മലയാളത്തിൽ ഏറെ ആരാധകരുള്ള കോമ്പോയാണ് മുകേഷ് – മോഹൻലാൽ. ഈ കൂട്ടുകെട്ട് ഒന്നിച്ച ബോയിങ് ബോയിങ്, വന്ദനം, കാക്ക കുയിൽ, അറബിയും ഒട്ടകവും പി. മാധവൻ നായരും തുടങ്ങിയ സിനിമകളെല്ലാം മലയാളികൾ ഇന്നും കണ്ട് നിർത്താതെ ചിരിക്കുന്ന ചിത്രങ്ങളാണ്.
കോമഡിയിലും ഡയലോഗ് ഡെലിവറിയിലുമുള്ള ഇരുവരുടെയും അസാധ്യമായ കഴിവാണ് മുകേഷ് – മോഹൻലാൽ കൂട്ടുകെട്ട് മലയാളികൾക്ക് പ്രിയപ്പെട്ടതാവാൻ കാരണം.
മോഹൻലാലുമൊത്ത് അഭിനയിക്കുമ്പോൾ അത് വലിയ രീതിയിൽ സ്വീകരിക്കപ്പെടുന്നതിന്റെ കാരണമെന്താണെന്ന് പറയുകയാണ് മുകേഷ്. ഒപ്പം അഭിനയിക്കുന്നവർ കൂടുതലായി പെർഫോം ചെയ്താലും അത് കാര്യമാക്കാത്ത നടനാണ് മോഹൻലാലെന്നും പല സന്ദർഭങ്ങളിലും ലാൽ തന്നെ സഹായിച്ചിട്ടുണ്ടെന്നും മുകേഷ് പറയുന്നു. ഈഗോ ഇല്ലാത്തത് തന്നെയാണ് പ്രധാന കാരണമെന്നും സില്ലി മോങ്ക്സ് മോളിവുഡിനോട് മുകേഷ് പറഞ്ഞു.
‘അങ്ങനെയുള്ള കഥാപാത്രങ്ങൾ എനിക്കും മോഹൻലാലിനും എപ്പോഴും കിട്ടുന്നത് കൊണ്ടാണത്. മോഹൻലാലിനെ സംബന്ധിച്ചിടത്തോളം സത്യസന്ധമായി പറയുകയാണെങ്കിൽ കൂടെ നിൽക്കുന്ന അഭിനേതാക്കൾ ഓവർ ഷാഡോ ചെയ്താൽ പോലും അതിനെ മൈൻഡ് ചെയ്യാത്ത ആളാണ് ലാൽ.
ഒരുപാട് ഹീറോസ് അങ്ങനെയാവുന്നുണ്ട്. തിരക്കഥ വായിക്കുമ്പോൾ ചിലത് ശരിയാവില്ല എന്ന് പറയുന്നവരുണ്ട്. തിരക്കഥയിൽ ഉള്ളതിനപ്പുറം എന്തു ചെയ്യാൻ പറ്റും എന്ന് ശ്രമിക്കുന്നവരുമുണ്ട്. ഇങ്ങനെ പലതരത്തിലുള്ള പ്രവർത്തകരുണ്ട്.
എന്നാൽ മോഹൻലാൽ എഴുതിവെച്ചിരിക്കുന്നത് ഏറ്റവും നന്നായി പറയുന്നു. വേറെ ഒരു കാര്യത്തെക്കുറിച്ചും മോഹൻലാൽ ചിന്തിക്കാറില്ല. അത് അത്രയും ആത്മവിശ്വാസം ഉള്ളതുകൊണ്ടാണ്. എങ്ങനെ പറഞ്ഞാലും നമുക്കത് പിടിക്കാമെന്ന ആത്മവിശ്വാസമാണത്. ഒരാളുടെ കയ്യിന്ന് പോയാൽ മൊത്തം പോവും എന്ന ചിന്തയില്ല.
പല സന്ദർഭങ്ങളിലും മോഹൻലാൽ എന്നെ സഹായിച്ചിട്ടുണ്ട്. ഞാനും പലതവണ ചില ഡയലോഗുകൾ ഇങ്ങനെ പറഞ്ഞാൽ നന്നായിരിക്കുമെന്ന് ലാലിനോട് പറഞ്ഞിട്ടുണ്ട്. അതൊക്കെ ലാലിനും ഓക്കെയാണ്.