മലയാള സിനിമ പ്രേക്ഷകർക്കിടയിൽ ഏറെ ആരാധകരുള്ള നടനാണ് മുകേഷ്. കാലങ്ങളായി സിനിമയിൽ നിറഞ്ഞുനിൽക്കുന്ന മുകേഷ് നായകനായ ഒരുപാട് ചിത്രങ്ങൾ തിയേറ്ററിൽ വലിയ വിജയമായിട്ടുണ്ട്.
കഴിഞ്ഞദിവസം ഇറങ്ങിയ ഫിലിപ്പ്സ് എന്ന ചിത്രത്തിലൂടെ തന്റെ കരിയറിലെ മുന്നൂറാമത്തെ ചിത്രവും അദ്ദേഹം പൂർത്തിയാക്കി.
പൊതുവേദികളിലും ഒരുപാട് സജീവമായിട്ടുള്ള മുകേഷിന്റെ സംസാരരീതിയും വലിയ രീതിയിൽ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടാറുണ്ട്.
ഈയിടെ തിയേറ്ററിൽ സൂപ്പർ ഹിറ്റായ മമ്മൂട്ടി ചിത്രം കണ്ണൂർ സ്‌ക്വാഡിൽ മമ്മൂട്ടിയുടെ ജോർജ് മാർട്ടിൻ എന്ന കഥാപാത്രം ഒരാളോട് ‘ വെളച്ചിൽ എടുക്കരുത് കേട്ടോ’ എന്ന് പറയുന്ന രംഗമുണ്ട്. മുകേഷിൽ നിന്നും മലയാളികൾ പലവട്ടം കേട്ടിട്ടുള്ള വാചകമാണത്. അതിനെ കുറിച്ച് പറയുകയാണ് മുകേഷ്.
മമ്മൂട്ടി അങ്ങനെ പറഞ്ഞിട്ടുണ്ടെന്ന് അറിഞ്ഞപ്പോൾ താൻ അഭിനയിച്ച മാന്നാർ മത്തായി സ്പീക്കിങ്ങിലെ ജനാർദ്ധനൻ ചേട്ടന്റെ ഒരു സീനാണ് തനിക്ക് ഓർമ വന്നതെന്ന് പറയുകയാണ് മുകേഷ്.
മമ്മൂട്ടിയും മോഹൻലാലും താനെന്തു പറയുന്നു എന്ന് നോക്കിയിരിക്കുകയാണ് സിനിമയിലേക്ക് എടുക്കാനെന്നും തമാശ രൂപേണെ മുകേഷ് സില്ലി മോങ്ക്സ് മോളിവുഡിനോട് പറഞ്ഞു.
‘മമ്മൂട്ടി കണ്ണൂർ സ്‌ക്വാഡിൽ അങ്ങനെ പറഞ്ഞപ്പോൾ എനിക്ക് ഓർമ വന്നത് ഞാൻ അഭിനയിച്ച മന്നാർ മത്തായി സ്പീകിങ്ങിലെ ജനാർദ്ധനൻ ചേട്ടന്റെ ഡയലോഗ് ആണ്. ഈ പത്രക്കാരെ കൊണ്ട് ഞാൻ തോറ്റു, ഞാൻ എന്ത് പറയുന്നു എന്ന് നോക്കി ഇരിക്കുകയാണ് പത്രത്തിൽ കൊടുക്കാൻ.
അതേപോലെ ഈ മമ്മൂട്ടിയേയും മോഹൻലാലിനെയും കൊണ്ട് ഞാൻ തോറ്റു ഞാൻ എന്തെങ്കിലും പറയുന്നതിനായി കാത്തിരിക്കാണ് ഉടനെ എടുത്ത് സിനിമയിൽ ഇടാൻ വേണ്ടി(ചിരി),’മുകേഷ് പറയുന്നു.
മുകേഷ് പ്രധാന വേഷത്തിൽ എത്തിയ ഫിലിപ്പ്സ് എന്ന ചിത്രം കഴിഞ്ഞദിവസമാണ് തിയേറ്ററിൽ എത്തിയത്. മുകേഷിന്റെ കരിയറിലെ മുന്നൂറാമത് ചിത്രം ആയിരുന്നു ഫിലിപ്പ്സ്.