റാംജിറാവു കണ്ട് അവർ ഒരിക്കൽ പോലും ചിരിച്ചില്ല, പേടി തോന്നി സിനിമയുടെ റിലീസ് മാറ്റിവെച്ചു: മുകേഷ്
Entertainment
റാംജിറാവു കണ്ട് അവർ ഒരിക്കൽ പോലും ചിരിച്ചില്ല, പേടി തോന്നി സിനിമയുടെ റിലീസ് മാറ്റിവെച്ചു: മുകേഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 6th August 2024, 2:02 pm

മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൊന്നാണ് റാംജിറാവു സ്പീക്കിംഗ്. സിദ്ദീഖ്-ലാല്‍ കൂട്ടുക്കെട്ടിന്റെ ആദ്യ സിനിമയായ റാംജിറാവു ഇന്നും മലയാളികളെ പൊട്ടിച്ചിരിപ്പിക്കുന്നുണ്ട്.

സായികുമാർ നായകനായി അരങ്ങേറിയ ചിത്രത്തിൽ മുകേഷ് ,ഇന്നസെന്റ്, വിജയരാഘവൻ തുടങ്ങിയവരായിരുന്നു മറ്റ് പ്രധാന കഥാപാത്രങ്ങൾ. ഇന്നും പ്രേക്ഷകർക്കിടയിൽ വലിയ റിപ്പീറ്റ് വാല്യൂ ഉള്ള ചിത്രത്തിന്റെ പ്രിവ്യൂ ഷോ കഴിഞ്ഞപ്പോൾ അണിയറപ്രവർത്തകർക്ക് നിരാശയായിരുന്നു ഫലമെന്ന് നടൻ മുകേഷ് പറയുന്നു.

അന്ന് ഷോ കണ്ട ആർക്കും പടം ഇഷ്ടമായില്ലെന്നും കുട്ടികൾ പോലും ചിരിച്ചില്ലെന്നും മുകേഷ് പറയുന്നു. സിനിമയിലുള്ള ആത്മവിശ്വാസം കുറഞ്ഞതോടെ തീരുമാനിച്ച ദിവസത്തിന് മുമ്പ് തന്നെ റാംജിറാവു സ്പീക്കിങ് റിലീസ് ചെയ്‌തെന്നും മുകേഷ് പറഞ്ഞു. എന്നാൽ പിന്നീട് സിനിമ ഗംഭീരമായി സ്വീകരിക്കപ്പെട്ടെന്നും മുകേഷ് കൂട്ടിച്ചേർത്തു. ജിഞ്ചർ മീഡിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘റാംജിറാവു സ്പീക്കിങ്ങിന്റെ പ്രിവ്യൂ ഷോ നടത്തിയിരുന്നു. അത് നടക്കുന്ന സമയത്ത് നിർമാതാവും സംവിധായകനുമെല്ലാം മറ്റുള്ളവരെ ശ്രദ്ധിക്കും. അവർ കാണുന്നവരുടെ മുഖത്തേക്ക് നോക്കും. അവരുടെ ഭാവങ്ങളൊക്കെ നോക്കും. എന്നാൽ പ്രിവ്യൂ ഷോ കഴിഞ്ഞപ്പോൾ വലിയ നിരാശയായിരുന്നു എല്ലാവരുടെ മുഖത്തും.

സിനിമ കാണാൻ കുറെ കുട്ടികൾ ഉണ്ടായിരുന്നു. പക്ഷെ അവർ ഒരിക്കൽ പോലും ചിരിച്ചില്ല. സത്യത്തിൽ അവർക്ക് ഒന്നും മനസിലായില്ല. അങ്ങനെയാണ് ഓണത്തിന് റിലീസ് ചെയ്യാതെ റാംജിറാവു രണ്ടാഴ്ച മുമ്പ് റിലീസ് ചെയ്തത്. സത്യത്തിൽ സിനിമയിലുള്ള ആത്മ വിശ്വാസം നഷ്ടപെട്ടിട്ടാണ് അങ്ങനെ ചെയ്തത്.

കാരണം അന്ന് സിനിമ കണ്ട പിള്ളേരും ചിരിച്ചില്ല ആരും ചിരിച്ചില്ല. ഇത് എന്തോന്ന് റാംജിറാവു എന്നൊക്കെ പറഞ്ഞിട്ടാണ് അവർ പടം കണ്ടിറങ്ങിയത്. എന്നാൽ പിൽക്കാലത്ത് അത് ഗംഭീര ചിത്രമായി മാറി,’മുകേഷ് പറയുന്നു.

Content Highlight: Mukesh Talk About Ramjiraou Speaking Movie Preview Show