മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലൂടെ മലയാളത്തിന് ലഭിച്ച നടനാണ് മോഹൻലാൽ.
ആദ്യ ചിത്രത്തിൽ വില്ലനായിട്ടാണ് കടന്നുവന്നതെങ്കിലും പിന്നീട് ഇന്ത്യ കണ്ട മികച്ച നടന്മാരിൽ ഒരാളായി അദ്ദേഹം വളർന്നു.
ആദ്യ ചിത്രമായ മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ ഓഡിഷൻ വഴിയാണ് മോഹൻലാൽ തെരഞ്ഞെടുക്കപ്പെട്ടത്. മോഹൻലാലിനെ തെരഞ്ഞെടുത്തതിനെ കുറിച്ച് പറയുകയാണ് നടൻ മുകേഷ്.
അന്ന് മോഹൻലാലിന്റെ ഓഡിഷനിൽ ഉണ്ടായിരുന്ന രണ്ട് സംവിധായകർ, ഈ മുഖം വെച്ച് മോഹൻലാലിന് അഭിനയിക്കാൻ കഴിയില്ല എന്ന് പറഞ്ഞിരുന്നുവെന്ന് മുകേഷ് പറയുന്നു. എന്നാൽ സംവിധായകൻ ഫാസിലും ജിജോയും നല്ല മാർക്ക് നൽകിയെന്നും അങ്ങനെയാണ് മോഹൻലാൽ സിനിമയിൽ എത്തുന്നതെന്നും മുകേഷ് പറയുന്നു. ഫ്ലവേർസ് ചാനലിലെ ടോപ്പ് സിങ്ങർ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘അന്നവർ മോഹൻലാലിനെ ഓഡിഷന് വിളിച്ചു. രണ്ട് സംവിധായകർ അദ്ദേഹത്തിന് നൂറിൽ അഞ്ചും, ആറും മാർക്ക് ആണിട്ടത്. ഈ മുഖം വെച്ച് ഒരിക്കലും അഭിനയിക്കാൻ കഴിയില്ലെന്ന് അന്നവർ പറഞ്ഞു.
എന്നാൽ ഫാസിൽ സാറും ജിജോ സാറും തൊണ്ണൂറ്റിയാറും തൊണ്ണൂറ്റിയേഴും മാർക്ക് ഇട്ടിരുന്നു. അങ്ങനെയാണ് മോഹൻലാൽ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിൽ വില്ലനായി അഭിനയിക്കുന്നത്.
അന്ന് വെറും രണ്ടായിരം രൂപയായിരുന്നു അദ്ദേഹത്തിന് കിട്ടിയ പ്രതിഫലം. എന്നാൽ ആ പൈസ ഒരു അനാഥാലയത്തിന് കൊടുത്താണ് അദ്ദേഹം പോയത്,’മുകേഷ് പറയുന്നു.
Content Highlight: Mukesh Talk About Mohanlal