| Thursday, 7th December 2023, 1:39 pm

'എന്ത് ഗാർഹിക പീഡനമോ?' എന്ന് ദേവിക മാധ്യമ പ്രവർത്തകരോട് തിരിച്ച് ചോദിച്ചു; വിവാഹ മോചനത്തെ കുറിച്ച് മുകേഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തന്റെ കുടുംബജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് നടനും എം.എൽ.എയുമായ മുകേഷ്.
നമ്മുടെ എത്ര അടുത്ത സുഹൃത്താണെങ്കിലും ഭാര്യയാണെങ്കിലും സ്വന്തമായി തീരുമാനമെടുക്കാനുള്ള അവകാശം ഒരാൾക്ക് കൊടുക്കണമെന്നാണ് മുകേഷ് പറയുന്നത്. ജീവിതത്തിൽ ഒപ്പമുണ്ടായിരുന്ന രണ്ട് സ്ത്രീകളോടും യാതൊരു വിധത്തിലുള്ള ദേഷ്യമില്ലെന്നും അവരെ അഭിനന്ദിക്കുകയാണ് ചെയുന്നതൊന്നും മുകേഷ് മനോരമ ന്യൂസിനോട്‌ പറഞ്ഞു.

ജീവിതത്തിൽ ഏറെ പ്രാധാന്യമുണ്ടെന്ന് കരുതുന്ന സരിത, മേതിൽ ദേവിക എന്നീ രണ്ട് സ്ത്രീകളെയും ഇപ്പോൾ എങ്ങനെ വിലയിരുത്തുന്നു എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുകേഷ്.

‘കുടുംബകോടതിയുടെ മുന്നിൽ ചെന്ന് കഴിഞ്ഞാൽ അവിടെയുള്ള ഭൂരിഭാഗം ഭാര്യ ഭർത്താക്കന്മാരും തമ്മിൽ തമ്മിൽ ചീത്ത വിളിച്ചു കൊണ്ടിരിക്കുകയായിരിക്കും. അത് സ്വാഭാവികമാണ്. എന്നെ എത്രയോ വട്ടം അത്തരത്തിൽ ഒരു വാക്ക് പറയാൻ വേണ്ടി സമ്മർദ്ദത്തിൽ ആക്കിയിട്ടുണ്ട്. പക്ഷേ അവരെ രണ്ടുപേരെയും ഞാൻ അഭിനന്ദിക്കുകയാണ്. കാരണം അങ്ങനെയൊരു തീരുമാനമെടുത്തതിൽ സന്തോഷമുണ്ടെങ്കിൽ അതുമായി മുന്നോട്ടുതന്നെ പോകണം. അല്ലാതെ അതിൽ കടിച്ചു തൂങ്ങി നിന്നിട്ട് കാര്യമില്ല.

അങ്ങനെ ഒരു തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം നമ്മുടെ എത്ര അടുത്ത സുഹൃത്താണെങ്കിലും ഭാര്യയാണെങ്കിലും മക്കൾ ആണെങ്കിലുമൊക്കെ കൊടുത്തില്ലെങ്കിൽ അവരുടെയും എന്റെയും ജീവിതം എന്താവും. അതുകൊണ്ട് തന്നെ ആ കാര്യത്തിൽ എനിക്ക് അവരോട് ഒരു ദേഷ്യവുവില്ല. ഞാൻ എന്നെങ്കിലും അഭിമുഖത്തിൽ അവരെക്കുറിച്ച് സംസാരിച്ചിട്ടുണ്ടെങ്കിൽ അഭിനന്ദിച്ചുകൊണ്ട് മാത്രമേ പറഞ്ഞിട്ടുള്ളു.

