ്സ് മുകേഷ് ആയിരുന്നു.
ഇത്രയേറെ മികച്ച സിനിമകളുടെ ഭാഗമാണെങ്കിലും ഒരു സൂപ്പർസ്റ്റാർ എന്ന നിലയിലേക്ക് ഉയർന്നുവരാൻ മുകേഷ് എന്ന താരത്തിന് കഴിഞ്ഞിട്ടില്ലായിരുന്നു. മുകേഷ് തന്നെ അതിന്റെ കാരണം പറയുകയാണ് ഇപ്പോൾ.
എല്ലാവർക്കും ഒരു സൂപ്പർസ്റ്റാർ ആവാൻ കഴിയില്ലെന്നും അതെല്ലാം ഓരോരുത്തരുടെയും സ്വഭാവവും ചിന്തകളും അനുസരിച്ചിരിക്കുമെന്നാണ് മുകേഷ് പറയുന്നത്. താൻ അങ്ങനെയുള്ള ഒരാൾ അല്ലെന്നും അതിനെക്കുറിച്ച് സംവിധായകരായ സിദ്ദിഖ് ലാൽ വ്യക്തമായി പറഞ്ഞിട്ടുണ്ടെന്ന് സില്ലി മോങ്ക്സ് മോളിവുഡിനോട് മുകേഷ് പറഞ്ഞു.
‘ഓരോ വ്യക്തികളുടെ സ്വഭാവവും ടേസ്റ്റുമൊക്കെ അനുസരിച്ചിരിക്കുമത്. എല്ലാവർക്കും ഒരു സൂപ്പർസ്റ്റാർ ആവാൻ കഴിയില്ല. അതിനുവേണ്ടി കമ്മിറ്റ്മെന്റും മുഴുവൻ സമയവും അതിനെക്കുറിച്ചുള്ള ചിന്തകളും അതിനെക്കുറിച്ചുള്ള ടെൻഷനും എല്ലാം ഉണ്ടെങ്കിലേ സാധിക്കുകയുള്ളൂ. 24 മണിക്കൂറും അതിനായി ശ്രമിച്ചുകൊണ്ടിരിക്കണം. അങ്ങനെ ഒരാൾ അല്ല ഞാൻ.
അതിന്റെ ഏറ്റവും വലിയ ഉദാഹരണം സിദ്ദിഖ് ലാൽ തന്നെ പറഞ്ഞിട്ടുണ്ട്. അവരുടെ ഒന്നാമത്തെ സിനിമയായ റാംജി റാവ് സ്പീകിങ് ഗംഭീര സൂപ്പർ ഹിറ്റായി. രണ്ടാമത്തെ സിനിമയായിരുന്നു ഇൻ ഹരിഹർ നഗർ. ഈ രണ്ട് സിനിമകളിലും ഞാനും ഉണ്ടായിരുന്നു.
അവർ ഒരു വർഷത്തിൽ ഒരു സിനിമ മാത്രമാണ് ചെയ്യാറുണ്ടായിരുന്നത്. ഇൻ ഹരിഹർ നഗറിന്റെ പാക്കപ്പ് കഴിഞ്ഞപ്പോൾ സിദ്ദിഖ് ലാൽ പറഞ്ഞു, ഞങ്ങളെ അത്ഭുതപ്പെടുത്തിയ ഒരു കാര്യം ഞങ്ങളുടെ രണ്ടു പടത്തിലെയും ഹീറോ മുകേഷ് തന്നെയായിരുന്നു. ഞങ്ങളുടെത് ഒരു വിജയ ടീമാണ്. സിനിമ ഇത്രയും വലിയ ഹിറ്റ് ആവുന്നതിൽ പ്രധാന പങ്ക് വഹിച്ചതും മുകേഷ് ആണ്. പക്ഷേ ഞങ്ങളെ അത്ഭുതപ്പെടുത്തിയത് ഇതൊന്നുമല്ല.
മൂന്നാമത്തെ സിനിമ ഞങ്ങൾ എടുക്കാൻ പോകുകയാണ്, എന്താണ് നിങ്ങളുടെ കഥ, ഏതുസമയത്ത് വരും, എന്നെ ഉൾപ്പെടുത്താൻ സാധ്യതയുണ്ടോ, ഇതൊക്കെ ലോകത്തുള്ള എല്ലാവരും ചോദിക്കുന്ന ചോദ്യങ്ങളാണ്. പക്ഷേ ഇതിൽ ഒരു ചോദ്യം പോലും മുകേഷ് ചോദിച്ചിട്ടില്ല. പെട്ടിയെടുത്ത് പോയതേയുള്ളൂ.
അതൊരിക്കലും ഒരു ക്വാളിറ്റി അല്ല. അതാണ് ശരിക്കും എന്നെ അയോഗ്യനാക്കുന്നത്. ആ കാലഘട്ടത്തിൽ നമ്മുടെ ചിന്തയും വളർന്നു വന്ന രീതിയുമെല്ലാം അങ്ങനെയായിരുന്നു.
ഇപ്പോഴും അങ്ങനെയൊക്കെ തന്നെയാണ്. ആ ചിന്ത വെച്ചോണ്ടിരുന്നാൽ ഒരു നടനും ഉയർന്നുവരികയില്ല. പക്ഷേ അങ്ങനെ ആയിപ്പോയി. അതൊരു ടേസ്റ്റ് ആണ്,’മുകേഷ് പറയുന്നു.
Content Highlight: Mukesh Talk About Why Didn’t He Become A Superstar