മലയാളി പ്രേക്ഷകരെ ഏറെ രസിപ്പിച്ചിട്ടുള്ള നടനാണ് മുകേഷ്. ഇന്നും ഓർത്ത് ചിരിക്കാവുന്ന ഒരുപാട് മുകേഷ് കഥാപാത്രങ്ങളുണ്ട്. സിനിമയിലെ കഥാപാത്രങ്ങളെപ്പോലെ തന്നെ റിയൽ ലൈഫിലും അദ്ദേഹം വളരെ ആക്ടിവായി നിൽക്കാറുണ്ട്. കാലങ്ങളായി നിറഞ്ഞ് നിൽക്കുന്ന അദ്ദേഹം പൊതുവേദികളിലും സജീവമാണ്.
യൂട്യൂബിൽ മുകേഷ് സ്പീക്കിങ് എന്ന പേരിൽ താരം അവതരിപ്പിക്കുന്ന ഒരു പരിപാടിയുണ്ട്. തന്റെ ജീവിതത്തിലെ തമാശകളും സന്തോഷങ്ങളുമെല്ലാം പ്രേക്ഷകർക്കായി പങ്കുവെക്കുന്ന ആ പരിപാടി കണ്ട് തന്നെ വിളിച്ച ഒരാളെ കുറിച്ച് പറയുകയാണ് മുകേഷ്.
ഡിപ്രഷനിൽ ഉള്ള ഒരാൾ വിളിച്ച് നിങ്ങളുടെ പരിപാടി കാണുമ്പോൾ ഒരുപാട് സമാധാനം ഉണ്ടെന്ന് പറയുമ്പോൾ
നമ്മളറിയാതെ കിട്ടുന്ന അനുഗ്രഹവും അഭിനന്ദവുമാണ് അതെല്ലാം എന്നാണ് മുകേഷ് പറയുന്നത്. മൂവി വേൾഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ എല്ലാ വ്യാഴാഴ്ചയും മുകേഷ് സ്പീക്കിങ് എന്ന ഒരു പരിപാടി ഞാൻ അവതരിപ്പിക്കുന്നുണ്ട്. അരമണിക്കൂർ ഉള്ള പരിപാടി യൂട്യൂബിലാണ് ചെയ്യാറുള്ളത്. പണ്ടത്തെ കാര്യങ്ങളൊക്കെ ചിലപ്പോൾ മറന്ന് പോവില്ലേ.
അപ്പോൾ ചുമ്മാ ഒരു ഡോക്യുമെന്റേഷൻ എന്ന നിലയിൽ പണ്ട് നടന്നിട്ടുള്ള തമാശകളും സംഭവങ്ങളും കൗതുകങ്ങളുമെല്ലാം ഇങ്ങനെ സംസാരിക്കുന്നതാണ് ആ പരിപാടി.
പക്ഷെ അതിന്റെ ഒരു ഇമ്പാക്ട് ആളുകൾ വിളിച്ചപ്പോഴാണ് ഞാൻ മനസ്സിലാക്കുന്നത്. ഒരാൾ വിളിച്ചിട്ട് പറഞ്ഞത്, ഞാൻ ഡിപ്രഷന്റെ അങ്ങേ അറ്റത്തുള്ള ആളാണ്, അതിന്റെ മരുന്ന് കുടിച്ചു കൊണ്ടിരിക്കുകയാണ്.
നിങ്ങളുടെ പരിപാടി കാണുമ്പോൾ എനിക്ക് നല്ല സമാധാനം തോന്നും. നിങ്ങളുടെ തമാശകളും സന്തോഷങ്ങളുമൊക്കെ കേൾക്കുമ്പോൾ എനിക്ക് കൊതിയാവുകയാണ്, എന്നായിരുന്നു. അതെല്ലാം നമ്മൾ അറിയാതെ കിട്ടുന്ന അനുഗ്രഹവും അഭിനന്ദനവുമാണ്,’മുകേഷ് പറയുന്നു.
മുകേഷ് പ്രധാന വേഷത്തിൽ എത്തിയ ഫിലിപ്പ്സ് എന്ന ചിത്രം കഴിഞ്ഞദിവസം തിയേറ്ററിൽ എത്തിയിരുന്നു. മുകേഷിന്റെ കരിയറിലെ മുന്നൂറാമത് ചിത്രം ആയിരുന്നു ഫിലിപ്പ്സ്.