| Tuesday, 6th August 2024, 4:05 pm

നാലുപേരുടെ കഥ എല്ലാവർക്കും മടുത്തപ്പോഴാണ് ആ ചിത്രം വരുന്നത്: മുകേഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മുകേഷ്, ജഗദീഷ്, സിദ്ദിഖ്, അശോകന്‍ എന്നിവരെ നായകന്മാരാക്കി സിദ്ദിഖ് ലാൽ കൂട്ടുക്കെട്ടില്‍ പുറത്തിറങ്ങിയ കോമഡി ചിത്രമാണ് ഇന്‍ ഹരിഹര്‍ നഗര്‍. 1990ല്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ നാലാമത്തെ മലയാള ചിത്രമായിരുന്നു ഇത്.

ഇന്നും വലിയ റിപ്പീറ്റ് വാല്യൂ ഉള്ള ചിത്രമാണ് ഇൻ ഹരിഹർ നഗർ. എന്നാൽ സിനിമ ഇറങ്ങിയ സമയത്ത് തൊഴിൽ രഹിതരായ യുവാക്കളുടെ കഥ തന്നെയായിരുന്നു സ്ഥിരമായി വന്നുകൊണ്ടിരുന്നതെന്നും ആളുകൾ അത് ശ്രദ്ധിച്ചിരുന്നുവെന്നും മുകേഷ് പറയുന്നു. നാല് പേർ നായകന്മാരാവുന്ന കഥ കേൾക്കേണ്ടെന്ന് തീരുമാനിച്ചപ്പോൾ മൂന്ന് പേരുടെ കഥയുമായി വന്നവർ ഉണ്ടെന്നും മുകേഷ് പറഞ്ഞു. സൈന സൗത്ത് പ്ലസിനോട് സംസാരിക്കുകയായിരുന്നു മുകേഷ്.

‘ഒരു അഭിനേതാവിനെ സംബന്ധിച്ച് റിപ്പീറ്റേഷൻ വരാതിരിക്കാൻ ശ്രദ്ധിക്കണം. എന്റെ സിനിമകൾ എടുത്തുകഴിഞ്ഞാൽ അന്നത്തെ കാലത്ത് എത്രയോ പടങ്ങളിൽ തൊഴിലില്ലാത്ത ചെറുപ്പക്കാരുടെ വേഷം ചെയ്തിട്ടുണ്ട്.

പക്ഷെ എനിക്ക് നല്ല വ്യക്തമായ ബോധമുണ്ട്, കഴിഞ്ഞ തവണ ചെയ്ത ചെറുപ്പക്കാരനെ പോലെയാവരുത് അടുത്തതെന്ന്. എന്താണ് അതിൽ പുതുമ കൊണ്ടുവരാൻ പറ്റുകയെന്നാണ് ശ്രദ്ധിക്കുക. അത് ജീവിതമാർഗം ആയിരുന്നു. എനിക്ക് വേണ്ട, വേറേ നല്ലത് വരട്ടെയെന്ന് പറഞ്ഞിരുന്നിട്ട് ഒന്നും വന്നില്ലെങ്കില്ലോ.

ആളുകൾ അത് ശ്രദ്ധിക്കാൻ തുടങ്ങി. തൊഴിലില്ലാത്ത ചെറുപ്പക്കാരുടെ കഥ ഇനി കേൾക്കുന്നില്ല എന്ന് തീരുമാനിച്ചപ്പോഴാണ് ഇൻ ഹരിഹർ നഗർ വരുന്നത്. എല്ലാത്തിലും നായകന്മാർ നാല് പേര്, നാല് പേര്. പക്ഷെ ആളുകൾ പിന്നെ അത് ശ്രദ്ധിച്ചു തുടങ്ങി.

പിന്നെ ഏത്‌ സിനിമ വരാൻ തുടങ്ങിയപ്പോഴും ആളുകൾ പറയാൻ തുടങ്ങി, ഇതെന്തോന്ന് എല്ലാത്തിലും നാല് പേര് എന്ന്. എല്ലാത്തിലും ജഗദീഷ്, സിദ്ദിഖ്, അശോകൻ ഇല്ലെങ്കിൽ സൈനുദീൻ അല്ലെങ്കിൽ വേറൊരാൾ അങ്ങനെയായിരുന്നു. അതോടെ എല്ലാവരും തീരുമാനിച്ചു, ഇനി നാല് പേരുള്ള കഥ എടുക്കുന്നില്ലായെന്ന്.

പിന്നെ കഥ പറയാൻ വന്നവർ പറഞ്ഞു, നാല് പേരില്ല ചേട്ടാ ഞങ്ങൾക്ക് മനസിലായി നിങ്ങൾക്കത് ബോറടിക്കുന്നുണ്ടെന്ന്. അപ്പോൾ ഞാൻ ചോദിച്ചു, പിന്നെ എന്താണ് കഥയെന്ന്. ഉടനെ അവർ, ഇത് മൂന്ന് പേരുടെ കഥയാണെന്ന് പറഞ്ഞു. ഒരാളെ വെട്ടി കുറച്ച് കഥ പറയാൻ വന്നവരുണ്ട്,’മുകേഷ് പറയുന്നു.

Content Highlight: Mukesh Talk About In Harihar Nagar Movie

We use cookies to give you the best possible experience. Learn more