എന്റെ മക്കളോടാണെങ്കിലും ഞാൻ പറഞ്ഞിട്ടുള്ളത് ഒരു കാരണവശാലും നിങ്ങളുടെ അമ്മയെ വേദനിപ്പിക്കരുതേ എന്നാണ്. ദേവികയെ പറ്റിയും ഞാൻ ഒന്നും പറഞ്ഞിട്ടില്ല. എനിക്ക് വളരെ സന്തോഷമാണ്. പറയാതിരിക്കാൻ വയ്യ, കേരളത്തിലെ പ്രധാനപ്പെട്ട എല്ലാ പത്രമാധ്യമങ്ങളും അഭിമുഖത്തിനായി ദേവികയുടെ വീട്ടിൽ ചെന്നിരുന്നു. അവിടെ മുഴുവൻ പത്രക്കാരാണ്.

ടി.വിയിൽ കാണാം, സിനിമ നടനാണ് സി.പി.എമ്മിന്റെ എം.എൽ.എയാണ് എന്നൊക്കെ. ഒരുത്തൻ ഫിനിഷ് ആകുന്നതിന്റെ ഒരു സന്തോഷമാണത്. ആ ദേഷ്യത്തിൽ എന്തെങ്കിലും പറഞ്ഞു കഴിഞ്ഞാൽ നമ്മുടെ നാട്ടിലെ നിയമം അനുസരിച്ച് വേറെ വകുപ്പില്ല. പിന്നെ വഴക്കും ഗാർഹികപീഡനവും മറ്റേതുമൊക്കെയെ ഉള്ളൂ.

അവിടെ ഉഷാറായി നിൽക്കുന്ന എല്ലാവരുടെയും മുഖഭാവമാണ് ഞാൻ നോക്കിയത്. ചരിത്രത്തിലെ ഒരു വലിയ ദിവസമാണിന്ന് എന്ന രീതിയിലാണ് എല്ലാവരുടെയും നിൽപ്. അത് സ്വാഭാവികമാണ്. മനുഷ്യന്റെ ഓരോ അവസ്ഥകളാണ്.

ഒടുവിൽ ചോദ്യം ചോദിക്കുന്നു. അദ്ദേഹം ചെയ്ത തെറ്റ് എന്താണ്, എങ്ങനെയായിരുന്നു ഗാർഹിക പീഡനം? ഇങ്ങനെയായിരുന്നു ചോദ്യം. ദേവിക മറുപടി പറഞ്ഞത്, ഗാർഹിക പീഡനമോ? എന്റെ കേസിൽ അങ്ങനെ ഇല്ലല്ലോ? വളരെ വ്യക്തിത്വമുളൊരു മനുഷ്യനാണ്. ഞങ്ങൾ രണ്ടുപേരും കൂടെ ആലോചിച്ച് എടുത്ത ഒരു തീരുമാനം എന്നായിരുന്നു.

‘ഹോ മെനക്കെടുത്തി, വെറുതെ വന്നും പോയി എന്നൊക്ക പറഞ്ഞ് ഇവർ കൊഴിഞ്ഞുപോകുന്നത് ഞാൻ കണ്ടു. എന്റെ അഭിപ്രായത്തിൽ കേരള ചരിത്രത്തിലെ ഒരു കരിദിനമായി ആ ദിവസം ആചരിക്കണം എന്നാണ്. കാരണം പ്രതീക്ഷ തകർന്ന ദിവസമാണത്. മനുഷ്യ സ്വഭാവമാണ്. എനിക്കെതിരെയല്ലേ എല്ലാവരും നിൽക്കുന്നത്. മറ്റുള്ളവർ എൻജോയ് ചെയ്യുകയല്ലേ. അത്തരം സംഘർഷം വരുന്ന സമയങ്ങളിലായിരുന്നു ഞാൻ എന്റെ ഏറ്റവും നല്ല പെർഫോമൻസ് എല്ലാം പുറത്തെടുക്കുന്നത്. അതെന്റെ ഒരു തലയിലെഴുത്താണ്, എന്റെ ഒരു അനുഗ്രഹമാണ്,’മുകേഷ് പറയുന്നു.

Content Highlight: Mukesh Talk About His Family Life And Divorce

We use cookies to give you the best possible experience. Learn more